44,000 ഡോളറില്‍ താഴേക്ക് പോയി ബിറ്റ്‌കോയിന്‍; ക്രിപ്‌റ്റോ കറന്‍സികള്‍ ഇടിവില്‍

നവംബറിലെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ 25000 ഡോളറോളമാണ് ബിറ്റ്‌കോയിന്റെ ഇടിവ്.

Update:2022-01-06 15:30 IST

ക്രിപ്റ്റോകറന്‍സി വില ഇന്ന് വീണ്ടും ഇടിഞ്ഞു. ഏറ്റവുമധികം മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ ഉള്ള ബിറ്റ്കോയിന്‍ 44,000 ഡോളറില്‍ താഴെയായി. ഡിസംബറിലെ ഫ്‌ളാഷ് ക്രാഷിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ബിറ്റ്‌കോയിന്‍ ഇടിഞ്ഞത്. ഏകദേശം 7% കുറഞ്ഞ് 43,028.00 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.

ഏറെ ചാഞ്ചാട്ടത്തിന് പേരുകേട്ട ബിറ്റ്‌കോയിന്‍,നവംബര്‍ ആദ്യം ഏകദേശം 69,000 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. അതിനുശേഷം 25,000-ലധികം കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.
രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയും ബ്ലോക്ക്ചെയിനുമായി ബന്ധിപ്പിച്ചിട്ടുള്ള നാണയവുമായ ഈഥറും 8% ത്തില്‍ കൂടുതല്‍ ഇടിഞ്ഞ് 3,494 ഡോളറിലേക്ക് പതിച്ചു. കോയിന്‍ ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഡോഷ്‌കോയിന്‍ / Dogecoin വിലകള്‍ ഏകദേശം 6% ഇടിഞ്ഞ് 0.15 ഡോളര്‍ ആയി. ഷിബ ഇനു 7% കുറഞ്ഞ് 0.000030 ഡോളറായപ്പോള്‍ ബിനാന്‍സ് കോയിന്‍ 7 ശതമാനം ഇടിഞ്ഞ് 476 ഡോളറിലെത്തി.
അതേസമയം, സോളാന, പോളിഗോണ്‍, യൂണിസ്വാപ്പ്, സ്റ്റെല്ലാര്‍, കാര്‍ഡാനോ, എക്‌സ്ആര്‍പി, ടെതര്‍, ലിറ്റ്‌കോയിന്‍ തുടങ്ങിയ മറ്റ് ഡിജിറ്റല്‍ ടോക്കണുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5-7% പരിധിയില്‍ ഇടിവ് രേഖപ്പെടുത്തി. ആഗോള ക്രിപ്റ്റോ വിപണി മൂലധനം 6% ഇടിഞ്ഞ് 2.22 ട്രില്യണ്‍ ഡോളറിലെത്തി.


Tags:    

Similar News