വളർച്ച കുറയുമെന്ന് ആശങ്ക; വിദേശ സൂചനകൾ നെഗറ്റീവ്; സ്വര്‍ണം കയറുന്നു

രൂപയ്ക്ക് വീണ്ടും താഴ്ച; ക്രിപ്റ്റോകൾ ഇടിവിൽ

Update:2024-12-27 07:57 IST

 

വിപണി അനിശ്ചിതത്വത്തിലാണ്. പാശ്ചാത്യ വിപണികളും ദിശാബോധം പ്രകടമാക്കിയില്ല. എന്നാൽ ഏഷ്യൻ വിപണികൾ ഉയർച്ച പ്രവണത കാണിച്ചു. വിദേശികൾ വിൽപന തുടരുന്നതും ഈ ധനകാര്യ വർഷം ജിഡിപി വളർച്ച 6.5 ശതമാനമായി കുറയുമെന്ന ധനമന്ത്രാലയത്തിൻ്റെ വിലയിരുത്തലും വിപണിയെ താഴാേട്ടു വലിക്കാം.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി വ്യാഴാഴ്ച രാത്രി 23,950 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,860 ആയി. വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

കാര്യമായ വ്യാപാരം നടക്കാത്ത വ്യാഴാഴ്ച യുഎസ് വിപണി ചെറിയ ചാഞ്ചാട്ടത്തിനു ശേഷം നേരിയ നേട്ടത്തിലും നേരിയ നഷ്ടത്തിലുമായി അവസാനിച്ചു. ചാെവ്വാഴ്ച തുടക്കമിട്ട സാന്താ റാലി തുടർന്നില്ല. ടെസ്‌ലയും മെറ്റാ പ്ലാറ്റ്ഫോംസും ആമസോണും എൻവിഡിയയും ആൽഫബെറ്റും താഴ്ന്നു. ആപ്പിൾ ഉയർന്നു. ആപ്പിൾ വിപണിമൂല്യം 3.92 ട്രില്യൺ (ലക്ഷം കോടി) ഡോളർ ആയി.

ഡൗ ജോൺസ് സൂചിക വ്യാഴാഴ്ച 28.77 പോയിൻ്റ് (0.07%) ഉയർന്ന് 43,325.80 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 2.45 പോയിൻ്റ് (0.04%) കുറഞ്ഞ് 6037.59 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 10.77 പോയിൻ്റ് (0.05%) താഴ്ന്ന് 20,020.36 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു താഴ്ചയിലാണ്. ഡൗ 0.13 ഉം എസ് ആൻഡ് പി 0.15 ഉം നാസ്ഡാക് 0.18 ഉം ശതമാനം താഴ്ന്നു.

നിക്ഷേപനേട്ടം 4.585 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില കൂടി.

യൂറോപ്യൻ വിപണികൾ അവധിയിലായിരുന്നു.

ഏഷ്യൻ വിപണികൾ ഇന്നു ഭിന്ന ദിശകളിലാണ്. ജപ്പാനിൽ നിക്കെെ 0.6 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ വിപണി 0.58 ശതമാനം താഴ്ന്നു. അവധിക്കു ശേഷം തുറന്ന ഓസ്ട്രേലിയൻ വിപണി 0.6 ശതമാനം കയറി.

ഇന്ത്യൻ വിപണിയിൽ ദുർബലവ്യാപാരം

ഏതു വഴി എന്നു നിശ്ചയമില്ലാത്ത ഒരു വ്യാപാര ദിനമാണു വ്യാഴാഴ്ച കടന്നുപോയത്. വിപണിയിലെ ചാഞ്ചാട്ടങ്ങളും ഒടുവിൽ കാര്യമായ മാറ്റമില്ലാത്ത ക്ലാേസിംഗും വിപണി വർഷാന്ത്യത്തിലേക്ക് ആശങ്കയോടെ നീങ്ങുന്നു എന്ന ധാരണയാണ് ഉണ്ടാക്കിയത്.

നിഫ്റ്റി 12.55 പോയിൻ്റ് (0.10%) കയറി 23,750.20 ൽ അവസാനിച്ചു. സെൻസെക്സ് 0.39 പോയിൻ്റ് (0.00%) കുറഞ്ഞ് 78,472.48 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 62.30 പോയിൻ്റ് (0.12%) താഴ്ന്ന് 51,170.70 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.12 ശതമാനം കയറി 57,125.70 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.02 ശതമാനം താഴ്ന്ന് 18,728.65 ൽ ക്ലോസ് ചെയ്തു.

വിദേശ നിക്ഷേപകർ വ്യാഴാഴ്ച ക്യാഷ് വിപണിയിൽ 2376.67 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 3336.16 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.

വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1593 ഓഹരികൾ ഉയർന്നപ്പോൾ 2395 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1226 എണ്ണം ഉയർന്നു, താഴ്ന്നത് 1605 എണ്ണം.

ഓട്ടോ, ഫാർമ, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യൂറബിൾസ്, പൊതുമേഖലാ ബാങ്കുകൾ, റിയൽറ്റി തുടങ്ങിയവ ഉയർന്നു. എഫ്എംസിജി, മീഡിയ, മെറ്റൽ, ബാങ്ക് തുടങ്ങിയവ താഴ്ന്നു. ഐടിയും ദുർബലമായിരുന്നു.

നിഫ്റ്റിക്ക് 23,800 നു മുകളിൽ കയറാൻ പറ്റുന്നില്ല. 23,650-23,800 മേഖലയിൽ നിന്നു കടന്നാലേ വിപണിക്കു കയറ്റമാണോ ഇറക്കമാണോ വർഷാന്ത്യം ഒരുക്കിയിട്ടുള്ളത് എന്നറിയാനാകൂ.

നിഫ്റ്റിക്ക് ഇന്ന് 23,675 ലും 23,630 ലും പിന്തുണ കിട്ടാം. 23,830 ഉം 23,950 ഉം തടസങ്ങൾ ആകാം.

കമ്പനികൾ, വാർത്തകൾ

ഇൻഡസ് ഇൻഡ് ബാങ്ക് മൈക്രോ ഫിനാൻസ് ഉപകമ്പനിയുടെ 1573 കോടി രൂപയുടെ ചില്ലറക്കടങ്ങൾ വിൽക്കാൻ തീരുമാനിച്ചു. ബാലൻസ് ഷീറ്റ് ഭദ്രമാക്കുകയാണു ലക്ഷ്യം.

എൻടിപിസിയിൽ നിന്ന് 225 മെഗാവാട്ട് സോളർ പാർക്ക് നിർമാണത്തിന് 897 കോടി രൂപയുടെ കരാർ ജെൻസോൾ എൻജിനിയറിംഗിനു ലഭിച്ചു. ഗുജറാത്തിലെ ഖാവഡയിലാണു പ്രോജക്ട്.

ജയപ്രകാശ് പവർ വെഞ്ചേഴ്സിൻ്റെ നിഗ്രീയിലെ സൂപ്പർ തെർമൽ പവർ പ്ലാൻ്റിൻ്റെ അഞ്ചു വർഷത്തെ

ഓപ്പറേഷൻ - മെയിൻ്റനൻസ് കരാർ പവർ മെക് പ്രോജക്ട്സിനു ലഭിച്ചു. 186 കോടി രൂപയാണു കരാർ തുക.

കൊക്ക കോളയുടെ വിവിധ പാനീയങ്ങളും ഉൽപണങ്ങളും ബോട്ട്ലർമാരിൽ നിന്നു വാങ്ങാൻ ജൂബിലൻ്റ് ഫുഡ് വർക്സ് കരാർ ഉണ്ടാക്കി. മാർക്കറ്റിംഗ് ജൂബിലൻ്റ് നടത്തും.

സെല്ലെകോർ ബ്രാൻഡ് റഫ്രിജറേറ്റുകളും ഘടകഭാഗങ്ങളും നിർമിക്കുന്നതിനു ഡിക്സൺ ടെക്നോളജീസിന് കരാർ ലഭിച്ചു.

എസ്കെഎഫ് ഇന്ത്യ കമ്പനിയുടെ ഇൻഡസ്ട്രിയൽ ബിസിനസ് വിഭാഗം എസ്കെഎഫ് ഇന്ത്യ (ഇൻഡസ്ട്രിയൽ) എന്ന പേരിൽ ഉപകമ്പനിയാക്കി ലിസ്റ്റ് ചെയ്യും. എസ്കെഎഫ് ഇന്ത്യയുടെ ഓഹരി ഉടമകൾക്ക് ഒന്നിന് ഒന്ന് ക്രമത്തിൽ പുതിയ കമ്പനിയുടെ ഓഹരികൾ കിട്ടും.

ലെമൺ ട്രീ ഹോട്ടൽസ് മഹാരാഷ്ട്രയിലെ ബാപനെയിൽ 76 മുറികൾ ഉള്ള ഹോട്ടലിനു ലൈസൻസ് കരാറിൽ ഏർപ്പെട്ടു. ഹോട്ടൽ 2026 ആദ്യം പ്രവർത്തനസജ്ജമാകും.

സ്വർണം ഉയരുന്നു

സ്വർണവില കയറ്റം തുടർന്നു. വ്യാഴാഴ്ച വ്യാപാരവ്യാപ്തം കുറവായിരുന്നെങ്കിലും വില 0.40 ശതമാനം കയറി. യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില കുറയുകയും അവയിലെ നിക്ഷേപനേട്ടം ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന 4.6 ശതമാനത്തിൽ എത്തുകയും ചെയ്തു. ഇതു സ്വർണത്തെ ഉയർത്തി. 2025-ൽ യുഎസ് സർക്കാർ കമ്മി കൂട്ടുമെന്നും അപ്പോൾ കടപ്പത്ര വില കുറയുമെന്നും ആണു നിഗമനങ്ങൾ. പലിശ കുറയ്ക്കൽ നീണ്ടു പോകും. ആ സാഹചര്യം സ്വർണത്തിനു ഡിമാൻഡ് കൂട്ടും എന്നു വിപണി കണക്കാക്കുന്നു. വ്യാഴാഴ്ച സ്വർണം 15.20 ഡോളർ കയറി ഔൺസിന് 2634.20 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2633 ഡോളർ ആയി.

കേരളത്തിൽ വ്യാഴാഴ്ച സ്വർണവില 200 രൂപ വർധിച്ച് പവന് 57,000 രൂപ ആയി. ഇന്നും വില കൂടാം.

വെള്ളിവില ഔൺസിന് 29.74 ഡോളറിലേക്ക് കയറി.

രൂപയ്ക്ക് വീണ്ടും താഴ്ച

വ്യാഴാഴ്ച കറൻസി വിപണിയിൽ ഡോളർ കയറിയിറങ്ങി. ഒടുവിൽ ഡോളർ സൂചിക 108.08 ൽ ക്ലോസ് ചെയ്തു.

രൂപ വീണ്ടും ദുർബലമായി. ഡോളർ 85.26 എന്ന റെക്കോർഡ് നിലയിൽ ക്ലാേസ് ചെയ്തു. ഫോർവേഡ് വിപണിയിൽ ഡോളർ 85.50 രൂപ കടന്നു. രൂപ ഇനിയും ദുർബലമാകാം എന്നാണു സൂചന. അതേസമയം പ്രമുഖ വാണിജ്യ പങ്കാളികളുടെ കറൻസികളുമായി താരതമ്യപ്പെടുത്തി തയാറാക്കുന്ന റിയൽ ഇഫക്ടീവ് എക്സ്ചേഞ്ച് റേറ്റിൽ രൂപ ഇപ്പോഴും പ്രീമിയത്തിലാണ്. ആ സൂചിക ഒക്ടോബറിലെ 107-ൽ നിന്ന് നവംബറിൽ 108 നു മുകളിലായി. ചൈനീസ് കറൻസി യുവാനും ഈയാഴ്ചകളിൽ ദുർബലമായി. യുവാനു സമാന്തരമായാണ് റിസർവ് ബാങ്ക് രൂപയെ നയിക്കുന്നത്.

ക്രൂഡ് ഓയിൽ ഇന്നലെ ഉയർന്നിട്ടു താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വ്യാഴാഴ്ച 74 ഡോളറിൽ എത്തിയ ശേഷം താഴ്ന്ന് 73.25 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.24 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 69.64 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.21 ഉം ഡോളറിൽ നിൽക്കുന്നു.

ക്രിപ്റ്റോകൾ ഇടിവിൽ

ക്രിപ്റ്റോ കറൻസികൾ വീണ്ടും ഇടിവിലായി. ഇന്നലെ ഒരു ലക്ഷം ഡോളറിനടുത്ത് എത്തിയ ബിറ്റ്കോയിൻ പിന്നീടു താഴ്ന്ന് 95,700 ഡോളറിനു താഴെയായി. ഈഥർ വില 3330 ഡോളറിലായി.

ലോഹ വിപണികൾ ഇന്നലെ അവധിയായിരുന്നു.

വിപണി സൂചനകൾ

(2024 ഡിസംബർ 26, വ്യാഴം)

സെൻസെക്സ് 30 78,472.48 -0.00%

നിഫ്റ്റി50 23,750.20 +0.10%

ബാങ്ക് നിഫ്റ്റി 51,170.70 -0.12%

മിഡ് ക്യാപ് 100 57,125.70 +0.12%

സ്മോൾ ക്യാപ് 100 18,728.65 +0.02%

ഡൗ ജോൺസ് 43,325.80 +0.07%

എസ് ആൻഡ് പി 6037.59 -0.04%

നാസ്ഡാക് 20,020.40 -0.05%

ഡോളർ($) ₹85.26 +₹0.06

ഡോളർ സൂചിക 108.08 -0.18

സ്വർണം (ഔൺസ്) $2634.20 +$15.20

സ്വർണം(പവൻ) ₹57,000 +₹ 200.00

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.25 -$00.33

Tags:    

Similar News