ലാർജാണോ സ്മോളാണോ നല്ലത്?

ലാര്‍ജ്, മിഡ്, സ്‌മോള്‍ക്യാപ്പ് ഓഹരികളില്‍ നിക്ഷേപിക്കുംമുമ്പ് എത്രമാത്രം റിസ്‌ക് എടുക്കാനാകുമെന്ന് നിക്ഷേപകന്‍ ആലോചിക്കണം

Update:2023-03-13 13:02 IST

ലാര്‍ജ്, മീഡിയം, സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ എന്താണെന്ന് വ്യക്തമാക്കാമോ?

ഓഹരിവിപണിയില്‍ നിക്ഷേപിക്കാനാഗ്രഹിക്കുന്ന തുടക്കക്കാരില്‍ ഉയരുന്ന ചോദ്യമാണിത് - എന്താണ് ലാര്‍ജ്, മീഡിയം, സ്‌മോള്‍ക്യാപ്പ് ഓഹരികള്‍? ഇവയിലേതില്‍ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ നല്ലത്?

ഓഹരിവിപണിയില്‍ ഓരോ ഓഹരിയെയും അതിന്റെ വിപണിമൂല്യം (മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍) അടിസ്ഥാനമാക്കി തരംതിരിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ഇത് വിലയിരുത്തി അനുയോജ്യമായ നിക്ഷേപതീരുമാനങ്ങള്‍ എടുക്കാം.
ഓഹരി വിപണിയില്‍ ഒരു കമ്പനിയുടെ മൊത്തം ഓഹരിമൂല്യമാണ് അതിന്റെ വിപണിവിഹിതം. മൊത്തം ഓഹരികളെ അതിന്റെ വിലയുമായി ഗുണിച്ചാണ് വിപണിമൂല്യം കണക്കാക്കുന്നത്. ഉദാഹരണത്തിന്, എ.ബി.സി എന്ന കമ്പനിക്ക് 1,000,000 ഓഹരികളുണ്ടെന്നിരിക്കട്ടെ. ഒരു ഓഹരിക്ക് വില 100 രൂപയെന്നും കരുതുക. അപ്പോള്‍ വിപണിമൂല്യം 100,000,000 രൂപ. 
ലാർജാണോ സ്മോളാണോ നല്ലത്?
ലാര്‍ജ്ക്യാപ്പ് കമ്പനി
20,000 കോടി രൂപയോ അതിന് മുകളിലോ മൂല്യമുള്ളവയാണ് ലാര്‍ജ്ക്യാപ്പ് കമ്പനികള്‍. വിപുലമായ പ്രവര്‍ത്തന അടിത്തറയും ഉയര്‍ന്ന വിപണിവിഹിതവുമുള്ളവയുമാണിവ. വിപണിയില്‍ നിര്‍ണായക സാന്നിദ്ധ്യമുള്ളവയായതിനാല്‍ ഇത്തരം കമ്പനികളുടെ ഓഹരികളില്‍ ചാഞ്ചാട്ടം പൊതുവേ കുറവാണ്. മിഡ്, സ്‌മോള്‍ ക്യാപ്പ് ഓഹരികളെ അപേക്ഷിച്ച് റിസ്‌കും കുറവാണ്. ദശാബ്ദങ്ങളായി വിപണിയിലുള്ളതും ഉപയോക്തൃവിശ്വാസം ആര്‍ജ്ജിച്ചവയുമാകും ഈ ശ്രേണിയിലെ മിക്ക കമ്പനികളും. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ ഉദാഹരണങ്ങളാണ്.
വളര്‍ച്ചാപ്രതീക്ഷയുടെ മിഡ്ക്യാപ്പ്
5000 കോടി രൂപമുതല്‍ 20,000 കോടി രൂപയ്ക്ക് താഴെവരെ വിപണിമൂല്യമുള്ള കമ്പനികളാണ് ഈ വിഭാഗത്തിലുള്ളത്. ലാര്‍ജ്ക്യാപ്പ് ഓഹരികളേക്കാള്‍ മികച്ച വളര്‍ച്ചാ സാദ്ധ്യതയുള്ളവയാണിവ. എന്നാല്‍, ഓഹരിവിലയില്‍ ചാഞ്ചാട്ടത്തിനും സാദ്ധ്യതയേറെയാണ്, റിസ്‌കുമുണ്ട്. ഭാവിയില്‍ ലാര്‍ജ് ക്യാപ്പ് കമ്പനികളായി മാറാന്‍ സാദ്ധ്യതയുള്ളവയാണ് മീഡിയംക്യാപ്പ് കമ്പനികള്‍. ഉദാഹരണത്തിന് ബാറ്റാ ഇന്ത്യ ലിമിറ്റഡ്, എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ്, എസ്.കെ.എഫ് ഇന്ത്യ ലിമിറ്റഡ്.
ചാഞ്ചാടുന്ന സ്‌മോള്‍ക്യാപ്പ്
5000 കോടി രൂപയ്ക്ക് താഴെ വിപണിമൂല്യമുള്ളവയാണ് സ്‌മോള്‍ക്യാപ്പ് ഓഹരികള്‍. ലാര്‍ജ്, മിഡ്ക്യാപ്പ് കമ്പനികളേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാസാദ്ധ്യതകളുള്ളവയാണിവ. പക്ഷേ, ഉയര്‍ന്ന ചാഞ്ചാട്ടം പതിവാണ്. അതിനാല്‍, റിസ്‌കും കൂടുതലാണ്. ഡിബി കോര്‍പ്പ്, ഹാത്ത് വേ കേബിള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്ന കമ്പനികളാണ്.
ശ്രദ്ധിക്കാം ഇക്കാര്യം
ലാര്‍ജ്, മിഡ്, സ്‌മോള്‍ക്യാപ്പ് ഓഹരികളില്‍ നിക്ഷേപിക്കുംമുമ്പ് എത്രമാത്രം റിസ്‌ക് എടുക്കാനാകുമെന്ന് നിക്ഷേപകന്‍ ആലോചിക്കണം. നിക്ഷേപത്തിന്റെ ലക്ഷ്യവും (ഇന്‍വെസ്റ്റ്‌മെന്റ് ഗോള്‍) പരിഗണിക്കണം.
Tags:    

Similar News