കേരളത്തില്‍ സ്വര്‍ണവില ഇടിയുന്നു; കോവിഡ് കാലമായിട്ടും ഓണവിപണിയില്‍ ഉണര്‍വ് രേഖപ്പെടുത്തി

Update: 2020-09-07 17:13 GMT

കോവിഡ് ബാധയേറ്റ എല്ലാ മേഖലയെയും പോലെ ജൂവല്‍റി രംഗത്തും വില്‍പ്പന ഇടിവ് പ്രകടമായിരുന്നു. എന്നാല്‍ 42000 രൂപ തൊട്ട സ്വര്‍ണവില താഴാന്‍ തുടങ്ങിയതോടെ വില്‍പ്പനയില്‍ വര്‍ധനവ് പ്രകടമായി. ഓണത്തിനുശേഷമുള്ള കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണ വില ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് വ്യാപാരം നടത്തിയത്. വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിട്ട് കുത്തനെ ഇടിഞ്ഞതോടെ ജൂവല്‍റികളില്‍ സ്വര്‍ണം വാങ്ങാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

തിങ്കളാഴ്ച സ്വര്‍ണ വിലയില്‍ വീണ്ടും നേരിയ ഇടിവാണുണ്ടായിരുന്നത്. 20 രൂപയോളം മാത്രമാണ് ഉയര്‍ന്നതെങ്കിലും സ്വര്‍ണത്തിന്റെ റീട്ടെയ്ല്‍ വില്‍പ്പന നിരക്ക് ഉയര്‍ന്നു തന്നെ. ആഭ്യന്തര വിലയില്‍ ഇടിവുണ്ടായതോടെ ദേശീയ തലത്തിലും ഭൗതിക സ്വര്‍ണ്ണത്തിന്റെ റീട്ടെയില്‍ ആവശ്യം അല്പം കൂടിയിട്ടുണ്ട്. ഇന്ത്യയില്‍ ഓഗസ്റ്റ് 7 ന് സ്വര്‍ണം 10 ഗ്രാമിന് 56,200 രൂപ എന്ന റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണ വില 10 ഗ്രാമിന് 5,000 രൂപയോളമാണ് കുറഞ്ഞത്. അതേസമയം, വെള്ളി കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് കിലോഗ്രാമിന് 10,000 രൂപയിലധികം താഴ്ന്നു.

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തെ നിരക്ക് പരിശോധിച്ചാല്‍ ദേശീയ തലത്തിലും സ്വര്‍ണവിലയില്‍ ഉയര്‍ച്ച പ്രകടമാണ്. എംസിഎക്സില്‍ ഒക്ടോബര്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.25 ശതമാനം ഉയര്‍ന്ന് 50,805 രൂപയിലെത്തി. അതേ സമയം വെള്ളി ഫ്യൂച്ചറുകള്‍ 1.3 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 68,120 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 0.1 ശതമാനം ഇടിഞ്ഞപ്പോള്‍ വെള്ളി നിരക്ക് 0.8 ശതമാനം ഉയര്‍ന്നിരുന്നു.

ആഗോള വിപണിയിലും സ്വര്‍ണ്ണ വിലയില്‍ ഉയര്‍ച്ച പ്രകടമാണ്. സ്പോട്ട് സ്വര്‍ണം 0.2 ശതമാനം ഉയര്‍ന്ന് 1,935.53 ഡോളറിലെത്തി. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി ഔണ്‍സിന് 0.2 ശതമാനം കുറഞ്ഞ് 26.84 ഡോളറിലെത്തി. പ്ലാറ്റിനം 0.6 ശതമാനം ഉയര്‍ന്ന് 900.01 ഡോളറിലെത്തി. വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതും യുഎസ്-ചൈന പിരിമുറുക്കങ്ങളുമാണ് സ്വര്‍ണ്ണ വിലയെ പിന്തുണയ്ക്കുന്ന ഘടകങ്ങള്‍. ആഗോള വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News