10 കേരള കമ്പനികളുടെ വില ഇന്നലത്തേതിനേക്കാള്‍ ഉയര്‍ന്നു; വിക്ടറി പേപ്പര്‍ & ബോര്‍ഡ്‌സിന്റെ വില 13 രൂപ കൂടി

Update: 2020-05-06 12:49 GMT

ഇന്നും ഇന്ത്യന്‍ ഓഹരി വിപണി കയറ്റിറക്കങ്ങളുടെ പിടിയിലായിരുന്നു. ഫിനാന്‍സ്, ടെലികോം, ഓട്ടോ, റിയാല്‍ട്ടി ഓഹരികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ എഫ്എംസിജി, കണ്‍സ്യൂമര്‍, ഐറ്റി സെക്ടറുകളില്‍ ലാഭമെടുക്കല്‍ പ്രകടനമായിരുന്നു. ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കാനിടയുണ്ടെന്ന പ്രതീക്ഷയിലാണ് ഫിനാന്‍ഷ്യല്‍ സെക്ടറിലെ ഓഹരികളുടെ വിലകള്‍ ഉയര്‍ന്നിരിക്കുന്നത്.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഗെയ്ല്‍ ഇന്ത്യ, എം&എം, ബജാജ് ഫിനാന്‍സ് എന്നിവരാണ് നിഫ്റ്റിയില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കിയ കമ്പനികള്‍.

ആഗോളവിപണികളിലെ അസ്ഥിരതയും ഉത്തേജക പാക്കേജുകളെ കുറിച്ചുള്ള പ്രതീക്ഷകളും വരും ദിവസങ്ങളിലും ഓഹരി വാങ്ങലുകളെയും ലാഭമെടുക്കലിനെയും സ്വാധീനിക്കാന്‍ ഇടയുണ്ട്.

സെന്‍സെക്‌സ് 232 പോയ്ന്റ് ഉയര്‍ന്ന് 31685 ലെത്തിയപ്പോള്‍ നിഫ്റ്റി 9270ലാണ് ക്ലോസ് ചെയ്തത്. രൂപയ്ക്ക് 13 പൈസ മൂല്യശോഷണം സംഭവിച്ച് ഡോളറിനെതിരായ മൂല്യം 75.76 രൂപയായി.

മുത്തൂറ്റും മണപ്പുറവും ഫെഡറല്‍ ബാങ്കും ഗ്രീന്‍ സോണില്‍

ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് പത്ത് കേരള കമ്പനികളുടെ വില വര്‍ധിച്ചു. ഫിനാന്‍ഷ്യല്‍ മേഖലയില്‍ നിന്നുള്ള ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം എന്നിവര്‍ അതില്‍ ഉള്‍പ്പെടും. മുത്തൂറ്റ് ഫിനാന്‍സിന്റെ വില 4.82 ശതമാനം വര്‍ധിച്ചു. മണപ്പുറത്തിന്റെ വിലയില്‍ 2.96 ശതമാനം വര്‍ധനയുമുണ്ടായി.

കേരളത്തില്‍ നിന്നുള്ള ഓട്ടോ സെക്ടര്‍ കമ്പനിയായ അപ്പോളോ ടയേഴ്‌സിന്റെ വിലയില്‍ 1.34 ശതമാനത്തിന്റെ വര്‍ധന പ്രകടമായി. ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.50%) കിറ്റെക്‌സ് (1.27%) നിറ്റ ജലാറ്റിന്‍ (2.96%) വി ഗാര്‍ഡ് (2.16%), വിക്ടറി പേപ്പര്‍ (18.16%), വണ്ടര്‍ല (0.85%) എന്നീ കമ്പനികളാണ് ഇന്ന് വില വര്‍ധന രേഖപ്പെടുത്തിയ മറ്റുള്ളവ.

സിഎസ്ബി, ധനലക്ഷ്മി, എസ്‌ഐബി എന്നിവയുടെ വിലകള്‍ ഇന്ന് താഴ്ന്നു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News