അദാനി കമ്പനികളെ വിറപ്പിച്ച ഹിന്‍ഡെന്‍ബര്‍ഗ് അടച്ചുപൂട്ടുന്നു, ട്രംപ് എഫക്ട്? അദാനി ഓഹരികള്‍ പറന്നു

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അടച്ചു പൂട്ടലെന്നതാണ് ശ്രദ്ധേയം;

Update:2025-01-16 12:08 IST

നെയ്റ്റ്‌ ആന്‍ഡേഴ്‌സണ്‍

ഓഹരി കൃത്രിമം അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് അദാനി ഗ്രൂപ്പിനെ വിറപ്പിച്ച യു.എസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അടച്ചു പൂട്ടുന്നു. സ്ഥാപകന്‍ നെയ്റ്റ്‌ ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന്റെ വെബ്‌സൈറ്റ് വഴി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഒമ്പത് ശതമാനം വരെ ഉയര്‍ന്നു. അദാനി പവര്‍ ഓഹരികളാണ് കൂടുതല്‍ മുന്നേറ്റം കാഴ്ചവച്ചത്. അദാനി ഗ്രീന്‍ എനര്‍ജി 8.8 ശതമാനവും അദാനി എന്റര്‍പ്രൈസസ് 7.7 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 7 ശതമാനവും മുന്നേറി. അദാനി എനര്‍ജി സൊല്യൂഷന്‍സ് 6.6 ശതമാനവും അദാനി പോര്‍ട്‌സ് 5.5 ശതമാനവും ഉയര്‍ച്ചയിലാണ്.
അംബുജ സിമന്റ് 4.5 ശതമാനവും അദാനി വില്‍മര്‍ 0.5 ശതമാനവും ഉയര്‍ച്ചയിലാണ്.
അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ നഷ്ടത്തിന് വഴിവച്ചിരുന്നു. 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പ് സാമ്പത്തിക തിരിമറികള്‍ നടത്തുന്നുവെന്നും ഓഹരിവിലയില്‍ കൃത്രിമത്വം കാണിക്കുന്നുവെന്നുമടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വിടുന്നത്.

അദാനിക്ക് പിന്നാലെ നിരന്തരം 

അദാനി കമ്പനികള്‍ ഈ ആരോപണങ്ങള്‍ പാടെ നിരസിച്ചെങ്കിലും ഇത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 15,000 കോടി ഡോളറിന്റെ (ഏകദേശം 1.20 ലക്ഷം കോടി രൂപ) നഷ്ടമുണ്ടാക്കി. ഒരു വര്‍ഷത്തോളമെടുത്താണ് ഈ നഷ്ടത്തില്‍ നിന്ന് ഗ്രൂപ്പ് കരകയറിയത്. ഗൗതം അദാനിയുടെ വ്യക്തിഗത സമ്പത്തില്‍ 100 ബില്യണിലധികം ഡോളറിന്റെ നഷ്ടമുണ്ടായി.2017ലാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ തുടക്കം. കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി എന്ന മുഖവുരയോടെയാണ് അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

അതുണ്ടാക്കിയ കോളിളക്കം അടങ്ങും മുമ്പു തന്നെ 2024 ഓഗസ്റ്റ് 10ന് സെബിയുടെ ചെയര്‍മാന്‍ മാധിപുരി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. അദാനി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളില്‍ മാധബി പുരി ബുച്ചും ഭര്‍ത്താവ് ധവാല്‍ ബുച്ചും നിക്ഷേപം നടത്തിയെന്നും അദാനി കേസ് അന്വേഷണത്തില്‍ മാധബിയുടെ ഇടപെടലുകള്‍ ഉണ്ടെന്നുമായിരുന്നു ആരോപണം. ആ ആരോപണങ്ങള്‍ പ്രതിരോധിച്ച് മാധബിയും രംഗത്ത് വന്നിരുന്നു.

പിന്നീട് 2024 സെപ്റ്റംബറില്‍ അദാനി ഗ്രൂപ്പിന്റെ വിവിധ അക്കൗണ്ടുകളിലെ 310 മില്യണ്‍ ഡോളർ നിക്ഷേപം സ്വിസ് സർക്കാർ മരവിപ്പിച്ചതായും  ആരോപിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലും വലിയ കോളിളക്കം സൃഷ്ടിക്കാന്‍ ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടുകള്‍ വഴിയൊരുക്കി. മോദി സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണവുമായി രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.

മറ്റ് കാര്യങ്ങള്‍ക്ക് സമയമില്ല, പിന്‍മാറ്റത്തിനു പിന്നില്‍

നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നും പുറത്തു നിന്നുള്ള  ഭീഷണിയോ ആരോഗ്യപ്രശ്‌നങ്ങളോ വ്യക്തിപരമായ പ്രശ്‌നങ്ങളോ അല്ല പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു പിന്നിലെന്നും ആന്‍ഡേഴ്‌സണ്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.  ഹിന്‍ഡന്‍ബര്‍ഗിനു പിന്നാലെയായിരുന്നതിനാല്‍ ജീവിതത്തില്‍ മറ്റു പല കാര്യങ്ങള്‍ക്കും സമയം കണ്ടെത്താനായില്ലെന്നും സ്വയം തെളിയിക്കാന്‍ ഉദ്ദേശിച്ച് തുടങ്ങിയത് പിന്നീട് ജീവിതത്തിന്റെ ഭാഗമായെന്നും ആന്‍ഡേഴ്‌സണ്‍ പറയുന്നു.

അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനിയുടെ അന്വേഷണ രീതികള്‍ വീഡിയോകളിലൂടെ പരസ്യമാക്കുമെന്നും മറ്റുള്ളവരെ സമാനമായ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഇത് പ്രചോദിപ്പിക്കുമെന്ന പ്രതീക്ഷയും ആന്‍ഡേഴ്‌സണ്‍ പങ്കുവയ്ക്കുന്നു.

അദാനി ഗ്രൂപ്പിനെ കൂടാതെ നികോള, ഇറോസ് ഇന്റര്‍നാഷണല്‍ തുടങ്ങിയ ഭീമന്മാരെയും ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടുകളിലൂടെ ഉലച്ചിരുന്നു.

ട്രംപിന്റെ വരവ്‌

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പിരിച്ചുവിടാനുള്ള നഥാന്‍ ആന്‍ഡേഴ്‌സന്റെ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിക്കും മറ്റ് ഏഴ് എക്‌സിക്യൂട്ടീവുകള്‍ക്കുമെതിരെ വഞ്ചന, കൈക്കൂലി ആരോപണങ്ങള്‍ ഉന്നയിച്ച ന്യൂയോര്‍ക്ക് ബ്രിയോണ്‍ പീസ് ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോര്‍ണി രാജിയും പ്രഖ്യാപിച്ചിരുന്നു. 

അമേരിക്കയില്‍ 10 ബില്യണ്‍ യു.എസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ നവംബറില്‍ ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനിടെ അമേരിക്കന്‍ കോടതി അദാനിയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ അഴിമതിക്കുറ്റം ആരോപിച്ച് കേസെടുത്തിരുന്നു. അതിനുശേഷം ഈ നിക്ഷേപത്തെ കുറിച്ച് അദാനി ഗ്രൂപ്പ് പരാമര്‍ശിച്ചിരുന്നില്ല. ജനുവരി 20ന് ട്രംപ് അധികാരമേറ്റെടുത്ത ശേഷം ഇതേകുറിച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

Tags:    

Similar News