ഇന്ത്യയിലിരുന്ന് വിദേശ ഓഹരി വിപണികളില്‍ നിക്ഷേപിക്കാം, നിക്ഷേപകര്‍ക്ക് ഐഎന്‍എക്‌സിന്റെ ദീപാവലി സമ്മാനമിതാ

31 രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ 130 സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെ നിക്ഷേപം നടത്താനുള്ള മാര്‍ഗമാണ് ഐഎന്‍എക്‌സ് ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി തുറക്കുന്നത്

Update:2021-10-22 15:59 IST

ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപകര്‍ക്ക് നേരിട്ട് ആഗോള വിപണികളില്‍ നിക്ഷേപം നടത്താനുള്ള സംവിധാനവുമായി ഐഎന്‍എക്‌സ്. അമേരിക്ക, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നീ മേഖലകളിലെ 31 രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ 130 സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെ നിക്ഷേപം നടത്താനുള്ള മാര്‍ഗമാണ് ഐഎന്‍എക്‌സ് ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി തുറക്കുന്നത്. ഇതുവഴി ഇന്ത്യയില്‍നിന്ന് മറ്റഅ രാജ്യങ്ങിലെ ഓഹരികള്‍, ബോണ്ടുകള്‍, ഇടിഎഫുകള്‍ എന്നിവയില്‍ നിക്ഷേപിക്കാവുന്നതാണ്.

ബിഎസ്ഇയുടെ അനുബന്ധ സ്ഥാപനമായ ഇന്ത്യ ഐഎന്‍എക്‌സിന്റെ സബ്‌സിഡിയറിയായ ഇന്ത്യ ഐഎന്‍എക്‌സ് ഗ്ലോബല്‍ ആക്‌സസ് ഐഎഫ്എസ്‌സി ലിമിറ്റഡ് (ഗ്ലോബല്‍ ആക്‌സസ്) ആണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ദീപാവലി മുതല്‍ ഈ സംവിധാനം നിക്ഷേപകര്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. 'ദീപാവലി മുതല്‍ ഞങ്ങളുടെ ഗ്ലോബല്‍ ആക്‌സസ് പ്ലാറ്റ്‌ഫോം സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. കൂടാതെ ആഗോള വിപണികളില്‍ നിക്ഷേപിക്കാന്‍ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍ആര്‍എസ്) വഴി ആഭ്യന്തര നിക്ഷേപകരെ പ്രാപ്തരാക്കും. ഒന്നിലധികം ബ്രോക്കര്‍മാരുടെ ഒരു പ്ലാറ്റ്‌ഫോമാണ് ഞങ്ങള്‍ സൃഷ്ടിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അവര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കാം'' ഇന്ത്യ ഐഎന്‍എക്‌സ് എംഡിയും സിഇഒയുമായ വി ബാലസുബ്രഹ്‌മണ്യം പറഞ്ഞതായി ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കെങ്കിലും ആപ്പിളിന്റെയോ ആമസോണിന്റെയോ ഓഹരി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ക്ക് ഇന്ത്യയിലിരുന്നു യുഎസ് വിപണികളില്‍നിന്ന് ഓഹരികള്‍ വാങ്ങാന്‍ കഴിയും. നിക്ഷേപകരുടെ ആഗ്രഹം കുറഞ്ഞ ചിലവില്‍ നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആഗോള വിപണികളില്‍ നിക്ഷേപം നടത്താനുള്ള മാര്‍ഗം ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഐഎന്‍എക്‌സ് ഗ്ലോബല്‍ ആക്‌സസ് ലണ്ടന്‍ ആസ്ഥാനമായുള്ള മാരെക്‌സ് സ്‌പെക്ട്രോണ്‍, യുഎസ് ആസ്ഥാനമായുള്ള ഇന്ററാക്ടീവ് ബ്രോക്കേഴ്‌സ്, ഇഡി & എഫ് ക്യാപിറ്റല്‍ തുടങ്ങിയ ഏതാനും വിദേശ ബ്രോക്കറേജ് സ്ഥാപനങ്ങളുമായി ഇതിനകം ധാരണയാക്കിയിട്ടുണ്ട്. കൂടാതെ, സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഫിലിപ്പ് ക്യാപിറ്റലും റഷ്യ ആസ്ഥാനമായുള്ള സോവ എന്നിവയുമായി ധാരണയുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.


Tags:    

Similar News