വരൂ, ഇനി കേരളത്തിൽ നിക്ഷേപിക്കാം, ഈസിയായി

Update:2019-02-11 17:34 IST

കേരളത്തിൽ നിക്ഷേപം നടത്തുന്ന കാര്യം വരുമ്പോൾ ഇന്നും പലരും രണ്ടുവട്ടം ആലോചിക്കും. പണിമുടക്കുകൾ, ഹർത്താലുകൾ, ചുവപ്പുനാട, അടിസ്ഥാന സൗകര്യത്തിന്റെ കുറവ് അങ്ങനെ വിവിധ കാരണങ്ങളാണ് കോർപറേറ്റുകൾ നിരത്തുന്നത്. എന്നാൽ കേരളം പഴയ കേരളമല്ലെന്ന് ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ് സംസ്ഥാന സർക്കാർ, അസെൻഡ്‌ 2019 ലൂടെ.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരളം എത്രമാത്രം വ്യവസായ സൗഹൃദമായി മാറിയിട്ടുണ്ട്, എന്തുകൊണ്ട് കേരളത്തിൽ നിക്ഷേപിക്കണമെന്നതിനെക്കുറിച്ചെല്ലാം വിദഗ്ധർ വിശദീകരിക്കുകയുണ്ടായി. ഇതിലേക്ക് ഒരെത്തിനോട്ടം.

കേരളം ഒന്നാമത്

സാക്ഷരത, ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇൻഡക്സ്, സ്ത്രീ-പുരുഷ അനുപാതം, സമ്പൂർണ വൈദ്യുതവൽക്കരണം, മികച്ച ലോ & ഓർഡർ, പുതുക്കിയ വാണിജ്യ-വ്യവസായിക നയങ്ങൾ, ഏറ്റവും കൂടുതൽ എയർപോർട്ടുകൾ, മികച്ച മൊബീൽ നെറ്റ് വർക്ക്-ഒപ്റ്റിക് ഫൈബർ കണക്റ്റിവിറ്റി, ഏറ്റവും ഉയർന്ന റോഡ് ഡെൻസിറ്റി എന്നിവയിൽ മുന്നിലാണ് കേരളം.

വ്യാവസായിക ലക്ഷ്യങ്ങൾ

  • ലളിതമായ റെഗുലേറ്ററി ചട്ടങ്ങൾ
  • അനുമതികൾ എളുപ്പത്തിലാക്കുക
  • ഗ്രാമീണ മേഖലയിലെ എംഎസ്എംഇകളെ മുൻനിരയിലേക്ക് കൊണ്ടുവരിക
  • കൂടുതൽ ആഭ്യന്തര, അന്താരാഷ്ട്ര നിക്ഷേപങ്ങൾ ആകർഷിക്കുക
  • പ്രാദേശിക വിഭവശ്രോതസുകളുടെ മൂല്യവർദ്ധനവ് ഉറപ്പാക്കുക
  • നൈപുണ്യമുള്ളവർക്ക് തൊഴിൽ സാധ്യതകൾ ഉറപ്പാക്കുക
  • ചെറുപ്പക്കാരായ സംരംഭകരെ പ്രോത്സാഹിപ്പിക്കുക
  • സ്ഥല ലഭ്യത ഉറപ്പാക്കുക
  • പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വ്യാവസായിക മേഖലയ്ക്ക് അടിസ്ഥാന സൗകര്യം ലഭ്യമാക്കുക
  • പരിസ്ഥിതി-സൗഹാർദ ബിസിനൽ മോഡലുകൾ പ്രോത്സാഹിപ്പിക്കുക

ഈസ് ഓഫ് ഡൂയിങ് ബിസിനസ്

ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള യാത്രയിൽ കേരളം എന്തുമാത്രം വിജയം നേടി?

2016

  • മുൻനിര സംസ്ഥാനങ്ങളുടെ ഒപ്പം കേരളത്തിനെ കൈപിടിച്ചുയർത്താൻ നിരവധി നയപരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. ഇതിനായി വകുപ്പ് സെക്രട്ടറിമാരുടെ കമ്മിറ്റി രൂപീകരിച്ചു.
  • വ്യവസായ-വാണിജ്യ രംഗത്തുള്ളവരുമായി ചർച്ച ചെയ്ത നയപരിഷ്‌കരണം വേണ്ട മേഖലകൾ കണ്ടെത്തി.
  • ഇതേക്കുറിച്ച് ഒരു പഠനം നടത്താൻ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപറേഷൻ (KSIDC) കെപിഎംജിയെ ചുമതലപ്പെടുത്തി. പഠനറിപ്പോർട്ട് 2016 നവംബറിൽ സമർപ്പിച്ചു.

2017

  • പഠനറിപ്പോർട്ട് മന്ത്രിസഭാ അംഗീകരിച്ചു.
  • നയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചു.
  • അനുമതികൾക്കായി ഏകജാലക സംവിധാനം നടപ്പാക്കാനുള്ള ചുമതല എൻഐസിയെ ഏൽപ്പിച്ചു
  • അനുമതികൾ വേഗത്തിലാക്കാൻ 10 സർക്കാർ നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ഓർഡിനൻസ്
  • ഓർഡിനൻസിന് തത്വത്തിൽ അനുമതി

2018

  • ഈസ് ഓഫ് ഡൂയിങ് ബിസിനസ് സാധ്യമാക്കാനായി ഓംനിബസ് ആക്ട് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
  • കെ-സ്വിഫ്റ്റ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു
  • കേരള സ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ & ഫെസിലിറ്റേഷന്‍ ആക്ട് നിലവില്‍ വന്നു.

2019

  • കെ-സ്വിഫ്റ്റ് ട്രെയിനിങ്
  • ഇൻവെസ്റ്റ് കേരള വെബ് പോർട്ടലിന്റെ ലോഞ്ച്

കെ-സ്വിഫ്റ്റ്

വ്യവസായ സംരംഭങ്ങൾക്കുള്ള ഏകജാലക സംവിധാനമായ ‘കെ-സ്വിഫ്റ്റ്’ അഥവാ 'കേരള സിംഗിൾ വിൻഡോ ഇന്റർഫെയ്‌സ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസസ്' അസെൻഡിൽ അവതരിപ്പിച്ചു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാനത്ത് സംരംഭം തുടങ്ങുന്നതിനാവശ്യമായ എല്ലാ ക്ലിയറൻസുകൾ ലഭ്യമാക്കുന്നതിനുള്ള സംയോജിത പ്ലാറ്റ്‌ഫോമാണ് കെ-സ്വിഫ്റ്റ്. സമയബന്ധിതമായി ലൈസൻസ് അനുവദിക്കുന്നതിനും അനുമതികൾ ലഭ്യമാക്കുന്നതിനും ഇത് സഹായിക്കും.

നഗര കാര്യാലയം, പഞ്ചായത്ത് കാര്യാലയം, നഗര-ഗ്രാമ ആസൂത്രണം, ഫാക്ടറീസ്‌-ബോയ്‌ലേഴ്‌സ്, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, മൈനിങ്-ജിയോളജി, വനം-വന്യജീവി, തൊഴിൽ, ഫയർറെസ്‌ക്യു സർവീസസ്, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി, വൈദ്യുതി ബോർഡ്, ജല അതോറിറ്റി, ഭൂഗർഭ ജലവകുപ്പ് എന്നീ 14 വകുപ്പുകളുടെ /ഏജൻസികളുടെ സേവനം കെ-സ്വിഫ്റ്റിൽ ലഭിക്കും. എല്ലാ അപേക്ഷകളും യൂണിഫൈഡ് കോമൺ ആപ്ലിക്കേഷൻ ഫോമിലൂടെയാണ് (സി.എ.എഫ്.) സമർപ്പിക്കേണ്ടത്.

ചടങ്ങില്‍ ഇന്‍വെസ്റ്റ് കേരള വെബ്സൈറ്റ് ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.

Similar News