ട്രേഡിംഗ് തട്ടിപ്പില്‍ വീണ് മലയാളികള്‍, നഷ്ടമാകുന്നത് കോടികള്‍

മോഹനവാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് യാതൊരു ഉറപ്പുമില്ലാതെ പണം നിക്ഷേപിക്കുന്നത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ കഴിയാത്തിനാല്‍ പണം നഷ്ടപ്പെട്ടവര്‍ പരാതി പോലും നല്‍കുന്നില്ല

Update: 2022-08-01 06:14 GMT

'മലയാളി പൊളിയല്ലേ'... മലയാളികളെ കുറിച്ച് പറയുമ്പോള്‍ എല്ലാരും അഭിമാനത്തോടെ പറയുന്ന വാക്കാണിത്. ശരിയാണ്, മലയാളി പൊളിയാണ്, പക്ഷേ ഇടക്ക് പൊളിഞ്ഞ് പോകുമെന്ന് മാത്രം, പ്രധാനമായും തട്ടിപ്പില്‍ കുടുങ്ങി തന്നെ... പണ്ടൊക്കെ നമ്മളെ പറ്റിക്കാന്‍ കുറച്ച് പാടായിരുന്നെങ്കില്‍ ഇന്ന് എളുപ്പത്തില്‍ കബളിപ്പിക്കാന്‍ പറ്റുന്ന വിഭാഗമാണ് മലയാളികള്‍. മണി ചെയ്‌നും മോറിസ്‌കോയ്ന്‍ തട്ടിപ്പുമെല്ലാം ഇതിന് ചെറിയ ഉദാഹരണങ്ങള്‍ മാത്രം. കാലം കഴിയുംതോറും സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിക്കുമ്പോള്‍ മാറുന്നത് അതിന്റെ രീതികള്‍ മാത്രമാണ്. ഇതിന് പ്രായവ്യത്യമാസമില്ലാതെ പലരും ഇരകളാകുന്നു.

തളിപ്പറമ്പിനെ ഞെട്ടിച്ച തട്ടിപ്പ്
കഴിഞ്ഞദിവസം കണ്ണൂര്‍ തളിപ്പറമ്പിലെ പ്രദേശവാസികള്‍ ഞെട്ടിത്തരിച്ചത് ഒരു 22 കാരന്റെ നിക്ഷേപത്തട്ടിപ്പ് കഥയറിഞ്ഞാണ്. നിക്ഷേപത്തിന് ദിവസങ്ങള്‍ കൊണ്ട് 30 ശതമനത്തിലധികം റിട്ടേണ്‍ വാഗ്ദാനം നല്‍കിയായിരുന്നു ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസ് പലരില്‍നിന്നായി കോടികള്‍ വാങ്ങിയത്. ഇതിനായി ലോത്ത് ബ്രോക്കിംഗ് കമ്മ്യൂണിറ്റി എന്ന പേരില്‍ ഒരു സ്ഥാപനവും ആരംഭിച്ചിരുന്നു. തുടക്കത്തില്‍ നിക്ഷേപിച്ചവര്‍ക്ക് 30 ശതമാനം ലാഭത്തോടെയുള്ള തുക മടക്കി നല്‍കിയതോടെ പലരും കൂടുതലായി നിക്ഷേപിക്കാന്‍ വന്നു. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ നിക്ഷേപിച്ചവര്‍ ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ മുഹമ്മദ് അബിനാസ് മുങ്ങിയതോടെയാണ് നിക്ഷേപത്തട്ടിപ്പിന്റെ കഥ പുറംലോകമറിഞ്ഞത്.
ഇരയാക്കപ്പെടുന്നവരില്‍ അധികവും പ്രവാസികള്‍
നിക്ഷേപത്തട്ടിപ്പുകളില്‍ അധികവും ഇരയാക്കപ്പെടുന്നത് പ്രവാസികളാണ്. പ്രവാസികള്‍ നേരിട്ടോ കുടുംബാംഗങ്ങള്‍ വഴിയോ ആണ് മോഹനവാഗ്ദാനങ്ങളില്‍ വീണ്, യാതൊരു ഉറപ്പുമില്ലാതെ പണം നിക്ഷേപിക്കുന്നത്. തളിപ്പറമ്പിലെ നിക്ഷേപത്തട്ടിപ്പിലും ഇരയാക്കപ്പെട്ടവരില്‍ കൂടുതലും പ്രവാസികളെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇത്തരം തട്ടിപ്പുകളില്‍ ഇരയാക്കപ്പെടുന്നവരില്‍ അധികവും പരാതി നല്‍കാനോ നിയമപരമായി മുന്നോട്ടുപോകാനോ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത. പലര്‍ക്കും നിക്ഷേപ തുകയുടെ ഉറവിടം വ്യക്തമാക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം.
തളിപ്പറമ്പില്‍ കോടികളുടെ നിക്ഷേപത്തട്ടിപ്പ് അരങ്ങേറിയിട്ടും ഒരാള്‍ പോലും ഇതിനെതിരേ പരാതി നല്‍കിയിട്ടില്ലെന്ന് തളിപ്പറമ്പ് പോലീസ് ധനത്തോട് പറഞ്ഞു. തുക വസൂലാക്കുന്നതിന്, ഒരാളെ തട്ടിക്കൊണ്ടുപോയ കേസ് മാത്രമാണ് ഇതുമായി രജിസ്റ്റര്‍ ചെയ്തതെന്നും പോലീസ് പറയുന്നു.
ചെറുമീനുകള്‍ മുതല്‍ വമ്പന്‍സ്രാവുകള്‍ വരെ
ക്രിപ്‌റ്റോകറന്‍സി, സ്‌റ്റോക്ക് മാര്‍ക്കറ്റ് എന്നിവയില്‍ ട്രേഡിംഗ് നടത്തി ലാഭമുണ്ടാക്കി തരാമെന്ന് പറഞ്ഞാണ്, ഇവയുമായി ബന്ധപ്പെട്ട് യാതൊരു ധാരണയുമില്ലാത്ത, അംഗീകാരമില്ലാത്ത സ്ഥാപനങ്ങളും ആളുകളും പ്രവര്‍ത്തിക്കുന്നത്. പതിനായിരം രൂപ നിക്ഷേപിച്ചാല്‍ മാസം ആയിരം രൂപ ലാഭമായി നല്‍കാമെന്ന വാഗ്ദാനം നല്‍കുന്നവരും കോടികള്‍ക്ക് അതിന് സമാനമായ ലാഭം വാഗ്ദാനം ചെയ്യുന്നവരുമുണ്ട്. വ്യക്തിപരമായി അടുത്ത ബന്ധമുള്ളവരും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവരാണ് ഇവരെ വിശ്വസിച്ച് നിക്ഷേപിക്കുന്നതും. കോവിഡിന് ശേഷം ഓഹരി വിപണിയിലുണ്ടായ കുതിപ്പ് ചൂണ്ടിക്കാട്ടിയാണ് നിക്ഷേപകരെ വിശ്വസിപ്പിക്കുന്നത്.


Tags:    

Similar News