ഫാക്ടിന്റെ വിപണിമൂല്യം ₹50,000 കോടി ഭേദിച്ചു; ഈ നേട്ടത്തിലേറിയ രണ്ടാമത്തെ കേരള കമ്പനി

കഴിഞ്ഞ 5 വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഫാക്ട് ഓഹരികള്‍ സമ്മാനിച്ച നേട്ടം 2000 ശതമാനത്തിലധികം

Update:2023-11-01 17:51 IST

Image : fact.co.in and Canva

കൊച്ചി ആസ്ഥാനമായ പ്രമുഖ കേന്ദ്ര പൊതുമേഖലാ വളം നിര്‍മ്മാണക്കമ്പനിയായ ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ അഥവാ ഫാക്ടിന്റെ (FERTILIZERS AND CHEMICALS TRAVANCORE LIMITED/FACT) വിപണിമൂല്യം ചരിത്രത്തില്‍ ആദ്യമായി 50,000 കോടി രൂപ ഭേദിച്ചു. ഇന്ന് വ്യാപാരത്തിന്റെ ആദ്യ സെഷനിലാണ് ഓഹരികളിലെ ഉണര്‍വിന്റെ കരുത്തില്‍ ഈ നിര്‍ണായക നാഴികക്കല്ല് ഫാക്ട് പിന്നിട്ടത്.

Also Read : ഒരുലക്ഷം നിക്ഷേപം 5 കൊല്ലം കൊണ്ട് 20 ലക്ഷം രൂപയാക്കി ഈ കേരള ഓഹരി

ഓഹരി വില 805 രൂപയായി ഉയരുകയും വിപണിമൂല്യം 52,080 കോടി രൂപയില്‍ എത്തുകയുമായിരുന്നു. വിപണിമൂല്യം 50,000 കോടി രൂപ ഭേദിക്കുന്ന രണ്ടാമത്തെ മാത്രം കേരള കമ്പനിയാണ് ഫാക്ട്. കേരളത്തില്‍ നിന്നുള്ള ലിസ്റ്റഡ് കമ്പനികളില്‍ ഈ നേട്ടം ആദ്യം പിന്നിട്ടത് മുത്തൂറ്റ് ഫിനാന്‍സാണ്. 2020 ജൂലൈ 19നാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണിമൂല്യം ആദ്യമായി 50,000 കോടി രൂപ കടന്നത്. നിലവില്‍ വിപണിമൂല്യം 52,27,585 കോടി രൂപയാണ്.
ഫാക്ട് ഓഹരികളിലെ തിളക്കം
കഴിഞ്ഞ ഏതാനും മാസങ്ങളായി കുതിപ്പിന്റെ ട്രാക്കിലാണ് ഫാക്ട് ഓഹരികള്‍. 2018 നവംബര്‍ ഒന്നിന് 36.85 രൂപയായിരുന്നു ഫാക്ട് ഓഹരി വില. ഇതാണ് ഇന്ന് 805 രൂപവരെ ഉയര്‍ന്നത്. ഈ ഉയരം കണക്കാക്കിയാല്‍ കഴിഞ്ഞ 5 വര്‍ഷത്തെ നേട്ടം 2085 ശതമാനമാണ്. അതായത്, 5 വര്‍ഷം മുമ്പ് നിങ്ങള്‍ ഒരുലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 21.85 ലക്ഷം രൂപയാകുമായിരുന്നു.
കഴിഞ്ഞ ജൂണിലാണ് ആദ്യമായി ഫാക്ടിന്റെ വിപണിമൂല്യം 30,000 കോടി രൂപ കടന്നത്. തുടര്‍ന്ന് വെറും 4 മാസത്തിനകം വിപണിമൂല്യത്തിലുണ്ടായ കുതിപ്പ് 20,000 കോടി രൂപയോളം. 
മുന്നേറ്റത്തിന്റെ വളം
കഴിഞ്ഞ ഏതാനും നാളുകളായി രാജ്യത്തെ വളം കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റം ദൃശ്യമാണ്. ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ പൊട്ടാഷ് വളത്തിന്റെ ലഭ്യത കുറയുമെന്ന ഭീതി ഇതിന് കളമൊരുക്കിയിട്ടുണ്ട്. വളം സബ്‌സിഡി ഉയര്‍ത്തിയ കേന്ദ്ര തീരുമാനവും ഓഹരികളെ തുണച്ചു.

ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖലയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നതും വളം മേഖലയാണ്. സെപ്റ്റംബറിലെ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ചയില്‍ ഓഗസ്റ്റിനേക്കാള്‍ വളര്‍ച്ച കൈവരിച്ച ഏക വിഭാഗവും വളം ഉത്പാദന മേഖലയാണ്.

ഫാക്ട് ഓഹരികള്‍ക്ക് കരുത്തേകിയതിന് പിന്നില്‍ ഫാക്ട് സമീപകാലത്തായി കാഴ്ചവയ്ക്കുന്ന മികച്ച പ്രവര്‍ത്തനവുമുണ്ട്. തുടര്‍ച്ചയായി നഷ്ടത്തിലുള്ള കമ്പനി എന്നാണ് ഏതാനും വര്‍ഷം മുമ്പുവരെ ഫാക്ടിനെ ഏവരും വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി കിഷോര്‍ റുംഗ്ത ചുമതലയേറ്റതുമുതല്‍ മികവിന്റെ ട്രാക്കിലാണ് ഫാക്ട്.
കിഷോര്‍ റുംഗ്തയുടെ ചിറകിലേറി
2019 ഫെബ്രുവരിയിലാണ് കിഷോര്‍ റുംഗ്ത ഫാക്ടിന്റെ സി.എം.ഡിയായത്. തുടര്‍ന്ന് അദ്ദേഹം നടപ്പാക്കിയ മാറ്റങ്ങളിലൂടെ ഫാക്ട് വികസനത്തിലേക്ക് അതിവേഗം ചുവടുകള്‍ വച്ചു. പുതിയ വിപണികളിലേക്ക് കടന്നതും ഏറെക്കാലം പൂട്ടിക്കിടന്ന പെട്രോകെമിക്കല്‍ പ്ലാന്റ് തുറന്നതും നേട്ടമായി.
ഈ വര്‍ഷവും ഒരു ദശലക്ഷം ടണ്ണിനോടടുത്ത ഉത്പാദനമെന്ന നേട്ടം ഫാക്ട് കൈവരിക്കുമെന്ന് അദ്ദേഹം ധനംഓണ്‍ലൈനിനോട് പറഞ്ഞു. ഫാക്ടിന്റെ 5 ലക്ഷം ടണ്‍ ഉത്പാദനശേഷിയുള്ള പുതിയ പ്ലാന്റ് അടുത്തവര്‍ഷം മധ്യത്തോടെ എറണാകുളം അമ്പലമുഗളില്‍ തുറക്കും.
ഇപ്പോള്‍ തുടര്‍ച്ചയായി ലാഭത്തിലുള്ള കമ്പനിയാണ് ഫാക്ട്. 2020-21ല്‍ 350 കോടി രൂപയായിരുന്ന ലാഭം 2022-23ല്‍ 613 കോടി രൂപയായി. 2018ല്‍ 1,955 കോടി രൂപയായിരുന്ന വിറ്റുവരവ് കഴിഞ്ഞവര്‍ഷം 6,198 കോടി രൂപയിലുമെത്തി. 

വിപണിമൂല്യം വ്യാപാരത്തിനിടെ ഒരുവേള 50,000 കോടി രൂപ പിന്നിട്ടെങ്കിലും ഫാക്ട് ഓഹരി ഇന്ന് വ്യാപാരാന്ത്യത്തിലുള്ളത് 1.20 ശതമാനം താഴ്ന്ന് 745.65 രൂപയിലാണ്. 48,248 കോടി രൂപയാണ് വ്യാപാരാന്ത്യ വിപണിമൂല്യം.
Tags:    

Similar News