ഇളവുകള്‍ തുണയായി, നേട്ടമുണ്ടാക്കി സൂചികകള്‍

Update: 2020-10-01 12:37 GMT

ലോക്ക് ഡൗണിലെ അഞ്ചാംഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചതും ജിഎസ്ടി കളക്ഷനില്‍ ഉണ്ടായ ഉയര്‍ച്ചയും ഏഷ്യന്‍ വിപണികളില്‍ പൊതുവായുണ്ടായ ഉണര്‍വും ഓഹരി സൂചികയില്‍ നേട്ടമായി.
സെന്‍സെക്‌സ് 629 പോയ്ന്റ് ഉയര്‍ന്ന് 38697.05 പോയ്ന്റിലും നിഫ്റ്റി 169 പോയ്ന്റ് ഉയര്‍ന്ന് 11416.95 പോയ്ന്റിലും എത്തി.

ലോക്ക് ഡൗണ്‍ ഇളവുകളില്‍ സിനിമാ തിയറ്റുകളടക്കം തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ട്. കൂടാതെ ബിടുബി പ്രദര്‍ശനങ്ങള്‍ക്കും അനുമതി നല്‍കി. ലോക്ക് ഡൗണില്‍ പടിപടിയായുള്ള ഇളുവകളെ തുടര്‍ന്ന് ഇന്ത്യയില്‍ വ്യവസായ രംഗത്ത് ചലനം സൃഷ്ടിക്കാനായിട്ടുണ്ടെന്നതും വിപണിയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. കൂടാതെ ഓട്ടോമൊബീല്‍ വിപണിയിലും ഉണര്‍വ് പ്രകടമായിട്ടുണ്ട്. സെപ്തംബറില്‍ വാഹന വില്‍പ്പന വര്‍ധിച്ചതും വിപണിയുടെ തിരിച്ചു വരവിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഐറ്റിസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയവയ്ക്ക് കാലിടറി.

കേരള ഓഹരികളുടെ പ്രകടനം

കേരള ഓഹരികളില്‍ ഭൂരിഭാഗവും നേട്ടം കൊയ്ത ദിനമാണിന്ന്. 22 ഓഹരികള്‍ക്കാണ് നേട്ടമുണ്ടാക്കാനായത്. എന്നാല്‍ നാലെണ്ണത്തിന് നേട്ടം കൈവരിക്കാനാകാതെ വരികയും ഒരെണ്ണത്തിന്റെ വിലയില്‍ മാറ്റമൊന്നും ഇല്ലാതിരിക്കുകയും ചെയ്തു. 9.47 ശതമാനം വില ഉയര്‍ന്ന കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ ആണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ കേരള ഓഹരി. 11.70 രൂപ വര്‍ധിച്ച് 135.20 രൂപയായി. 6.05 ശതമാനം വര്‍ധിച്ച മണപ്പുറം ഫിനാന്‍സ്, 4.96 ശതമാനം വര്‍ധനയുണ്ടായ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, 4.95 ശതമാനം വര്‍ധിച്ച ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഫെഡറല്‍ ബാങ്ക്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), റബ്ഫില ഇന്റര്‍നാഷണല്‍, ഹാരിസണ്‍സ് മലയാളം , മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങിയ കമ്പനികളും നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, കേരള ആയുര്‍വേദ, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമൊന്നും ഉണ്ടായില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News