വിപണിയില്‍ വീണ്ടും നഷ്ടകച്ചവടം, കത്തിക്കയറി മുത്തൂറ്റ് ഫിനാന്‍സ്; ഇന്ദ്രപ്രസ്ഥ ഓഹരികള്‍ക്ക് വന്‍ ഇടിവ്

കഴിഞ്ഞ ദിവസങ്ങളിലെല്ലാം മോശം പ്രകടനം കാഴ്ചവച്ച എഫ്.എം.സി.ജി സൂചിക ഇന്ന് 0.95 ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്

Update:2024-11-18 17:44 IST
നേരിയ നേട്ടത്തില്‍ തുടങ്ങി പിന്നീട് ചാഞ്ചാട്ടത്തിലേക്ക് നീങ്ങിയ വിപണി തിങ്കളാഴ്ച പതിവുപോലെ നഷ്ടത്തില്‍ തന്നെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 241.30 പോയിന്റ് ഇടിഞ്ഞ് 77,339.01ലും നിഫ്റ്റി 78.90 പോയിന്റ് താഴ്ന്ന് 23,453.80ലുമാണ് ക്ലോസ് ചെയ്ത്. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 1.55 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൂടുതല്‍ സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്യുന്നതിനാണ് വാരാദ്യം സാക്ഷ്യം വഹിച്ചത്. മെറ്റല്‍ സൂചികയാണ് ഇന്ന് കൂടുതല്‍ നേട്ടം കൊയ്തത്. 1.90 ശതമാനം ഉണര്‍വാണ് മെറ്റല്‍ സൂചികകളില്‍ പ്രകടമായത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം മോശം പ്രകടനം കാഴ്ചവച്ച എഫ്.എം.സി.ജി സൂചിക ഇന്ന് 0.95 ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.

സൂചികകളുടെ പ്രകടനം

രണ്ടാംപാദ ഫലങ്ങളില്‍ മോശം പ്രകടനം കാഴ്ചവച്ചത് എഫ്.എം.സി.ജി ഓഹരികളെ വലിയതോതില്‍ ഇടിവിലേക്ക് നയിച്ചിരുന്നു. നിക്ഷേപകര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഇന്നത്തെ സൂചികകളുടെ പ്രകടനം. പൊതുമേഖ ബാങ്ക് (0.65), റിയാലിറ്റി (0.56), ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.25) സൂചികകളും ഇന്ന് നേട്ടമുണ്ടാക്കി. ഐ.ടി (2.32), മീഡിയ (1.32), ഹെല്‍ത്ത്‌കെയര്‍ (1.07), ഓയില്‍ ആന്‍ഡ് ഗ്യാസ് (1.6) സൂചികകള്‍ക്ക് തിരിച്ചടി തുടര്‍ന്നു.

നേട്ടമുണ്ടാക്കിയവര്‍

രണ്ടാംപാദത്തില്‍ മികച്ച നേട്ടം കൊയ്‌തെന്ന വാര്‍ത്തകള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളെ ഉയര്‍ത്തി. ആദ്യമായി സംയോജിത വായ്പ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ പിന്നിട്ടെന്ന വാര്‍ത്തകളും നിക്ഷേപകരില്‍ ആവേശമുണ്ടാക്കി. മുത്തൂറ്റ് ഓഹരികള്‍ 6.45 ശതമാനം ഉയര്‍ന്നാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വരുണ്‍ ബീവറേജസ് ലിമിറ്റഡ് ഓഹരികള്‍ക്കും ഇന്ന് 6.30 ശതമാനം ഉയര്‍ന്നു. ഫോണിക്‌സ് മില്‍സ് ലിമിറ്റഡ് ആണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി. 3.92 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

നേട്ടം കൊയ്തവര്‍

 

നഷ്ടത്തില്‍ മുന്നില്‍ ഐ.ജി.എല്‍

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡാണ് (ഐ.ജി.എല്‍) ഇന്ന് വിപണിയുടെ ചൂടറിഞ്ഞത്. 19.93 ശതമാനം ഇടിഞ്ഞാണ് തിങ്കളാഴ്ച അവര്‍ വിപണിയില്‍ തിരിച്ചടി നേടിട്ടത്. ഗെയില്‍ ലിമിറ്റഡും ഭാരത് പെട്രോളിയം കോര്‍പറേഷനും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്. ആഭ്യന്തര ഗ്യാസ് വിതരണം കുറയുമെന്ന വാര്‍ത്തകള്‍ക്കൊപ്പം വിവിധ ഏജന്‍സികള്‍ ടാര്‍ജറ്റ് വില കുറച്ചതും ഓഹരിവില ഇടിയാന്‍ കാരണമായി.

നഷ്ടം രേഖപ്പെടുത്തിയവര്‍

 

ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് (5.71), ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ (4.28) അഡാനി പവര്‍ (3.72) ഓഹരികളും ഇന്ന് ഇടിവില്‍ കലാശിച്ചു.

കേരള ഓഹരികളുടെ പ്രകടനം

കേരള ഓഹരികളിലും ഇന്നത്തെ രാജാക്കന്മാര്‍ മുത്തൂറ്റ് ഫിനാന്‍സ് ആയിരുന്നു. അടുത്തിടെ ലിസ്റ്റ് ചെയ്ത ടോളിന്‍സ് ടയേഴ്‌സ് ഓഹരികള്‍ ഇന്ന് മികച്ച നേട്ടം കൊയ്തു. 10.88 ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ടാംപാദത്തില്‍ വരുമാനവും ലാഭവും വര്‍ധിച്ചതാണ് ഓഹരികള്‍ക്ക് കരുത്തായത്. കേരള ആയുര്‍വേദ ഓഹരികളും അഞ്ച് ശതമാനത്തോളം നേട്ടം കൈവരിച്ചു.

കേരള ഓഹരികളുടെ പ്രകടനം

ബാങ്കിംഗ് ഓഹരികളില്‍ സി.എസ്.ബി ബാങ്ക് (0.18), ഫെഡറല്‍ ബാങ്ക് ഓഹരികള്‍ (1.79), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.83) ശതമാനം ഉയര്‍ന്നപ്പോള്‍ ധനലക്ഷ്മി ബാങ്ക് (0.91) ഓഹരികള്‍ തകര്‍ച്ച നേരിട്ടു.

Tags:    

Similar News