നേരിയ നഷ്ടത്തോടെ സെന്‍സെക്‌സും നിഫ്റ്റിയും സ്വര്‍ണവും വെള്ളിയും നേട്ടമുണ്ടാക്കി

Update: 2020-05-15 14:09 GMT

ഏറ്റക്കുറച്ചിലുകള്‍ക്കൊടുവില്‍ നേരിയ നഷ്ടത്തോടെ സെന്‍സെക്‌സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചു. 25.16 പോയ്ന്റ് ഇടിഞ്ഞ് 31,097.73 പോയ്ന്റിലാണ് സെന്‍സെക്‌സ് അവസാനിച്ചത്. 0.08 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയാകട്ടെ 5.90 പോയ്ന്റ് ഇടിവോടെ 9136.85 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റ് ബാങ്ക് സൂചിക കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. 234.55 പോയ്ന്റ് ഇടിവോടെ 18833.95 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്കാപ് സൂചികയിലും 35.79 പോയ്ന്റിന്റെ നഷ്ടമാണ് ഉണ്ടായത്. 11,500.32 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ലോഹ വ്യാപാരത്തില്‍ ഉയര്‍ച്ചയുണ്ടായി. സ്വര്‍ണം 586 പോയ്ന്റ് വര്‍ധിച്ച് 47240 പോയ്ന്റിലും വെള്ളി 1940 പോയന്റ് വര്‍ധിച്ച് 46075 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കിയിട്ടില്ല. വിപണി ഇപ്പോഴും പാക്കേജിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഞായറാഴ്ചയോടെ മാത്രമേ പാക്കേജിനെ കുറിച്ചുള്ള വ്യക്തമായ ധാരണ ലഭിക്കുകയുള്ളൂ. അതു കൊണ്ടു തന്നെ അടുത്ത ആഴ്ചയിലാവും ഇത് വിപണിയില്‍ പ്രതിഫലിക്കുക. ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തെ കുറിച്ചുള്ള ആശയക്കുഴപ്പവും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇതു സംബന്ധിച്ച തീരുമാനങ്ങളും വിപണിയെ സ്വാധീനിക്കും.

ഓട്ടോ, ബാങ്ക്, ഐറ്റി, ഫാര്‍മ മേഖലകളെല്ലാം ഇന്ന് തിരിച്ചടി നേരിട്ടു. എന്നാല്‍ ലോഹം, ഊര്‍ജം, അടിസ്ഥാന സൗകര്യ മേഖലകള്‍ നേട്ടം കൊയ്യുകയും ചെയ്തു.
കേരള കമ്പനികളും പൊതുവേ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്. കേവലം ഏഴു കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. മണപ്പുറം ഫിനാന്‍സ് 4.20 രൂപ വര്‍ധിച്ച് 127.20 ല്‍ എത്തി. 3.41 ശതമാനം വര്‍ധന. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരികളും നേട്ടമുണ്ടാക്കി. 3.10 ശതമാനം വര്‍ധനയോടെ 249.25 രൂപയിലെത്തി. 7.50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. കേരള ആയുര്‍വേദയുടെ ഓഹരി വില 70 പൈസ വര്‍ധിച്ച് 20.10 രൂപയിലെത്തി. 1.51 ശതമാനത്തിന്റെ വര്‍ധനയാണിത്. ഹാരിസണ്‍സ് മലയാളം (0.43 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.29 ശതമാനം), എവിടി നാച്വറല്‍ പ്രോഡക്റ്റ്‌സ് (0.13 ശതമാനം), സിഎസ്ബി ബാങ്ക് (0.09 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.
പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ വിലയില്‍ ഇന്നും മാറ്റമുണ്ടായിട്ടില്ല.

നഷ്ടമുണ്ടാക്കിയ കമ്പനികളില്‍ വിക്ടറി പേപ്പര്‍ ബോര്‍ഡ്‌സ് ആണ് മുന്നില്‍. എഫ്എസിടി, നിറ്റ ജെലാറ്റിന്‍, വണ്ടര്‍ലാ, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയുടെ ഓഹരികളെല്ലാം നഷ്ടത്തിലാണ് കലാശിച്ചത്. വിക്ടറി പേപ്പര്‍ ബോര്‍ഡസിന്റെ വില 6.85 രൂപ കുറഞ്ഞ് 68.15 രൂപയിലെത്തി. 9.13 ശതമാനത്തിന്റെ കുറവാണിത്. എഫ്എസിടിയുടെ വില 5.44 ശതമാനത്തിന്റെ കുറവോടെ 2.40 രൂപ കുറഞ്ഞ് 41.70 ആയി. നിറ്റ ജെലാറ്റിന്റെ വിലയില്‍ 4.39 ശതമാനം കുറവുണ്ടായി. 4.70 രൂപ കുറഞ്ഞ് 102.25 ല്‍ ക്ലോസ് ചെയ്തു. വണ്ടര്‍ലായുടെ വിലയില്‍ 4.30 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 115.20 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ഫെഡറല്‍ ബാങ്ക് (3.52 ശതമാനം), ഇന്‍ഡിട്രേഡ് (3.37 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.92 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ (2 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.90 ശതമാനം), വെര്‍ടെക്‌സ് സെക്യൂരിറ്റീസ് (1.10 ശതമാനം), ജിയോജിത് (1.02 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.59 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (0.50 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.37 ശതമാനം), കിറ്റെക്‌സ് (0.25 ശതമാനം), വി ഗാര്‍ഡ് (0.17 ശതമാനം), ആസ്റ്റര്‍ ഡിഎം (0.11 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.10 ശതമാനം), കെഎസ്ഇ ലിമിറ്റഡ് (0.01 ശതമാനം) എന്നിവ നഷ്ടമുണ്ടാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News