സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇനി മുതല്‍ അധിക മൂലധനം കൊയ്യാം; ഡി.വി.ആര്‍ ഓഹരികളിലൂടെ

Update: 2019-08-17 07:42 GMT

ഡിഫറന്‍ഷ്യല്‍ വോട്ടിംഗ് അവകാശമുള്ള (ഡി.വി.ആര്‍) ഓഹരികള്‍ കൂടുതലായി നല്‍കി ആഗോള നിക്ഷേപകരില്‍ നിന്ന് അധിക ഇക്വിറ്റി മൂലധനം സമാഹരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക്‌നോളജി കമ്പനികള്‍ക്കും ഇനി സാധ്യമാകും. കമ്പനീസ് ആക്റ്റ് വ്യവസ്ഥകളില്‍ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഈയിടെ വരുത്തിയ ഭേദഗതിയാണിതിനു വഴിയൊരുക്കുന്നത്.

ആഗോള നിക്ഷേപകരില്‍ നിന്ന് ഇക്വിറ്റി മൂലധനം സമാഹരിക്കുമ്പോഴും കമ്പനിയില്‍ സംരംഭകരുടെ നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കത്തക്കവിധത്തിലാണ് ഇതിനായി കമ്പനീസ് ആക്റ്റ് വ്യവസ്ഥകള്‍ ഭേദഗതി ചെയ്തിട്ടുള്ളത്. സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്. അടുത്തിടെ, ആദായനികുതി വകുപ്പ് സ്റ്റാര്‍ട്ടപ്പുകളുടെ അസസ്‌മെന്റ് മാനദണ്ഡങ്ങള്‍ ലഘൂകരിച്ചിരുന്നു.

സാധാരണ ഇക്വിറ്റി ഷെയര്‍ പോലെയാണ് ഡിഫറന്‍ഷ്യല്‍ വോട്ടിംഗ് റൈറ്റ് ഷെയര്‍ (ഡി.വി.ആര്‍) എങ്കിലും ഓഹരിയുടമയ്ക്ക് പരിമിത വോട്ടവകാശമേ ഇതിലൂടെ ലഭിക്കൂ. ഇതിന്റെ തോത് ഓരോ കമ്പനിയിലും വ്യത്യസ്തമായിരിക്കും. ശത്രുതാപരമായ ഏറ്റെടുക്കല്‍ തടയുന്നതിനാണ് വോട്ടവകാശം ദുര്‍ബലപ്പെടുത്തി ഡി.വി.ആര്‍ ഷെയറുകള്‍ നല്‍കുന്നത്. നിയന്ത്രണം ആവശ്യമില്ലാതെ തന്നെ കമ്പനിയില്‍ തന്ത്രപരമായ വലിയ നിക്ഷേപത്തിനു തുനിയുന്നവരെയാണിതു ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ കമ്പനികളെയും പ്രൊമോട്ടര്‍മാരെയും ശക്തിപ്പെടുത്താന്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ സന്നദ്ധരാവുന്ന സാഹചര്യത്തിലാണ് നൂതന ടെക് കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും അഭ്യര്‍ത്ഥന മാനിച്ച് സര്‍ക്കാര്‍ ഈ പരിഷ്‌കാരത്തിനു തയ്യാറായതെന്ന് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം വ്യക്തമാക്കി.

Similar News