വീണ്ടും ഫ്‌ളാറ്റായി വിപണി! വിഴിഞ്ഞത്തിന്റെ ചിറകില്‍ പറന്ന് അദാനി കമ്പനി, ധനലക്ഷ്മി ബാങ്കിനും മികച്ച നേട്ടം
ക്രിസ്മസ് - പുതുവത്സര ആഘോഷത്തിന്റെ ആലസ്യം നിക്ഷേപകരുടെ ആവേശം കെടുത്തിയെന്നാണ് കരുതുന്നത്
ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്നും ഫ്‌ളാറ്റായി വ്യാപാരം അവസാനിപ്പിച്ചു. ക്രിസ്മസ് - പുതുവത്സര ആഘോഷത്തിന്റെ ആലസ്യം നിക്ഷേപകരുടെ ആവേശം കെടുത്തിയെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷത്തെ യു.എസ് ഫെഡറല്‍ റിസര്‍വ് നിരക്കുകളിലെ മാറ്റവും ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളിലുമാണ് നിക്ഷേപകരുടെ ശ്രദ്ധ. ഡിസംബര്‍ മാസത്തെ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഒപ്ഷന്‍സ് (എഫ് ആന്‍ഡ് ഒ) കോണ്‍ട്രാക്ട് അവസാനിക്കുന്ന ദിവസത്തിലാണ് വിപണിയുടെ ആവേശക്കുറവെന്നതും ശ്രദ്ധേയം. വിദേശ നിക്ഷേപകരുടെ വില്‍പ്പന സമ്മര്‍ദ്ദം, ആഗോള - ഇന്ത്യന്‍ വിപണികളില്‍ കാര്യമായ സംഭവവികാസങ്ങള്‍ ഉണ്ടാകാതിരുന്നത്, രൂപയുടെ വിലയിടിവ്, അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് തുടങ്ങിയ ഘടകങ്ങളും വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.
78,472.87 എന്ന നിലയില്‍ കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത സെന്‍സെക്‌സ് ഇന്നത്തെ വ്യാപാരത്തില്‍ ഒരുവേള ഇന്‍ട്രാഡേയില്‍ 78,898.37ലെത്തിയെങ്കിലും 78,472.48 പോയിന്റിലാണ് വ്യാപാരം നിറുത്തിയത്. 0.39 നഷ്ടത്തോടെ സെന്‍സെക്‌സില്‍ ചുവപ്പ് കത്തി. നിഫ്റ്റിയാകട്ടെ 22.55 പോയിന്റുകള്‍ ഉയര്‍ന്ന് (0.10 ശതമാനം) 23,750 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 0.11 ശതമാനം ഉയര്‍ന്നപ്പോള്‍ ബി.എസ്.ഇ സ്മാള്‍ക്യാപ് സൂചിക 0.24 ശതമാനം ഇടിഞ്ഞു.
വിശാല വിപണിയില്‍ നിഫ്റ്റി ഓട്ടോ, ഹെല്‍ത്ത് കെയര്‍, ഫാര്‍മ സൂചികകള്‍ ഒരു ശതമാനത്തോളം ഉയര്‍ന്നു. എന്നാല്‍ നിഫ്റ്റി മീഡിയ കൂപ്പുകുത്തിയത് 1.46 ശതമാനം നഷ്ടത്തിലും. നിഫ്റ്റി ബാങ്ക്, എഫ്.എം.സി.ജി, ഐ.ടി, മെറ്റല്‍, പ്രൈവറ്റ് ബാങ്ക് എന്നീ സൂചികളും ഇന്ന് നഷ്ടത്തിലാണ്. ഫിനാന്‍ഷ്യല്‍ സര്‍വീസ്, പി.എസ്.യു ബാങ്ക്, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഇന്നത്തെ വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി.
വിഴിഞ്ഞത്തില്‍ നേട്ടമുണ്ടാക്കി അദാനി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നൂറാമത്തെ വാണിജ്യ കപ്പലടുത്ത വാര്‍ത്തകള്‍ക്ക് പിന്നാലെ കുതിച്ചു കയറിയ അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡാണ് (എ.പി.എസ്.ഇ.ഇസഡ്) ഇന്നത്തെ വിപണിയിലെ താരം. കമ്പനിയുടെ വളര്‍ച്ചയെ വിഴിഞ്ഞം തുറമുഖം മുന്നില്‍ നിന്ന് നയിക്കുമെന്ന് അദാനി പോര്‍ട് എം.ഡി കരണ്‍ അദാനി ട്വീറ്റ് ചെയ്തിരുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ 2028നുള്ളില്‍ പൂര്‍ത്തിയാക്കാനുള്ള കരാര്‍ അടുത്തിടെ അദാനി പോര്‍ടും കേരള സര്‍ക്കാരും തമ്മില്‍ ഒപ്പുവച്ചിരുന്നു. ഏതാണ്ട് 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷിക്കുന്നത്. ഇന്ന് 1,182.20 രൂപയില്‍ വ്യാപാരം ആരംഭിച്ച കമ്പനിയുടെ ഓഹരി 5.22 ശതമാനം കയറി 1,243.95 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഇതിന് പുറമെ അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് തുടങ്ങിയ അദാനി കമ്പനികളും ഇന്നത്തെ ലാഭ പട്ടികയില്‍ മുന്നിലുണ്ട്.
ലാഭക്കണക്കും നഷ്ടക്കണക്കും
ഊര്‍ജ ഗതാഗത രംഗത്തെ പ്രമുഖ കമ്പനിയായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷ്യന്‍സ് ലിമിറ്റഡും ഇന്നത്തെ ലാഭക്കണക്കില്‍ മുന്നിലെത്തി. ആറ് ദിവസത്തെ താഴ്ചക്ക് ശേഷമാണ് ഇന്ന് 4.11 ശതമാനം ഓഹരി വില ഉയര്‍ന്നത്. 713.70 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇന്ന് 743 രൂപയിലെത്തി. രാജ്യത്തെ ഊര്‍ജ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പവര്‍ ഫിനാന്‍സ് കോര്‍പറേഷന്റെ ഓഹരികളും ഇന്ന് നേട്ടത്തിലാണ്.
പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡായ ജോക്കിയുടെ നിര്‍മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നില്‍. 48,861.05 രൂപയില്‍ ഇന്നത്തെ വ്യാപാരം ആരംഭിച്ച കമ്പനിയുടെ ഓഹരി വില 3.48 ശതമാനം ഇടിഞ്ഞ് 47,162 രൂപയിലെത്തി. ബന്ധന്‍ ബാങ്ക്, ടോറന്റ് പവര്‍, എസ്.ബി.ഐ കാര്‍ഡ്‌സ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസ്, ഭാരത് ഡൈനാമിക്‌സ് തുടങ്ങിയ കമ്പനികളും ഇന്ന് നഷ്ടത്തിലാണ്.
താരമായി ധനലക്ഷ്മി ബാങ്ക്
7.05 ശതമാനം ഉയര്‍ന്ന ധനലക്ഷ്മി ബാങ്കിന്റെ ഓഹരികളാണ് കേരള കമ്പനികളിലെ ഇന്നത്തെ താരം. 41.84 രൂപയില്‍ ആരംഭിച്ച വ്യാപാരം 44.79 രൂപയിലാണ് ഇന്ന് അവസാനിച്ചത്. അപ്പോളോ ടയേഴ്‌സ്, ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി, സി.എസ്.ബി ബാങ്ക്, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ്, കല്യാണ്‍ ജുവലേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് എന്നീ കമ്പനികളുടെ ഓഹരി വില ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍, എ.വി.റ്റി നാചുറല്‍ പ്രോഡക്ട്‌സ്, ഫെഡറല്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, മുത്തൂറ്റ് ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് പോലുള്ള കമ്പനികളുടെ ഓഹരികളും ഇന്ന് ലാഭത്തിലാണ് വ്യാപാരം നിറുത്തിയത്.
അതേസമയം, ബി.പി.എല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഹാരിസണ്‍ മലയാളം, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസ്, പോപ്പീസ് കെയര്‍, പ്രൈമ ഇന്‍ഡസ്ട്രീസ്, സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ്, ടോളിന്‍സ് ടയേഴ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് എന്നീ ഓഹരികളാണ് ഇന്നത്തെ നഷ്ടക്കണക്കിലെ പ്രധാനികള്‍.