ധനലക്ഷ്മി ബാങ്കും അവകാശ ഓഹരി വില്‍പനയ്ക്ക്; തുക പ്രഖ്യാപിച്ചു

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അവകാശ ഓഹരി വില്‍പന അടുത്തിടെ സമാപിച്ചിരുന്നു

Update:2024-03-23 11:05 IST

Image : DLB and Canva

തൃശൂര്‍ ആസ്ഥാനമായ സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കും (Dhanlaxmi Bank/DLB) അവകാശ ഓഹരി വില്‍പനയ്ക്ക് (Rights issue) ഒരുങ്ങുന്നു. അവകാശ ഓഹരി വില്‍പന വഴി 300 കോടി രൂപ സമാഹരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ ധനലക്ഷ്മി ബാങ്ക് വ്യക്തമാക്കി.
ഓഹരിക്ക് എത്ര രൂപയ്ക്കാണ് അവകാശ ഓഹരി വില്‍പന, റെക്കോഡ് തീയതി, വില്‍പന അനുപാതം തുടങ്ങിയ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 

തൃശൂര്‍ ആസ്ഥാനമായ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അവകാശ ഓഹരി വില്‍പന സമാപിച്ചത് കഴിഞ്ഞ ദിവസമാണ്. ഓഹരിക്ക് 22 രൂപ നിരക്കിലായിരുന്നു വില്‍പന. 1,151.01 കോടി രൂപ ലക്ഷ്യമിട്ടുള്ള അവകാശ ഓഹരി വില്‍പനയാണ് ബാങ്ക് നടത്തിയത്.

ധനലക്ഷ്മി ബാങ്കിന് നിര്‍ണായകം
മൂലധനഞെരുക്കം ഒഴിവാക്കാനും ബാലന്‍സ് ഷീറ്റ് മികവുറ്റതാക്കാനും പണം സമാഹരിക്കേണ്ടത് ധനലക്ഷ്മി ബാങ്കിന് നിര്‍ണായകമാണ്.
നിലവില്‍ ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം (Capital Adequacy Ratio/CAR) 12.37 ശതമാനമാണ് (2023 ഡിസംബര്‍ പ്രകാരം). റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന 11.5 ശതമാനത്തിനും മുകളിലാണ് ഇതെങ്കിലും ആശാവഹമല്ലെന്നാണ് വിലയിരുത്തല്‍. കാരണം, റിസര്‍വ് ബാങ്ക് നടത്തുന്ന പ്രവര്‍ത്തനക്ഷമതാ പരീക്ഷണങ്ങളില്‍ (periodical stress tests) മികവ് പുലര്‍ത്താന്‍ ഈ അനുപാതം പോരാ.
കാരണം, ഏതെങ്കിലും വലിയ വായ്പകള്‍ അപ്രതീക്ഷിതമായി കിട്ടാക്കടമായാല്‍ അത് ബാങ്കിന് കനത്ത പ്രതിസന്ധിയാകും. അതുകൊണ്ട്, ബാലന്‍സ് ഷീറ്റില്‍ മികച്ച വളര്‍ച്ച നേടാന്‍ കൂടുതല്‍ മൂലധന സമാഹരണം നടത്തണമെന്ന് ധനലക്ഷ്മി ബാങ്കിനോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു എന്നുമാണ് സൂചനകള്‍. നിലവില്‍ ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ റിസര്‍വ് ബാങ്ക് നേരിട്ട് നിയമിച്ച രണ്ട് ഡയറക്ടര്‍മാരുമുണ്ട്.
എന്താണ് റൈറ്റ്‌സ് ഇഷ്യൂ?
നിലവിലെ ഓഹരി ഉടമകളില്‍ യോഗ്യരായവര്‍ക്ക്, നിലവിലെ ഓഹരി വിലയേക്കാള്‍ കുറഞ്ഞവിലയില്‍ അധികമായി ഓഹരി നല്‍കി നടത്തുന്ന മൂലധന സമാഹരണമാണ് അവകാശ ഓഹരി വില്‍പന (Rights Issue). അതായത്, ധനലക്ഷ്മി ബാങ്കിന്റെ ഓഹരി നിലവില്‍ കൈവശമുള്ളവര്‍ക്ക് മാത്രമാണ് അവകാശ ഓഹരി വില്‍പന വഴി ഓഹരി വാങ്ങാനാകൂ.
നിലവില്‍ 44 രൂപയാണ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരിവില. അവകാശ ഓഹരി വില്‍പനയില്‍ വില ഇതിനേക്കാളും കുറവായിരിക്കും. ഇത്, നിലവിലെ ഓഹരി ഉടമകള്‍ക്ക് ബാങ്കിന്റെ കൂടുതല്‍ ഓഹരികള്‍ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാന്‍ സഹായിക്കും.
Tags:    

Similar News