ഒരു വര്‍ഷം മുമ്പത്തെ അയ്യായിരം രൂപയുടെ നിക്ഷേപം ഇപ്പോള്‍ 10 ലക്ഷം! നിക്ഷേപകനെ ലക്ഷപ്രഭുവാക്കിയ കമ്പനിയിതാണ്
ഒരു വര്‍ഷത്തിനിടെ ഓഹരി വിപണിയില്‍ 21,167.94 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കമ്പനി നേടിയത്
ഓഹരി വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികളെ നാം കാണാറുണ്ട്. ആരും പ്രതീക്ഷിക്കാത്ത അത്ഭുകരമായ നേട്ടങ്ങളായിരിക്കും ഇത്തരം കമ്പനികള്‍ നിക്ഷേപകര്‍ക്ക് നേടിക്കൊടുക്കുന്നത്. എങ്കിലിതാ, വെറും അയ്യായിരം രൂപ ഒരു വര്‍ഷം കൊണ്ട് പത്ത് ലക്ഷമാക്കി ഓഹരി വിപണിയില്‍ അഭൂതപൂര്‍വ്വമായ നേട്ടം സമ്മാനിച്ചിരിക്കുകയാണ് ഗോപാല പോളിപാസ്റ്റ് ലിമിറ്റഡ് എന്ന കമ്പനി. ഒരു വര്‍ഷം മുമ്പ് 4.46 രൂപയുണ്ടായിരുന്ന ഈ കമ്പനിയുടെ ഓഹരി വില ഇന്ന് (25-10-2021, 11.15) 948.55 രൂപയിലാണ് എത്തിനില്‍ക്കുന്നത്. അതായത്, ഒരു വര്‍ഷത്തിനിടെ ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത് 21,167.94 ശതമാനത്തിന്റെ വളര്‍ച്ച. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം 5,737.23 ശതമാനത്തിന്റെ നേട്ടമാണ് ഈ കമ്പനി നേടിയത്.
ഒരുഘട്ടത്തില്‍ 1,225 രൂപ വരെയെത്തിയ ഓഹരി വിലയാണ് ഇന്ന് 948.55 രൂപയിലെത്തി നില്‍ക്കുന്നത്. ഒക്ടോബര്‍ 18 നാണ് ഗോപാല പോളിപാസ്റ്റ് ലിമിറ്റഡിന്റെ ഓഹരി വില ഏറ്റവും ഉയര്‍ന്ന നിലയായ 1,225 രൂപയിലെത്തിയത്. അന്നത്തെ ഓഹരി വില കണക്കാക്കുമ്പോള്‍ ഒരു വര്‍ഷത്തിനിടെ നേടിയത് 26,175 ശതമാനത്തിന്റെ വളര്‍ച്ചയാണ്. പിന്നാലെ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളിലായി ഓഹരി വില ഇടിയുകയായിരുന്നു.
1984 ജൂണില്‍ സ്ഥാപിതമായ ഗോപാല പോളിപ്ലാസ്റ്റ് ലിമിറ്റഡ് മഹാരാഷ്ട്ര ആസ്ഥാനമായി സൊമാനി കുടുംബമാണ് സ്ഥാപിച്ചത്. വസ്ത്ര നിര്‍മാണ രംഗത്താണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.