അറിയാം, ലോകത്തെ പ്രധാന ഓഹരി സൂചികകള്‍!

വിപണിയിലെ പ്രമുഖ ഓഹരി സൂചികകള്‍ പരിചയപ്പെടാം

Update:2024-12-25 11:00 IST

Image Courtesy: Canva

തെര്‍മോമീറ്റര്‍ എല്ലാവര്‍ക്കും സുപരിചിതമാണല്ലോ. നമ്മുടെ ശരീരത്തിന്റെ താപനില അളക്കുന്ന ഉപകരണമാണ് തെര്‍മോമീറ്റര്‍. അതുപോലെ ഓഹരികള്‍, ബോണ്ട്, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ ഒരുകൂട്ടം നിക്ഷേപ ആസ്തികളുടെ പ്രകടനം അളക്കുന്നതാണ് വിപണി സൂചിക. ഒരു പ്രത്യേക മേഖല, വിപണി വിഭാഗം അല്ലെങ്കില്‍ ഓഹരി വിപണി മൊത്തമായി അടിസ്ഥാനമാക്കിയാണ് നിക്ഷേപ ആസ്തികള്‍ തിരഞ്ഞെടുക്കുന്നത്. 1884ല്‍ ചാള്‍സ് ഡൗ യുഎസ് വിപണിക്ക് വേണ്ടി അവതരിപ്പിച്ച ദി ഡൗ ജോണ്‍സ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്‍ഡക്സ് ആണ് ലോകത്തിലെ ആദ്യത്തെ ഓഹരി വിപണി സൂചികയായി പരിഗണിക്കപ്പെടുന്നത്.
സൂചികകള്‍ കണക്കാക്കാന്‍ പ്രധാനമായും മൂന്ന് രീതികളാണ് ഉപയോഗിക്കുന്നത്. Equal weighted index, Market cap weighted index, Price weighted index.

ഓഹരി വിപണി സൂചികകള്‍

$ ബിഎസ്ഇ സെന്‍സെക്സ്: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ട്രേഡ് ചെയ്യുന്ന 30 ലാര്‍ജ് ക്യാപ് ഓഹരികള്‍ അടങ്ങിയതാണ് ബിഎസ്ഇ സെന്‍സെക്സ് സൂചിക. ഫ്രീ ഫ്ളോട്ട് രീതിയിലാണ് ഇവിടെ മൂല്യം കണക്കാക്കുന്നത്. അതായത് കമ്പനിയുടെ ആകെ ഓഹരികളില്‍ നിന്ന് ഡയറക്റ്റര്‍മാര്‍, പ്രമോട്ടര്‍മാര്‍ തുടങ്ങിയ കമ്പനിക്കകത്തുള്ളവര്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികളും സര്‍ക്കാരോ സര്‍ക്കാര്‍ സ്ഥാപനങ്ങളോ കൈവശം വെച്ചിരിക്കുന്ന ഓഹരികളും കുറക്കുന്നു. ബാക്കി വരുന്ന ഓഹരികള്‍ കമ്പനി ഓഹരികളുടെ അതാത് ദിവസത്തെ വിപണി വില കൊണ്ട് ഗുണിച്ച് മൂല്യം കണക്കാക്കുന്നു. ഇതിനെയാണ് ഫ്രീ ഫ്ളോട്ട് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ എന്ന് വിളിക്കുന്നത്. ഇങ്ങനെ കിട്ടുന്ന മൂല്യത്തെ അടിസ്ഥാന വിപണി മൂലധനം (
base market capitalisation
) കൊണ്ട് ഹരിച്ച് അടിസ്ഥാന സൂചിക മൂല്യം (Base index value) കൊണ്ട് ഗുണിക്കുന്നു.
അടിസ്ഥാന വിപണി മൂലധനം 2,501.24 കോടി രൂപയാണ്. 1978-79 അടിസ്ഥാന വര്‍ഷമാക്കി 1986ലാണ് സൂചിക നിലവില്‍ വന്നത്. അടിസ്ഥാന സൂചിക മൂല്യം 100 ആണ്. അതിനാല്‍ സൂചിക കണക്കാക്കുന്നതിനുള്ള സൂത്രവാക്യം താഴെ കൊടുക്കുന്നു.

BSE SENSEX = (Total free float market capitalisation/Base market capitalisation) x Base index value.

$ നിഫ്റ്റി 50: എന്‍എസ്ഇയില്‍ സജീവമായി വില്‍പ്പന ചെയ്യപ്പെടുന്ന 50 ഓഹരികളുള്ള നിഫ്റ്റി 50യെ വിശാല സൂചികയായി കണക്കാക്കുന്നു. അടിസ്ഥാന കാലയളവ് 1995 നവംബര്‍ മൂന്നാണ്. സൂചികയുടെ അടിസ്ഥാന മൂല്യം 1000 ആയും അടിസ്ഥാന മൂലധനം 2.06 ലക്ഷം കോടി രൂപയായും നിശ്ചയിച്ചിരിക്കുന്നു. ഒരു ഫ്രീ ഫ്ളോട്ട് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഉപയോഗിച്ച് വെയ്റ്റഡ് രീതിശാസ്ത്രം വെച്ചാണ് സൂചിക കണക്കാക്കുന്നത്.

NIFTY 50 = (Total free market capitalisation/Base market capitalisation)x Base index value
$ ഡൗ ഡോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് (ഡൗ ജോണ്‍സ് സൂചിക): ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 30 പ്രമുഖ കമ്പനികളുടെ ഓഹരി സൂചികയാണ് ഡൗ ജോണ്‍സ്ഇന്‍ഡസ്ട്രിയല്‍ ആവറേജ് എന്ന ഡൗ ജോണ്‍സ്. ലളിതമായി ഡൗ എന്നും ഇതിനെ വിളിക്കുന്നു. ഏറെ പഴക്കമുള്ളതും ആഗോളതലത്തില്‍ ഏറെ സ്വീകാര്യതയുള്ളതുമായ ഓഹരി സൂചികയാണിത്. പ്രൈസ് വെയ്റ്റഡ് സൂചികയാണ് ഇത്. സൂചികയിലെ കമ്പനികളുടെ ഓഹരി വിലയുടെ ആകെ തുകയെ ഒരു അംശം കൊണ്ട് ഹരിക്കുന്നു. 2024 ഏപ്രിലിലെ കണക്കനുസരിച്ച് അംശം 0.152 ആണ്. 1896 മെയ് 26നാണ് സൂചികയുടെ മൂല്യം ആദ്യമായി കണക്കാക്കിയത്. ലോകത്തെ ഓഹരി വിപണികളുടെ മാതാവ് എന്നാണ് ഈ സൂചിക വിശേഷിക്കപ്പെടുന്നത്.
$ എഫ്ടിഎസ്ഇ 100 സൂചിക: ദി ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക്ക് എക്സ് ചേഞ്ച് 100 സൂചിക എഫ്ടിഎസ്ഇ 100 സൂചിക എഫ്ടിഎസ്ഇ 100, എഫ്ടിഎസ്ഇ എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നു. ഉയര്‍ന്ന വിപണി മൂല്യവുമായി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട 100 കമ്പനികളുടെ സൂചികയാണിത്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ വെയ്റ്റഡ് സൂചികയാണിത്. 1984ലാണ് തുടക്കം.
$ നിക്കി 225: ടോക്യോ സ്റ്റോക്ക് എക്സ്ചേഞ്ചു (ടിഎസ്ഇ) മായി ബന്ധപ്പെട്ട ഓഹരി വിപണി സൂചികയാണ് നിക്കി 225 അല്ലെങ്കില്‍ നിക്കി സൂചിക. ഒരു പ്രൈസ് വെയ്റ്റഡ് സൂചികയാണിത്. ടിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 225 വന്‍കിട കമ്പനികളുടെ സൂചികയാണിത്.
$ ഡാക്സ് 30: ഫ്രാങ്ക്ഫര്‍ട്ട് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തുന്ന 30 പ്രധാന ജര്‍മന്‍ കമ്പനികളടങ്ങുന്നതാണ് ജര്‍മന്‍ ഓഹരി സൂചികയായ ഡാക്സ് 30. 1987 ഡിസംബര്‍ 30ന് തുടക്കം കുറിച്ച ഈ സൂചിക ഫ്രീ ഫ്ളോട്ട് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
$ ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച് കോംപോസിറ്റ് സൂചിക (എസ്എസ്ഇ): ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ചെയ്യുന്ന ഓഹരികളുടെ സൂചികയാണ് എസ്എസ്ഇ. 1995 ഒക്ടോബര്‍ 13ന് തുടക്കം കുറിച്ച സൂചിക വെയ്റ്റഡ് ഇന്‍ഡക്സ് രീതിയാണ് പിന്തുടരുന്നത്.
$ ഹാംഗ് സെങ് സൂചിക (എച്ച്എസ്ഐ): ഹോംങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ബെഞ്ച്മാര്‍ക്ക് സൂചികയാണ് ഹാംഗ് സെങ് സൂചിക. ഹോംങ്കോംഗ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തുന്ന വന്‍കിട കമ്പനികളുടെ വെയ്റ്റഡ് സൂചികയാണിത്.

(ടി.എം തോമസ്- മുതിര്‍ന്ന ധനകാര്യ വിദഗ്ധനും ഗ്രന്ഥകാരനുമാണ് ലേഖകന്‍)

(Originally published in Dhanam Magazine 31 December 2024 issue.)

Tags:    

Similar News