ജൂണിലെ ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ ഇരട്ടിയിലേറെ കുതിപ്പ്
മ്യൂച്വല്‍ഫണ്ട് ആസ്തി ₹44 ലക്ഷം കോടി കടന്നു; സ്‌മോള്‍ ക്യാപ് നിക്ഷേപം റെക്കോഡില്‍
കഴിഞ്ഞ മാസം ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് സ്‌കീമുകളിലെ നിക്ഷേപം 167% ഉയര്‍ന്ന് 8,637 കോടി രൂപയായതായി മ്യൂച്വല്‍ഫണ്ട് അസോസിയേഷന്‍ ഓഫ് ഇന്ത്യ(ആംഫി/AMFI). സ്‌മോള്‍ ക്യാപ് ഫണ്ടുകളിലെ നിക്ഷേപമൊഴുക്ക് വര്‍ധിച്ചതാണ് ഇതിനു സഹായകമായത്. തുടര്‍ച്ചയായ 28-ാമത്തെ മാസമാണ് ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. 3240 കോടി രൂപയായിരുന്നു മേയിലെ ഇക്വിറ്റി ഫണ്ട് നിക്ഷേപം. മൂന്നു മാസത്തിനിടയിലെ ഉയര്‍ന്ന നിക്ഷേപമാണിത്. ന്യൂഫണ്ട് ഓഫര്‍(എന്‍.എഫ്.ഒ) വഴിയാണ് കൂടുതല്‍ നിക്ഷേപവും എത്തിയത്.
ഇക്വിറ്റി വിഭാഗത്തില്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ നേട്ടം തുടര്‍ന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 66% ശതമാനം വര്‍ധനയോടെ 5,471.75 കോടി രൂപയുടെ നിക്ഷേപമാണ് സ്മാള്‍ക്യാപ് ഫണ്ടുകളില്‍ ജൂണില്‍ നടന്നത്. അതേ സമയം ജൂണില്‍ ലാര്‍ജ് ക്യാപ് വിഭാഗത്തില്‍ 2,049.61 കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചു.
തുടര്‍ച്ചയായ രണ്ടാം മാസവും ഡെറ്റ് ഫണ്ടുകളില്‍ പിന്‍വലിക്കല്‍ തുടര്‍ന്നു. മേയില്‍ 45,959 കോടി രൂപയായിരുന്ന നിക്ഷേപം ജൂണില്‍ 14,136 കോടി രൂപയായി. ലിക്വിഡ് ഫണ്ടുകളില്‍ നിന്ന് 28,545.45 കോടി രൂപയും അള്‍ട്രാ ഷോര്‍ട്ട് ടേം ഫണ്ടുകളില്‍ നിന്ന് 1,886.57 കോടി രൂപയും പിന്‍വലിച്ചു. ജൂണില്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ(Gold ETF) നിക്ഷേപം 70.32 കോടി രൂപയാണ്.