തുടര്‍ച്ചയായ മൂന്നാം ദിവസവും വില കൂടി; വീണ്ടും റെക്കോഡിലേക്കടുത്ത് സ്വര്‍ണം
പവന് ഇന്ന് 400 രൂപ ഉയര്‍ന്നു
തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ന്ന് സംസ്ഥാനത്തെ സ്വര്‍ണവില. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 400 രൂപ ഉയര്‍ന്ന് വിപണി വില 45,560 രൂപയായി. മൂന്ന് ദിവസംകൊണ്ട് 560 രൂപയാണ് ഉയര്‍ന്നത്. ഇന്നലെയും തിങ്കളാഴ്ചയും 80 രൂപ വീതം പവന് ഉയര്‍ന്നിരുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് വീണ്ടും സ്വര്‍ണവില അടുക്കുന്നതായാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഈ മാസം ആദ്യ ആഴ്ചയിലെ സ്വര്‍ണവില. ഒരു പവന് 45,760 രൂപയായിരുന്നു അത്. എന്നാല്‍ റെക്കോഡ് വിലയില്‍ നിന്നും ശനിയാഴ്ച സ്വര്‍ണവില താഴെക്കിറങ്ങി. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് അന്ന് കുറഞ്ഞത്.
18 കാരറ്റ് സ്വര്‍ണവില
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില (22 കാരറ്റ്) ഇന്ന് 25 രൂപ ഉയര്‍ന്ന് 5695 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമുണ്ടായി. ഒരു ഗ്രാം18 കാരറ്റിന് 20 രൂപ ഉയര്‍ന്ന് വിപണി വില ഇന്ന് 4,725 രൂപയായി. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 83 രൂപയാണ്. ഹോള്‍മാര്‍ക്ക് ശുദ്ധവെള്ളിക്ക് 103 രൂപ.