അമേരിക്കന്‍ കണക്കുകള്‍ക്കായി കാത്തിരിപ്പ്, രണ്ടാം ദിനവും വിപണിക്ക് നേട്ടം, നിരാശയില്‍ കല്യാണും കിറ്റെക്‌സും, മുന്നേറി വണ്ടര്‍ലായും സി.എസ്ബിയും
മിഡ്, സ്മാൾ ക്യാപ് സൂചികകളും നേട്ടത്തിൽ;
തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി സൂചികകള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്.ബി.ഐ, കോട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ അടക്കമുള്ള മുന്‍നിര ഓഹരികളുടെ പിന്തുണയാണ് സൂചികകളെ ഇന്ന് നേട്ടത്തില്‍ നിലനിറുത്തിയത്. മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികള്‍ക്കും ഇന്ന് നിക്ഷേപകരില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചു. കഴിഞ്ഞ ആഴ്ചയില്‍ നിക്ഷേപകര്‍ ഇതില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു.
സെന്‍സെക്‌സ് ഇന്ന് 224 പോയിന്റ് നേട്ടത്തോടെ 76,724ലും നിഫ്റ്റി 37.15 പോയിന്റ് ഉയര്‍ന്ന് 23,212.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫിനാന്‍ഷ്യല്‍ ഓഹരികളാണ് ഇന്ന് സൂചികകള്‍ക്ക് കരുത്ത് പകര്‍ന്നത്. നിഫ്റ്റി ബാങ്ക്, പി.എസ്.യു ബാങ്ക് സൂചികകള്‍ 0.1 ശതമാനം, 0.2 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഹരി മൂന്ന് ശതമാനത്തോളം ഇടിഞ്ഞത് ഓട്ടോ സൂചികയെ 0.5 ശതമാനം ഇടിവിലാക്കി.
റിലയന്‍സ് ഓഹരികള്‍ കഴിഞ്ഞ നാല് വ്യാപാര ദിനത്തിലെ തുടര്‍ച്ചയായ വീഴ്ചയില്‍ നിന്ന് കരകയറി. ഇന്ന് ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
അദാനി ഗ്രീന്‍ എനര്‍ജി പുനരുപയോഗ ഊര്‍ജ് ഉത്പാദന ശേഷി ഉയര്‍ത്തിയത് ഓഹരിയെ രണ്ട് ശതമാനത്തിനു മുകളിലെത്തിച്ചു. എനര്‍ജി സൂചിക കഴിഞ്ഞ രണ്ട് വ്യാപാര ദിനം കൊണ്ട് 3.7 ശതമാനം ഉയര്‍ന്നു. അതിനു മുമ്പുള്ള നാല് വ്യാപാര സെഷനുകളില്‍ 7.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. വ്യക്തിഗത ഓഹരികളെടുത്താല്‍ എച്ച്.ഡി.എഫ്.സി എ.എം.സി ഇന്ന് 4.6 ശതമാനം ഉയര്‍ന്നു. ഡിസംബര്‍ പാദത്തില്‍ ലാഭം 31 ശതമാനം ഉയര്‍ന്ന് 641 കോടി രൂപയിലെത്തിയതാണ് ഓഹരിയില്‍ മുന്നേറ്റത്തിനിടയാക്കിയത്.
തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും ബി.എസ്.ഇ ഓഹരി മുന്നേറ്റം നടത്തി. ഇന്ന് ആറ് ശതമാനമാണ് ഓഹരി മുന്നേറിയത്. ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 5,792 രൂപയും തൊട്ടു.