ഓഹരി വിപണിയില്‍ മുഹൂര്‍ത്ത വ്യാപാരം വെള്ളിയാഴ്ച; പ്രതീക്ഷയോടെ നിക്ഷേപകര്‍ സംവത് 2081ലേക്ക്
പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ സവിശേഷമായ ദിനമായാണ് സംവത് വര്‍ഷത്തിന്റെ തുടക്കത്തെ കാണുന്നത്
ഓഹരി വിപണിയിലെ ഈ വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാരം (Muhurat trading) നവംബര്‍ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഏഴ് വരെ നടക്കും. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍.എസ്.ഇ), ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ), മള്‍ട്ടി കമ്മൊഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ (എം.സി.എക്‌സ്) എന്നിവയിലാണ് വ്യാപാരം നടക്കുക.
എന്താണ് മുഹൂർത്ത വ്യാപാരം?
ഹൈന്ദവ വിശ്വാസമനുസരിച്ചുള്ള കലണ്ടര്‍ വര്‍ഷമായ സംവത് 2081ന്റെ തുടക്കത്തിന്റെ ഭാഗമായാണ് ഈ പ്രത്യേക വ്യാപാരം. പുതിയ കാര്യങ്ങള്‍ തുടങ്ങാനുള്ള ഏറ്റവും ശുഭകരമായ സമയമായാണ് പുതു വർഷത്തെ കണക്കാക്കുന്നത്. നവംബർ ഒന്നിന് ദീപാവലി പ്രമാണിച്ചു ഓഹരി വിപണി അവധിയായതിനാല്‍ അതിനു പകരമായി ഹ്രസ്വ സമയത്തേക്ക് നടത്തുന്ന പ്രത്യേക സെഷനാണിത്.
ഒരു മണിക്കൂര്‍ മാത്രം നീണ്ട് നില്‍ക്കുന്ന മുഹൂര്‍ത്ത വ്യാപാരം ആരംഭിക്കുന്നതിനു മുമ്പ് 15 മിനിറ്റ് നേരം പ്രീ ഓപ്പണിംഗ് സെഷനുണ്ടാകും. സാധാരണ ദിനങ്ങളിലെ വ്യാപാര ഘടന തന്നെയാണ് മുഹൂര്‍ത്ത വ്യാപാരത്തിലും പിന്തുടരുന്നത്. എന്നാല്‍ സമയപരിധി ഒരു മണിക്കൂര്‍ ആയിരിക്കുമെന്ന് മാത്രം. സെറ്റില്‍മെന്റും ടി+1 രീതിയിലായിരിക്കും.
നിക്ഷേപകര്‍ പുതിയ ഓഹരികള്‍ വാങ്ങാനും നിലവിലെ ഓഹരികളില്‍ പങ്കാളിത്തം കൂട്ടാനും മുഹൂര്‍ത്ത വ്യാപാരത്തെ വിനിയോഗിക്കാറുണ്ട്. മുഹൂര്‍ത്ത വ്യാപാരത്തില്‍ നിക്ഷേപം നടത്തുന്ന ഓഹരികള്‍ നേട്ടം സമ്മാനിക്കുമെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്.
മുഹൂർത്ത വ്യാപാരവും നേട്ടവും
മുന്‍കാലങ്ങളെടുത്താല്‍ മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തിലേറിയതായാണ് കാണുന്നത്. 2014 മുതല്‍ 2023 വരെയുള്ള 10 വര്‍ഷത്തില്‍ എട്ട് തവണയും നിഫ്റ്റിയും സെന്‍സെക്‌സും നേട്ടത്തിലായിരുന്നു. 2015, 2022 വര്‍ഷങ്ങളിലാണ് നഷ്ടം രുചിച്ചത്. കഴിഞ്ഞ വര്‍ഷം നിഫ്റ്റി 0.52 ശതമാനവും സെന്‍സെക്‌സ് 0.55 ശതമാനവുമാണ് ഉയര്‍ന്നത്. കഴിഞ്ഞ മുഹൂര്‍ത്ത് ട്രേഡിംഗ് മുതല്‍ ഈ വര്‍ഷം വരെ നിഫ്റ്റിയുടെ നേട്ടം 10.13 ശതമാനവും സെന്‍സെക്‌സിന്റേത് 9.07 ശതമാനവുമാണ്.
ഈ വര്‍ഷം നിക്ഷേപകര്‍ വളരെ പ്രതീക്ഷയോടെയാണ് മുഹൂര്‍ത്ത വ്യാപാരത്തെ നോക്കിക്കാണുന്നത്. കഴിഞ്ഞ മൂന്നാഴ്ചയോളമായി കനത്ത ചാഞ്ചാട്ടത്തിലൂടെയാണ് ഓഹരി വിപണി നീങ്ങുന്നത്.
വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിച്ച് ചൈന പോലുള്ള വിപണികളിലേക്ക് ഒഴുക്കുന്നതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ഇന്ത്യന്‍ കമ്പനികളുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതുമൊക്കെയാണ് വിപണിയെ ഉലച്ചത്. ദീപാവലിയോടെ ഓഹരി വിപണി തകര്‍ച്ചയില്‍ നിന്ന് ശക്തമായി തിരിച്ചുകയറുമെന്ന പ്രതീക്ഷയാണ് നിക്ഷേപകര്‍ക്കുള്ളത്.