ധനകാര്യ സ്ഥാപനങ്ങളുടെ കരുത്തില്‍ വിപണി കുതിച്ചു

Update: 2020-05-27 13:27 GMT

വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ ബാങ്കിംഗ് ഓഹരികള്‍ സ്വന്തമാക്കാന്‍ മുന്നോട്ട് വന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കുതിപ്പ്. സെന്‍സെക്‌സിലും നിഫ്റ്റിയിലും മൂന്നു ശതമാനം മുന്നേറ്റം ഇന്നുണ്ടായി. സെന്‍സെക്‌സ് 995.92 പോയ്ന്റ് വര്‍ധിച്ച് 31,605.22 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 3.25 ശതമാനത്തിന്റെ വര്‍ധന. നിഫ്റ്റി 285.90 പോയ്ന്റ് വര്‍ധിച്ച് 9314.95 പോയന്റിലെത്തിയ 3.17 ശതമാനത്തിന്റെ വര്‍ധനയാണിത്. ഏകദേശം 1363 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 939 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 163 എണ്ണത്തിന്റെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.
നിഫ്റ്റിയില്‍ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വിപ്രോ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. അതേസമയം സണ്‍ ഫാര്‍മ, അള്‍ട്രാ ടെക് സിമന്റ്, ടൈറ്റാന്‍, ശ്രീ സിമന്റ്‌സ്, ഏഷ്യന്‍ പെയ്ന്റ്‌സ് എന്നിവയുടെ വിലയിടിയുകയും ചെയ്തു. ബാങ്കിംഗ്, ഐറ്റി, മെറ്റല്‍, എനര്‍ജി മേഖലകള്‍ കരുത്തു കാട്ടിയ ദിവസമായിരുന്നു ഇന്ന്. എന്നാല്‍ ഫാര്‍മ കമ്പനികള്‍ക്ക് വലിയ മുന്നേറ്റം നടത്താനായില്ല.

കൊവിഡ് വ്യാപനം തുടരുകയാണെങ്കിലും ലോക്ക് ഡൗണ്‍ ഈയാഴ്ചയോടെ പിന്‍വലിക്കപ്പെട്ടേക്കാം എന്ന പ്രതീക്ഷയില്‍ വിപണി സാധാരണ നിലയിലേക്ക് എത്തുന്നതാണ് കാണുന്നത്.

നിഫ്റ്റി ബാങ്ക് സൂചികയില്‍ 7.28 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്നുണ്ടായത്. 1270.20 പോയ്ന്റ് വര്‍ധിച്ച് 18710.55 പോയന്റിലെത്തി.
ബിഎസ്ഇ മിഡ്കാപ് സൂചികയിലും ഇന്ന് ഉണര്‍വുണ്ടായി. സൂചിക 61.25 പോയ്ന്റ് (0.54 ശതമാനം) വര്‍ധിച്ച് 11467.83 പോയ്ന്റിലെത്തി. സ്വര്‍ണ-വെള്ളി സൂചികകളില്‍ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണ സൂചിക 282 പോയ്ന്റ് ഇടിഞ്ഞ് 46038 പോയ്ന്റിലെത്തിയപ്പോള്‍ വെള്ളി സൂചികയില്‍ 99 പോയ്ന്റിന്റെ ഇടിവാണുണ്ടായത്. 47722 പോയ്ന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സിനെ പിന്‍പറ്റി മിക്ക കേരള കമ്പനികളും ഇന്ന് നേട്ടത്തില്‍ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നേട്ടമുണ്ടാക്കിയ ആദ്യ പത്ത് കേരള കമ്പനികളില്‍ ആറും ധനകാര്യ സേവന സ്ഥാപനങ്ങളാണ്. ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ മുത്തൂറ്റ് കാപിറ്റലിനും സൗത്ത് ഇന്ത്യന്‍ ബാങ്കിനും മാത്രമാണ് ഇന്ന് കാലിടറിയത്. ഏറെക്കാലമായി ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കാനാകാതെ പോയ ധനലക്ഷ്മി ബാങ്കാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ ശതമാനക്കണക്കില്‍ മുന്നില്‍. 10.38 ശതമാനം വര്‍ധനയാണ് ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വിലയില്‍ ഉണ്ടായത്്. 95 പൈസ വര്‍ധിട്ട് 10.10 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സിഎസ്ബി ബാങ്കിന്റെ ഓഹരി വില 8.30 രൂപ വര്‍ധിച്ച് 124.90 രൂപയും ഫെഡറല്‍ ബാങ്കിന്റേത് 2.55 രൂപ വര്‍ധിച്ച് 41 രൂപയിലും മുത്തൂറ്റ് ഫിനാന്‍സിന്റേത് 43.75 രൂപ വര്‍ധിച്ച് 846.95 രൂപയിലും എത്തി. യഥാക്രമം 7.12, 6.63, 5.45 ശതമാനം വര്‍ധന. നിറ്റ ജലാറ്റിന്‍ 5.35 ശതമാനം നേട്ടമുണ്ടാക്കി. 5.55 രൂപ വര്‍ധിച്ച് 109.35 രൂപയിലെത്തി. മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 5.55 രൂപ വര്‍ധിച്ച് 119.70 രൂപയിലെത്തി. 4.86 രൂപയുടെ വര്‍ധന. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റേത് 85 പൈസ വര്‍ധിച്ച് 19.75 രൂപയിലും ഈസ്റ്റേണ്‍ ട്രെഡ്‌സിന്റേത് 80 പൈസ വര്‍ധിച്ച് 18.80 രൂപയിലുമെത്തി.

വണ്ടര്‍ലാ ഹോളിഡേയ്‌സ് (3.81 ശതമാനം), കേരള ആയുര്‍വേദ (2.75 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (2.65 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.60 ശതമാനം), ഹാരിസണ്‍സ് മലയാളം (1.77 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി)  (1.09 ശതമാനം), കിറ്റെക്‌സ് (0.92 ശതമാനം), എവിറ്റി (0.70 ശതമാനം), എഫ്എസിടി (0.25 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.03 ശതമാനം), കെഎസ്ഇ എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.
വിലിയിടിഞ്ഞ ഓഹരികളില്‍ വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് മുന്നില്‍ നില്‍ക്കുന്നു. 4.88 ശതമാനം ഇടിവാണ് ഓഹരി വിലയില്‍ ഇന്നുണ്ടായത്. നാലു പൈസ കുറഞ്ഞ് വില 78 പൈസയിലെത്തി. കൊച്ചിന്‍ മിനറല്‍സിന്റെ വില 4.35 രൂപ ഇടിഞ്ഞ് 106 രൂപയിലും റബ്ഫില ഇന്റര്‍നാഷണലിന്റേത് 80 പൈസ കുറഞ്ഞ് 26.45 രൂപയിലുമെത്തി. യഥാക്രമം 3.94, 2.94 ശതമാനത്തിന്റെ ഇടിവ്.
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (2.89 ശതമാനം), ആസ്റ്റര്‍ ഡി എം (1.05 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്  (0.25 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക്  (0.20 ശതമാനം) എന്നിവയാണ് വിലിയിടിവ് രേഖപ്പെടുത്തിയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News