സിയാല്‍ ലാഭവിഹിതമായി സര്‍ക്കാരിന് 33.49 കോടി

Update: 2019-12-11 05:48 GMT

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി 2018-19 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി സര്‍ക്കാരിന് 33.49 കോടി രൂപ നല്‍കി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യനില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെക്ക് സ്വീകരിച്ചു.

2018-19ല്‍ സിയാല്‍ 650.34 കോടി രൂപയുടെ വരുമാനവും 166.92 കോടി രൂപയുടെ ലാഭവും കുറിച്ചിരുന്നു. 27 ശതമാനം ലാഭവിഹിതം അനുവദിച്ചു. സിയാലില്‍ 32.41 ശതമാനം ഓഹരി പങ്കാളിത്തമാണ് സര്‍ക്കാരിനുള്ളത്.ചെക്ക് കൈമാറിയ ചടങ്ങില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മന്ത്രി ഡോ.തോമസ് ഐസക്, റോയ് കെ. പോള്‍, എ.കെ. രമണി, എന്‍.വി. ജോര്‍ജ്, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

2003-04 മുതല്‍ തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്ന സിയാലിന്റെ രജത ജൂബിലി വര്‍ഷമാണിത്. 30 രാജ്യങ്ങളില്‍ നിന്നായി 19,000ലേറെ നിക്ഷേപകര്‍ കമ്പനിക്കുണ്ട്. സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള നിക്ഷേപര്‍ക്ക് ഇതിനകം സിയാല്‍ നല്‍കിയ ആകെ ലാഭവിഹിതം 255 ശതമാനം വരും.

സിയാല്‍ ഡ്യൂട്ടിഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസസ് ലിമിറ്റഡ് ഉള്‍പ്പെടെ, കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനികളുടെ പ്രവര്‍ത്തനം കൂടി കണക്കാക്കിയാല്‍ 807.36 കോടി രൂപയുടെ മൊത്തവരുമാനവും 184.77 കോടി രൂപയുടെ ലാഭവുമാണ് കഴിഞ്ഞവര്‍ഷം കമ്പനി നേടിയത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഒരു കോടിയിലധികം പേര്‍ വീതം സിയാല്‍ വഴി പറന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News