വാരാന്ത്യത്തില്‍ പുതിയ റിക്കാര്‍ഡ് കുറിച്ച് നിഫ്റ്റിയും സെന്‍സെക്‌സും

ബാങ്ക് ഓഹരികള്‍ക്കൊപ്പം എഫ്എംസിജി, ടെലികോം ഓഹരികളാണ് വിപണിക്ക് കരുത്ത് പകര്‍ന്നത്

Update: 2020-12-04 12:47 GMT

വ്യാപാര ആഴ്ചയുടെ അവസാന ദിനം സൂചികകള്‍ റിക്കാര്‍ഡില്‍. സെന്‍സെക്‌സ് ഇതാദ്യമായി 45000 കടന്നു. 446.90 പോയ്ന്റ് ഉയര്‍ന്ന് 45,079.55 ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 124.65 പോയന്റ് ഉയര്‍ന്ന് 13,258.55 ല്‍ എത്തി.

റിസര്‍വ് ബാങ്ക് ജിഡിപി വളര്‍ച്ചാ പ്രതീക്ഷ -7.5 ശതമാനത്തില്‍ നിന്ന് -9.5 ശതമാനമാക്കിയതും പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിര്‍ത്തിയതുമാണ് വിപണിയെ ഇന്ന് പ്രധാനമായും സ്വാധീനിച്ചത്.

യുഎസ് ഉത്തേജകപാക്കുകളെ കുറിച്ചുള്ള സംസാരവും വിപണിയ്ക്ക് ഉണര്‍വ് പകര്‍ന്നു.

യുകെയില്‍ വാക്‌സിന്‍ അനുമതി ലഭിച്ചത് വിപണിയിലെ ചാഞ്ചാട്ടത്തിന് ചെറിയൊരു കുറവുണ്ടാക്കി. നിക്ഷേപകരുടെ പരിഭ്രാന്തി അല്‍പ്പമൊന്നു കുറഞ്ഞിട്ടുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ബാങ്ക് ഓഹരികള്‍ക്കൊപ്പം എഫ്എംസിജി, ടെലികോം ഓഹരികളുമാണ് വിപണിയെ പിന്തുണച്ചത്.

ബിഎസ്ഇയിലെ 1483 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1178 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്ഇയിലെ കമ്പനികളുടെ വിപണി മൂല്യം 179.49 ലക്ഷം കോടി രൂപയിലെത്തിയതോടെ നിക്ഷേപകര്‍ നേടിയത് 1.25 ലക്ഷം കോടി രൂപയാണ്.

ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.4 ശതമാനം വീതം ഉയര്‍ന്നു.

ബ്ലൂചിപ് കമ്പനികളില്‍ അദാനി പോര്‍ട്ടാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരി. ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, അള്‍ട്ര ടെക് സിമന്റ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എസ്ബിഐ എന്നീ ഓഹരികള്‍ മൂന്നു മുതല്‍ അഞ്ച് ശതമാനം വരെ നേട്ടമുണ്ടാക്കി.

റിലയന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ബിപിസിഎല്‍, എച്ച്‌സിഎല്‍ടെക്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നഷ്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

കേരള കമ്പനി ഓഹരികളില്‍ ഇന്ന് ഭൂരിഭാഗവും നില മെച്ചപ്പെടുത്തിയില്ല. ബാങ്ക് ഓഹരികളില്‍ ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില ഇടിഞ്ഞു. എന്‍ബിഎഫ്‌സികള്‍ എല്ലാം തന്നെ നഷ്ടത്തിലായിരുന്നു. അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ജിയോജിത്, ഹാരിസണ്‍സ് മലയാളം, പാറ്റ്‌സ്പിന്‍, വെര്‍ട്ടെക്‌സ് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍.




 


Tags:    

Similar News