ആര്‍ബിഐ പുറത്തിറക്കുന്ന സ്വര്‍ണബോണ്ടുകള്‍ ഇപ്പോള്‍ വാങ്ങാം; നിക്ഷേപകര്‍ അറിയേണ്ട കാര്യങ്ങള്‍
ഇന്ത്യന്‍ പൗരത്വമുള്ള ഏതൊരു വ്യക്തിക്കും ഒരു വര്‍ഷം കുറഞ്ഞത് ഒരു ഗ്രാം മുതല്‍ നാല് കിലോഗ്രാം വരെയുള്ള തുകയ്ക്ക് ബോണ്ട് രൂപത്തില്‍ സ്വര്‍ണം വാങ്ങാവുന്നതാണ്.
സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ (Sovereign Gold Bonds) പുതിയ സിരീസ് ആരംഭിച്ചു. ഡിസംബർ 27 വരെയുള്ള സബ്സ്ക്രിപ്ഷനിലൂടെ 4 കിലോഗ്രാം സ്വര്‍ണം വരെ വാങ്ങാം. ബാങ്കുകളില്‍ നിന്നു നേരിട്ടും ആപ്പുകള്‍ വഴിയും ബോണ്ടുകള്‍ സ്വന്തമാക്കാം. ഡിജിറ്റലായി വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം വിലക്കുറവും ലഭിക്കും.
കേന്ദ്രസര്‍ക്കാരിനായി റിസര്‍വ് ബാങ്ക് (RBI) പുറത്തിറക്കുന്ന സോവറിന്‍ സ്വര്‍ണബോണ്ടുകള്‍ സുരക്ഷിതമായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാനാകുന്ന എളുപ്പ മാര്‍ഗമാണ്. സാധാരണക്കാര്‍ക്ക് ഭാവിയിലേക്കുള്ള സുരക്ഷിത നിക്ഷേപമായി പണപ്പെരുപ്പത്തെ ചെറുക്കാന്‍ ഈ മാര്‍ഗം സ്വീകരിക്കാം. വാങ്ങുമ്പോഴും വില്ക്കുമ്പോഴും അതാത് വിപണി വില ലഭിക്കുന്നു, എന്നതാണ് ഇവയെ സുരക്ഷിതമാക്കുന്നത്.
ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജൂവലേഴ്സ് അസോസിയേഷന് (India Bullion and Jewellers Association Ltd (IBJA)പ്രസിദ്ധീകരിച്ച 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ അവസാന മൂന്നു ദിവസത്തെ ശരാശരി വിലയിലാണ് സ്വര്‍ണം ലഭ്യമാകുക. ഗ്രാമിന് 5,409 രൂപ വീതം ലഭ്യമാകും. ഓണ്‍ലൈനിലൂടെ വാങ്ങുന്നവര്‍ക്ക് 50 രൂപ ഇളവ് ലഭിക്കും.
എവിടെ നിന്നു വാങ്ങും? എങ്ങനെ ?
ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (ചെറുകിട ഫിനാന്‍സ് ബാങ്കുകളും പേയ്മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎല്‍), ക്ലിയറിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (സിസിഐഎല്‍), നിയുക്ത തപാല്‍ ഓഫീസുകള്‍, അംഗീകൃത സ്റ്റോക്ക് എന്നിവ വഴി സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) ലഭ്യമാകും. എക്സ്ചേഞ്ചുകള്‍ അതായത് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ലിമിറ്റഡ് എന്നിവ വഴിയും സ്വര്‍ണ ബോണ്ടുകള്‍ സ്വന്തമാക്കാം.
അറിയേണ്ട കാര്യങ്ങള്‍ ഒറ്റ നോട്ടത്തില്‍
ഇന്ത്യന്‍ പൗരത്വമുള്ള ഏതൊരു വ്യക്തിക്കും ഒരു വര്‍ഷം കുറഞ്ഞത് ഒരു ഗ്രാം മുതല്‍ നാല് കിലോഗ്രാം വരെയുള്ള തുകയ്ക്ക് ബോണ്ട് രൂപത്തില്‍ സ്വര്‍ണം വാങ്ങാവുന്നതാണ്.
- ഒരു ഗ്രം സ്വര്‍ണമാണ് ഒരു യൂണിറ്റ് ബോണ്ടിന് തത്തുല്യമായിട്ടുള്ളത്.
- സോവറിന്‍ ഗോള്‍ഡ് ബോണ്ടിന്റെ കാലാവധി എട്ട് വര്‍ഷമാണ്.
- ബോണ്ടിന്മേലുള്ള പലിശ അര്‍ധ വാര്‍ഷിക അടിസ്ഥാനത്തില്‍ കാലാവധി തീരുന്നതുവരെ നല്കുന്നു. 2.5 ശതമാനമാണ് നിലവിലെ പലിശ.
- കാലാവധി എട്ട് വര്‍ഷമാണെങ്കിലും അഞ്ചാമത്തെ വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ പിന്‍വലിക്കാനായി 'എക്സിറ്റ്' സൗകര്യവും ഒരുക്കിയിട്ടുണ്ട്.
- ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജൂവല്ലേഴ്സ് അസോസിയേഷന് പുറത്തിറക്കുന്ന മൂന്നുദിവസത്തെ സ്വര്‍ണവിലയുടെ ശരാശരി അടിസ്ഥാനമാക്കിയാണ് പണം പിന്‍വലിക്കുന്ന സമയത്ത് സ്വര്‍ണനിരക്ക് നിശ്ചയിക്കുന്നത്.
- കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ നിക്ഷേപത്തിനും പലിശയ്ക്കും പരമാവധി ഗ്യാരണ്ടി ഉറപ്പാക്കാമെന്നതാണ് ആദ്യത്തേത്.
- റിസര്‍വ് ബാങ്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റ് ആയോ ഓഹരികള്‍ വാങ്ങി സൂക്ഷിക്കുന്ന തരത്തില്‍ ഡീമാറ്റ് രൂപത്തിലോ മാത്രമേ ബോണ്ടുകള്‍ വാങ്ങാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ സ്വര്‍ണനാണയങ്ങള്‍, ആഭരണങ്ങള്‍ എന്നിവ സൂക്ഷിക്കുമ്പോഴുള്ള മോഷണസാധ്യത സോവറിന്‍ ബോണ്ടുകള്ക്കില്ല.
- സ്വര്‍ണത്തിന്റെ വിപണി വില പിന്തുടരുന്നതിനൊപ്പം തന്നെ രണ്ടര ശതമാനം പലിശ കൂടി ലഭിക്കുമെന്നത് നിക്ഷേപകര്‍ക്ക് നേട്ടമാണ്.
- വിവിധ സീരിസുകളിലായി നിശ്ചിത ഇടവേളകളില്‍ പുറത്തിറങ്ങുന്ന ബോണ്ടുകള്‍ തുടര്‍ന്ന് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ട്രേഡിംഗിന് തയ്യാറാവുകയും ചെയ്യുന്നു.
- കാലാവധി കഴിഞ്ഞ് പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി അടയ്ക്കേണ്ടതില്ല എന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട മറ്റൊരു നേട്ടമാണ്. (എന്നാല്‍ ബോണ്ടിന്മേല് ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്)
- സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വായ്പയ്ക്കുള്ള ഈടായി ബാങ്കുകള്‍ സ്വീകരിക്കുന്നതാണ് എന്നതും നിക്ഷേപകര്‍ക്ക് സഹായകമാകുന്ന കാര്യമാണ്.