പുതുവർഷത്തിലേക്ക് ആവേശത്തോടെ
സംവത്സരം (സംവത്) 2077 ന് പ്രാരംഭമായ മുഹൂർത്ത വ്യാപാരം നേട്ടത്തോടെ തുടങ്ങി; നേട്ടം നിലനിർത്തി അവസാനിച്ചു.
പുതിയ വർഷത്തിന് ഉത്സാഹം നിറഞ്ഞ തുടക്കം. സംവത്സരം (സംവത്) 2077 ന് പ്രാരംഭമായ മുഹൂർത്ത വ്യാപാരം നേട്ടത്തോടെ തുടങ്ങി; നേട്ടം നിലനിർത്തി അവസാനിച്ചു.
സെൻസെക്സ് 43,830.93 വരെ കയറിയിട്ട് 43,657.98-ൽ ക്ലോസ് ചെയ്തു. 194.98 പോയിൻ്റ് ( 0.45 ശതമാനം) ഉയർച്ച. നിഫ്റ്റി 12,828.70 പോയിൻറ് വരെ കയറിയിട്ട് 12,780.25-ൽ ക്ലോസ് ചെയ്തു. നേട്ടം 60.30 പോയിൻ്റ് ( 0.47) ശതമാനം.
മുഖ്യസൂചികകളിൽ ശരാശരി പത്തു ശതമാനത്തിലേറെ നേട്ടം നൽകിയാണ് സംവത്സരം 2076 സമാപിച്ചത്. പുതിയ വർഷവും അതേപോലെ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷ മുഹൂർത്ത വ്യാപാരത്തിൽ ദൃശ്യമായിരുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യയിലേക്കു കൂടുതൽ ഡോളർ കൊണ്ടുവരുന്നതാണ് ശുഭപ്രതീക്ഷയുടെ അടിസ്ഥാനം. അടുത്ത ധനകാര്യ വർഷം ഇന്ത്യക്കു റിക്കാർഡ് നിലവാരത്തിലുള്ള ജിഡിപി വളർച്ച ഉണ്ടാകുമെന്നും നിക്ഷേപകർ കണക്കാക്കുന്നു.
യൂറോപ്പിലെ ചില യൂണിറ്റുകൾ വിറ്റ് കടം കുറയ്ക്കാൻ ടാറ്റാ സ്റ്റീൽ ബോർഡ് യോഗം വെള്ളിയാഴ്ച തീരുമാനിച്ചത് മുഹൂർത്ത വ്യാപാരത്തിൽ ഓഹരി വില കൂടാൻ കാരണമായി. റിലയൻസ് ജിയോയെക്കാൾ വരിക്കാരെ ചേർത്ത ഭാരതി എയർടെലിൻ്റെ ഓഹരികളും നേട്ടമുണ്ടാക്കി. ഫ്യൂച്ചർ റീട്ടെയിൽ ഇടപാടിനെപ്പറ്റിയുള്ള അനിശ്ചിതത്വം റിലയൻസിനു കാര്യമായ നേട്ടമുണ്ടാകുന്നതിനു തടസമായി.
എച്ച് ഡി എഫ് സി ബാങ്ക്, ഐടിസി, ഒഎൻജിസി, ഇൻഫോസിസ്, ബജാജ് ഫിൻ സെർവ്, സൺ ഫാർമ തുടങ്ങിയവ മുഹൂർത്തവ്യാപാരത്തിൽ നേട്ടമുണ്ടാക്കി.
വിവിധ വ്യവസായ മേഖലകളിലും ഉത്സാഹമാണു ദൃശ്യമായത്. ഉപ സൂചികകളെല്ലാം നേട്ടത്തിൽ ക്ലോസ് ചെയ്തു. സ്മോൾ ക്യാപ് സൂചിക 0.84 ശതമാനവും മിഡ് ക്യാപ് സൂചിക 0.62 ശതമാനവും ഉയർന്നു.
ദീവാളി ബലി പ്രതിപദ പ്രമാണിച്ചു തിങ്കളാഴ്ച ബി എസ് ഇ യും എൻ എസ് ഇ യും അവധിയാണ്.