ഈ ഓണക്കാലത്ത് നിക്ഷേപിക്കാന്‍ പൊറിഞ്ചു വെളിയത്ത് നിര്‍ദേശിക്കുന്ന അഞ്ച് ഓഹരികള്‍

Update: 2020-08-19 04:38 GMT

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ നമുക്കെല്ലാവര്‍ക്കും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു - കൊറോണ കുറച്ചു കാലം ഇവിടെ തന്നെ ഉണ്ടാകുമെന്നാണ് തോന്നുന്നത്.  നമ്മള്‍ ആ യാഥാർഥ്യം ഉൾക്കൊണ്ട് കൊണ്ട് ജീവിക്കാന്‍ പഠിക്കുകയും വേണം. ഓഹരിവിപണി കൊറോണയുടെ ആഘാതത്തിൽ നിന്നും മുന്നോട്ടു പോയിരിക്കുന്നു . ഭയങ്കരമായി കോവിഡ് കാരണം ബാധിക്കപ്പെട്ട ചില മേഖലകളെ ഒഴിച്ച് നിര്‍ത്തിയാല്‍,  ഒട്ടു മിക്ക ബിസിനസുകളും പൂർവ്വസ്ഥിതിയിലേക്കു തിരിച്ചെത്തിയിട്ടുണ്ട്.  പുതിയ അനര്‍ത്ഥങ്ങളൊന്നും വന്നു ഭവിച്ചില്ലെങ്കില്‍ നിലവിലെ ബുള്ളിഷ് ട്രെന്‍ഡ് തുടരുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.  പല നല്ല കാര്യങ്ങളും ഇവിടെ നടക്കുന്നുണ്ട്,  വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വഴിയും വിദേശ പോര്‍ട്ടഫോളിയോ നിക്ഷേപത്തിലൂടെയും ആഗോള തലത്തില്‍ നിന്ന് ധാരാളം പണം ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. വിപണിയെ കുറിച്ച് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല,  എന്നാലും ദുരിതകാലത്തെ നിക്ഷേപങ്ങള്‍ എപ്പോഴും നേട്ടമുണ്ടാക്കിയിട്ടുള്ളതായിട്ടാണ് എന്റെ അനുഭവത്തില്‍ നിന്ന് മനസിലായിട്ടുള്ളത്.

മിഡ് ക്യാപുകള്‍ ഇപ്പോള്‍ നിക്ഷേപത്തിന് അനുയോജ്യമാണ്.  കഴിഞ്ഞ കുറച്ചു മാസമായുള്ള മികച്ച വളര്‍ച്ച ഇനിയും തുടരും എന്ന് തോന്നുന്നു,  പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വര്‍ഷത്തെ മോശം പ്രകടനം കണക്കിലെടുക്കുമ്പോള്‍. വിശാല വിപണികളിലെ മൂല്യം ഇപ്പോൾ അംഗീകരിക്കപ്പെടുന്നുണ്ട്,  ഈ ട്രെന്‍ഡ് കൂടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.   താല്‍ക്കാലികമായ കാരണങ്ങളാല്‍ വിപണി പരിഗണിക്കാതിരുന്ന ചില സെക്ടറുകളിലെ മുന്‍ നിര ഓഹരികളിലേക്കു നിക്ഷേപകര്‍ക്ക് ഇപ്പോള്‍ നോക്കാവുന്നതാണ്. അത്തരം നിക്ഷേപത്തിന് പരിഗണിക്കാവുന്ന ചില ഓഹരികളാണ് ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നത്. അടുത്ത ഓണം ആകുമ്പോഴേക്കും മാന്യമായ നേട്ടമുണ്ടാക്കാന്‍ ഈ ഓഹരികളുടെ ഒരുപോര്‍ട്ടഫോളിയോയില്‍ നിക്ഷേപിക്കുന്നത് വഴി സാധിച്ചേക്കാം. ഇതിലൊക്കെ തന്നെയും എനിക്ക് പ്രത്യേക താല്പര്യം ഉണ്ടാകുമെന്നു നിങ്ങള്‍ വിചാരിച്ചു കൊള്ളണം.

National Aluminium Company (NALCO) @ 35

നവരത്‌ന കമ്പനിയായ നാല്‍കോ, അലുമിന അലുമിനിയം എന്നിവയുടെ രാജ്യത്തെ ഏറ്റവും വലിയ ഉത്പാദകരാണ്. കമ്പനിക്ക് 1200 മെഗാ വാട്ടിന്റെ കല്‍ക്കരി അധിഷ്ഠിത ക്യാപ്റ്റീവ് പവര്‍ പ്ലാന്റുണ്ട്.  അലുമിന ഉത്പാദന ശേഷി 44 ശതമാനം വര്‍ധിപ്പിക്കാനായി അധികകടം എടുക്കാതെ തന്നെ  കമ്പനി 6400 കോടി രൂപ(വിപണി മൂല്യത്തിന് തുല്യമായ തുക ) ചിലവഴിക്കുന്നുണ്ട്. അലൂമിനിയം നിര്‍മാണത്തിനാവശ്യമായ 100 ശതമാനം അലൂമിനയയും കമ്പനിയുടെ കാപ്്റ്റീവ് ഹൈ ക്വാളിറ്റി ബോക്‌സൈറ്റ് മൈനുകളിലൂടെ ലഭ്യമാക്കുന്നു. മാത്രമല്ല അലൂമിനിയം സ്‌മെല്‍റ്റിംഗിനാവശ്യമായ മുഴുവന്‍ പവറും നല്‍കാന്‍ ശേഷിയുള്ള കാപ്റ്റീവ് പവര്‍ പ്ലാന്റുകളും  കമ്പനിക്കുണ്ട്. 2000 കോടിയിലധികം കാഷ് ബാലന്‍സുള്ള  കമ്പനിയുടെ വിപണി മൂല്യം 6500 കോടിയാണ്.

Spencer's Retail Limited @ 85

ആര്‍പി- സഞ്ജീവ് ഗൊയെങ്ക ഗ്രൂപ്പിന്റെ ഭാഗമായ സ്‌പെന്‍സേഴ്‌സ് റീറ്റെയ്ല്‍ ലിമിറ്റഡ് ആണ് 2000 ത്തില്‍ ഹൈദരാബാദിൽ രാജ്യത്തെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നത്. ഇന്ന് വിവിധ ഫോര്‍മാറ്റുകളിലായി 193 സ്റ്റോറുകളുണ്ട്. ഫുഡ്, പേഴ്‌സണല്‍ കെയര്‍, ഫാഷന്‍, ഹോം എസെന്‍ഷ്യല്‍സ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എന്നിങ്ങനെ വിവിധ റീറ്റെയ്ൽ കാറ്റഗറികളിൽ കമ്പനിയ്ക്ക് സാന്നിധ്യം. റൈറ്റ് ഇഷ്യുവിലൂടെ 80 കോടി രൂപ സമാഹരിച്ചത് വഴി കടരഹിത കമ്പനിയായി മാറിയിട്ടുണ്ട്. 776 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. 2019 ല്‍ ഗോദ്‌റേജ് ഗ്രൂപ്പില്‍ നിന്ന് നേച്ചേഴ്‌സ് ബാസ്‌കറ്റിനെ ഏറ്റെടുക്കാനായി നല്‍കിയ തുകയുടെ 2.5 മടങ്ങ് മാത്രമാണ് ഇത്. നിക്ഷേപത്തിനു ഈ ഓഹരി ആകര്‍ഷകമാണ്.

Kitex Garments Ltd @ 101

അന്ന കിറ്റെക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ കിറ്റെക്‌സ് കുഞ്ഞുടുപ്പ് നിര്‍മാതാക്കളില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്താണ്.  കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഒന്നായ കിറ്റെക്‌സില്‍ 5000 ത്തോളം ജീവനക്കാരുണ്ട്. യുഎസ്എ, യൂറോപ്പ് തുടങ്ങിയവിടങ്ങളാണ് കമ്പനിയുടെ മുഖ്യ വിപണി. മിക്ക മള്‍ട്ടിനാഷണല്‍ കമ്പനികളും ചൈനയില്‍ നിന്നു മാറി വിയറ്റ്‌നാം, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളിലേക്ക് മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ മാറ്റാനുള്ള ശ്രമത്തിലാണ്. നിലവില്‍ ഇന്ത്യയ്ക്ക് ടെക്‌സ്റ്റൈല്‍ മാനുഫാക്ചറിംഗില്‍ വളരെ ചെറിയ പങ്ക് മാത്രമാണുള്ളത്, വരും വര്‍ഷങ്ങളില്‍ ഇത് വളരെ എളുപ്പത്തില്‍ ഇരട്ടിയാക്കി മാറ്റാനാകും. മികച്ച എക്‌സ്‌പോര്‍ട്ടിംഗ് സംവിധാനങ്ങളുള്ള കിറ്റെക്‌സായിരിക്കും ഇതിന്റെ ഒരു വലിയ ഗണഭോക്താവ്. 672 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയിടെ ഓഹരികള്‍ നിക്ഷേപത്തിന് അനുയോജ്യമാണ്.

Swelect Energy Systems Limited @100

സോളോര്‍ പവര്‍ സിസ്റ്റം കമ്പനികളില്‍ രാജ്യത്ത് തന്നെ മുന്‍നിരയിലാണ് സ്വെലക്ട് എനര്‍ജി സിസ്റ്റംസ്. സോളോര്‍ പിവി മൊഡ്യൂള്‍സ്, മറ്റു സോളാര്‍ കോംപണന്റ്‌സുകൾ എന്നിവയിൽ കരുത്തുറ്റ സാങ്കേതിക വൈദഗ്ധ്യവും സുസജ്ജമായ മാനുഫാചറിംഗ് സംവിധാനവും കമ്പനിക്കുണ്ട്. ആഗോള ഇന്‍ഡസ്ട്രി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സോളാര്‍ പിവി മൊഡ്യൂള്‍ നിര്‍മാതാക്കളുമാണ്. കമ്പനിയുടെ ഫൗണ്ടറി വിഭാഗം ദേശീയ അന്തര്‍ദേശീയ വിപണികളിലേക്ക് ഇരുമ്പ്, സ്റ്റീല്‍ കാസ്റ്റിംഗ് എന്നിവ കയറ്റുമതി ചെയ്യുന്നു. പ്രതിരോധ മേഖലയിലെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നത് കമ്പനിക്ക് ഗുണമാകും. സോളാര്‍ മേഖലയില്‍ ചൈനയില്‍ നിന്നുള്ള വില കുറഞ്ഞ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുന്നത് ഉയര്‍ന്ന് ഇറക്കുമതി തീരുവയിലൂടെ തടയുന്നത് സ്വെലക്ടിനെ പോലുള്ള കമ്പനികള്‍ക്ക് ഈ മേഖലയില്‍ മുന്‍നിരയിലേക്കെത്താന്‍ സഹായകമാകും. 120 കോടി രൂപ നെറ്റ് കാഷുള്ള വെറും 30 കോടി EV ക്കു ലഭിക്കുന്ന ഈ കമ്പനിയുടെ ഓഹരി ഒരു മള്‍ട്ടി ബാഗര്‍ ആകാനുള്ള സാധ്യതയുണ്ട്.

Entertainment Network India Limited (ENIL) @ 140

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണ് എന്റര്‍ടെയ്ന്‍മെന്റ് നെറ്റ് വര്‍ക്ക് ഇന്ത്യ. രാജ്യത്തെ ഒന്നാം നമ്പര്‍ റേഡിയോ സ്റ്റേഷനാണ് റേഡിയോ മിര്‍ച്ചി എന്ന ബ്രാന്‍ഡില്‍ ENIL നടത്തി വരുന്നത്. രാജ്യത്തെമ്പാടുമായി 38 ദശലക്ഷത്തോളം ശ്രോതാക്കളുണ്ട്. 2012 ല്‍ യുഎയില്‍ ബ്രാന്‍ഡ് അവതരിപ്പിച്ചുകൊണ്ട് വിദേശത്ത് സാന്നിധ്യമറിയിക്കുന്ന ആദ്യ റേഡിയോ ബ്രാന്‍ഡായി മാറി. പരസ്യങ്ങള്‍ക്കായുള്ള ചെലവഴിക്കല്‍ കുറഞ്ഞത് കമ്പനിയെ ചെറുതായി ബാധിച്ചെങ്കിലും വരും പാദങ്ങളില്‍ അത് മെച്ചപ്പെട്ടേക്കാം. 667 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരിയിലുള്ള നിക്ഷേപം മികച്ച റിട്ടേണ്‍ നല്‍കും

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News