ഇനി വർഷാന്ത്യ ആശങ്കകൾ; ദിശാബോധം കിട്ടാതെ വിപണി; ചാഞ്ചാട്ടം തുടരാം
റിസർവ് ബാങ്ക് വിലയിരുത്തലിൽ ആശ്വാസം; രൂപ വീണ്ടും താഴാം
വിപണി വർഷാന്ത്യത്തിലേക്കു നീങ്ങുകയാണ്. 2025-ൽ ഡോണൾഡ് ട്രംപിൻ്റെ വ്യാപാരയുദ്ധങ്ങളും യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും പോരാട്ടങ്ങളും സാമ്പത്തിക -ബിസിനസ് മേഖലകളെ എങ്ങനെ ബാധിക്കും എന്ന ആശങ്ക വിപണിയിൽ ശക്തമാണ്. കുറേക്കൂടി മെച്ചപ്പെട്ട വളർച്ച ഉണ്ടാകാവുന്ന വിധം പലിശ നിരക്കുകൾ കുറയുമോ എന്നാണു വിപണി ആകാംക്ഷയോടെ ശ്രദ്ധിക്കുന്നത്. ഈ ആശങ്കയും ആകാംക്ഷയും വിപണിയുടെ ഇനിയുള്ള ദിവസങ്ങളിലെ വ്യാപാരത്തിൽ പ്രതിഫലിക്കും.
ഇന്ത്യൻ ജിഡിപി വളർച്ച ഒക്ടോബർ - ഡിസംബർ പാദത്തിൽ മെച്ചപ്പെടും എന്ന റിസർവ് ബാങ്ക് വിലയിരുത്തൽ വിപണിക്ക് അൽപം ആശ്വാസമാകും.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചൊവ്വാഴ്ച രാത്രി 23,816 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 23,803 ആയി. വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
ചൊവ്വാഴ്ച നേരത്തേ അടച്ച യുഎസ് വിപണി മിതമായ 'സാന്താ റാലി' കാഴ്ചവച്ചു. മുഖ്യ സൂചികകൾ 0.9 മുതൽ 1.4 വരെ ശതമാനം കയറി. 1.15 ശതമാനം ഉയർന്ന ആപ്പിൾ വിപണിമൂല്യം 3.9 ട്രില്യൺ (ലക്ഷം കോടി) ഡോളർ ആയി ഉയർത്തി.
ഡൗ ജോൺസ് സൂചിക ചൊവ്വാഴ്ച 390.08 പോയിൻ്റ് (0.91%) ഉയർന്ന് 43,297.03 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 65.97 പോയിൻ്റ് (1.10%) നേട്ടത്തോടെ 6040.04 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 266.24 പോയിൻ്റ് (1.35%) ഉയർന്ന് 20,031.13 ൽ ക്ലോസ് ചെയ്തു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ഭിന്ന ദിശകളിലാണ്. ഡൗ 0.07 ഉം എസ് ആൻഡ് പി 0.05 ഉം ശതമാനം താഴ്ന്നു. നാസ്ഡാക് 0.11 ശതമാനം ഉയർന്നു.
നിക്ഷേപനേട്ടം 4.6 ശതമാനം കിട്ടുന്ന നിലയിലേക്ക് യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില താഴ്ന്നെങ്കിലും പിന്നീടു നിക്ഷേപ നേട്ടം 4.597 ശതമാനത്തിലേക്കു കുറഞ്ഞു.
യൂറോപ്യൻ സൂചികകൾ ചൊവ്വാഴ്ച ഭിന്നദിശകളിലായി. ജർമൻ സൂചിക താണു. യുകെ, ഫ്രഞ്ച് സൂചികകൾ കയറി. കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞ ഔഷധഭീമൻ നോവോ നോർഡിസ്കിൻ്റെ ഓഹരി 5.7 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ 0.4 ശതമാനം ഉയർന്നു. ദക്ഷിണ കൊറിയൻ വിപണി കാൽ ശതമാനം കയറി.
ആശ്വാസറാലി കഴിഞ്ഞപ്പാേൾ ദൗർബല്യം
വിപണി ആശ്വാസറാലിയോടുകൂടി ഈ ആഴ്ച തുടങ്ങിയെങ്കിലും ചൊവ്വാഴ്ച മുന്നേറ്റം തുടരാനായില്ല. ചാഞ്ചാട്ടങ്ങൾക്കു ശേഷം മുഖ്യ സൂചികകൾ നേരിയ നഷ്ടത്തിൽ അവസാനിച്ചു. വിദേശികൾ വിൽപന തുടർന്നു. വാഹന, എഫ്എംസിജി, ഓയിൽ - ഗ്യാസ് മേഖലകൾ ഒഴികെ എല്ലാ മേഖലകളും നഷ്ടത്തിൽ അവസാനിച്ചു. എങ്കിലും നിഫ്റ്റി 23,700 നു മുകളിൽ നിന്നത് ബുള്ളുകൾക്ക് പ്രതീക്ഷ പകരുന്നുണ്ട്.
നിഫ്റ്റി 25.80 പോയിൻ്റ് (0.11%) താഴ്ന്ന് 23,727.65 ൽ അവസാനിച്ചു. സെൻസെക്സ് 67.30 പോയിൻ്റ് (0.086%) കുറഞ്ഞ് 78,472.87 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 84.60 പോയിൻ്റ് (0.16%) താഴ്ന്ന് 51,233.00 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.06 ശതമാനം കുറഞ്ഞ് 57,057.90 ൽ എത്തിയപ്പോൾ സ്മോൾ ക്യാപ് സൂചിക 0.24 ശതമാനം നേട്ടത്തോടെ 18,732.65 ൽ ക്ലോസ് ചെയ്തു.
വിദേശ നിക്ഷേപകർ ചൊവ്വാഴ്ച ക്യാഷ് വിപണിയിൽ 2454.21 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും ധനകാര്യ സ്ഥാപനങ്ങളും കൂടി 2819.25 കോടി രൂപയുടെ അറ്റ വാങ്ങലും നടത്തി.
വിശാലവിപണിയിലെ കയറ്റ - ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി തുടർന്നു. ബിഎസ്ഇയിൽ 1936 ഓഹരികൾ ഉയർന്നപ്പോൾ 2060 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 1446 എണ്ണം ഉയർന്നു, താഴ്ന്നത് 1348 എണ്ണം.
നിഫ്റ്റി 23,700 നു മുകളിൽ തുടരുന്നത് ബുള്ളുകൾക്കു പ്രതീക്ഷ പകരുന്നു. 24,000 ശക്തമായി കടന്നാലേ സൂചിക മുന്നേറ്റത്തിനു കരുത്തു നേടി എന്നു പറയാനാകൂ. നിഫ്റ്റിക്ക് ഇന്ന് 23,690 ലും 23,650 ലും പിന്തുണ കിട്ടാം. 23,830 ഉം 23,940 ഉം തടസങ്ങൾ ആകാം.
കമ്പനികൾ, വാർത്തകൾ
ഗ്ലാൻഡ് ഫാർമയുടെ ഫ്രാൻസിലെ പ്ലാൻ്റിൽ ഫ്രഞ്ച് അധികൃതരുടെ പരിശോധനയിൽ പത്തു മാറ്റങ്ങൾ നിർദ്ദേശിച്ചു.
127 കോടി രൂപയുടെ പോളിയോ വാക്സിൻ നൽകാൻ പാനേഷ്യ ബയോടെക്കിന് യുനിസെഫിൽ നിന്ന് ഓർഡർ ലഭിച്ചു.
ഹൈദരാബാദ് വാട്ടർ സപ്ലൈ ബോർഡിൽ നിന്ന് അഞ്ചു വർഷത്തേക്കുള്ള 215 കോടി രൂപയുടെ കരാർ റാംകി ഇൻഫ്രാസ്ട്രക്ചറിനു ലഭിച്ചു.
അപ്പോളോ ഹോസ്പിറ്റൽസിൻ്റെ ഉപകമ്പനിയായ അപ്പോളോ ഹെൽത്ത്കോ, ബെംഗളൂരുവിലെ ഹെൽത്ത് കെയർ ഡാറ്റാ അനലിറ്റിക്സ് കമ്പനിയായ സെർച്ച്ലൈറ്റ് ഹെൽത്തിനെ 67.5 കോടി രൂപയ്ക്കു വാങ്ങി.
കെെഗാൾ ഇന്ത്യക്ക് ലുധിയാന - ഭാട്ടിൻഡ ആറുവരിപ്പാതയുടെ നിർമാണത്തിന് 981 കോടി രൂപയുടെ കരാർ ലഭിച്ചു.
ഇപായ്ക്ക് ഡ്യൂറബിളിൽ 26 ശതമാനം ഓഹരി എടുക്കാൻ ചൈനയുടെ ഹൈസെൻസ് എന്ന കമ്പനി ചർച്ച ആരംഭിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
റിന്യൂവബിൾ എനർജി രംഗത്തുള്ള ക്ലീൻ മാക്സ് സഫയർ എന്ന കമ്പനിയിൽ അൾട്രാടെക് സിമൻ്റ് 26 ശതമാനം ഓഹരി എടുത്തു.
അൾട്രാടെക് ഇന്ത്യാ സിമൻ്റ്സിൽ മൊത്തം 55.49 ശതമാനം ഓഹരി സ്വന്തമാക്കി അതിനെ ഉപകമ്പനിയായി മാറ്റി. ഇതേ തുടർന്ന് ഇന്ത്യാ സിമൻ്റ്സ് പ്രൊമോട്ടർ എൻ. ശ്രീനിവാസൻ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു.
എൻടിപിസിക്കു വേണ്ടി 756 കോടി രൂപയുടെ 150 മെഗാവാട്ട് സൗരോർജ പദ്ധതിയുടെ കരാർ ബിപിസിഎലിനു ലഭിക്കും എന്ന് ഉറപ്പായി. ബിപിസിഎൽ ആണ് ഏറ്റവും കുറഞ്ഞ തുകയുടെ ടെൻഡർ നൽകിയത്.
സ്വർണം കയറി
സ്വർണവില അൽപാൽപം കയറുകയാണ്. ചൊവ്വാഴ്ച സ്വർണം 5.40 ഡോളർ കയറി ഔൺസിന് 2619.00 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2628.50 ഡോളർ ആയി.
കേരളത്തിൽ ചൊവ്വാഴ്ച സ്വർണവില 80 രൂപ കുറഞ്ഞ് പവന് 56,720 രൂപയിൽ എത്തി. ഇന്നലെ 80 രൂപ കയറി വീണ്ടും 56,800 രൂപയായി. ഇന്നും വില കൂടാം.
വെള്ളിവില ഔൺസിന് 29.65 ഡോളറിലേക്ക് കയറി.
ഡോളർ കയറുന്നു
കറൻസി വിപണിയിൽ ഡോളർ ചൊവ്വാഴ്ചയും ഉയർന്നു. ഡോളർ സൂചിക 108.26 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 108.18 ലേക്കു താഴ്ന്നു.
രൂപ വീണ്ടും ദുർബലമായി. ഡോളർ 85.20 എന്ന റെക്കോർഡ് നിലയിൽ ക്ലാേസ് ചെയ്തു. ഫോർവേഡ് വിപണിയിൽ ജനുവരി 30 അവധി ഡോളർ 85.44 രൂപയിലാണ്. രൂപ ഇനിയും ദുർബലമാകാം എന്നാണു സൂചന.
ക്രൂഡ് ഓയിൽ നാമമാത്രമായി കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ ചൊവ്വാഴ്ച 73.58 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 73.74 ഡോളർ ആയി. ഡബ്ല്യുടിഐ ഇനം 70.29 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.19 ഉം ഡോളറിൽ നിൽക്കുന്നു.
ക്രിപ്റ്റോകൾ തിരിച്ചു കയറി
കഴിഞ്ഞയാഴ്ച ഫെഡ് തീരുമാനത്തെ തുടർന്ന് ഇടിഞ്ഞ ക്രിപ്റ്റോ കറൻസികൾ ക്രിസ്മസ് കഴിഞ്ഞതോടെ തിരിച്ചു കയറി. ബിറ്റ് കോയിൻ 99,500 ഡോളറിനടുത്താണ്. ഈഥർ വില 3500 ഡോളറിലായി.
മിക്ക വ്യാവസായിക ലോഹങ്ങളും ചൊവ്വാഴ്ച നേട്ടത്തിൽ അവസാനിച്ചു. ചെമ്പ് 0.50 ശതമാനം കയറി ടണ്ണിന് 8845.65 ഡോളറിൽ എത്തി. അലൂമിനിയം 1.08 ശതമാനം ഉയർന്ന് ടണ്ണിന് 2554.35 ഡോളർ ആയി. സിങ്ക് 0.83 ഉം നിക്കൽ 1. 31 ഉം ശതമാനം ഉയർന്നു. ലെഡ് 0.49 ഉം ടിൻ 0.25 ഉം ശതമാനം താഴ്ന്നു.
വിപണി സൂചനകൾ
(2024 ഡിസംബർ 24, ചൊവ്വ)
സെൻസെക്സ് 30 78,472.87 -0.086%
നിഫ്റ്റി50 23,727.65 -0.11%
ബാങ്ക് നിഫ്റ്റി 51,233.00 -0.16%
മിഡ് ക്യാപ് 100 57,057.90 -0.06%
സ്മോൾ ക്യാപ് 100 18,732.65 +0.24%
ഡൗ ജോൺസ് 43,297.03 +0.91%
എസ് ആൻഡ് പി 6040.04 +1.10%
നാസ്ഡാക് 20,031.13 +1.35%
ഡോളർ($) ₹85.20 +₹0.08
ഡോളർ സൂചിക 108.26 +0.22
സ്വർണം (ഔൺസ്) $2619.00 +$04.40
സ്വർണം(പവൻ) ₹56,720 -₹80.00
ബുധൻ ₹56,800 +₹80.00
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $73.58 +$00.58