ലാഭമെടുത്ത് നിക്ഷേപകര്‍, വിപണിയില്‍ ഇടിവ്

Update: 2020-07-29 13:25 GMT

അടുത്ത കാലത്തായി വിപണിയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഐറ്റി കമ്പനി ഓഹരികള്‍ എന്നിവയില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായപ്പോള്‍ ഇന്ന് വിപണിയില്‍ ഇടിവ്. സെന്‍സെക്‌സ് 422 പോയ്ന്റ് അഥവാ ഒരു പോയ്ന്റ് ഇടിഞ്ഞ് 38,071 തലത്തിലെത്തി. നാല് ശതമാനത്തോളമാണ് ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടിഞ്ഞത്. നാലര ശതമാനം നേട്ടത്തോടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചത്.

നിഫ്റ്റി 98 പോയ്ന്റ് അഥവാ 0.86 ശതമാനം താഴ്ന്ന് 11,203ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയില്‍ ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. നിഫ്റ്റി ഫാര്‍മ സൂചികയാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക മുന്നേറിയപ്പോള്‍ നിഫ്റ്റി ഓട്ടോ സൂചിക ഇടിഞ്ഞു.

ജൂണില്‍ അവസാനിച്ച പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയ മാരുതി സുസുകി ഇന്ത്യ ഓഹരിയ്ക്ക് 1.6 ശതമാനം ഇടിവുണ്ടായി.

ആഗോള ഓഹരി വിപണികളും താഴ്ചയാണ് രേഖപ്പെടുത്തിയത്. എണ്ണ വില ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവച്ചത്. ഒരു ഡസനോളം കമ്പനികള്‍ നഷ്ടത്തിലായിരുന്നു. നിറ്റ ജെലാറ്റിനാണ് ശതമാനക്കണക്കില്‍ ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില എട്ട് ശതമാനം ഉയര്‍ന്ന് 129 രൂപയിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്‌സും ഹാരിസണ്‍സ് മലയാളവും ഇന്ന് നാല് ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. ഏവിറ്റിയാണ് ഇന്ന് കൂടുതല്‍ നഷ്ട(19.67 ശതമാനം)മുണ്ടാക്കിയത്. കേരള ബാങ്കുകളില്‍ സിഎസ്ബി ബാങ്ക് ഒഴികെ മറ്റെല്ലാം നേട്ടത്തിലായിരുന്നു.

എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഇന്ന് റെഡ് സോണിലായപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസും നേരിയ നേട്ടത്തോടെ ഗ്രീന്‍ സോണില്‍ നിലയുറപ്പിച്ചു.അതേ സമയം ഇന്നലെ ഗ്രീന്‍ സോണില്‍ നിലനിന്ന ജിയോജിത്തും ജെആര്‍ജിയും ഇന്ന് റെഡ് സോണിലേക്ക് പോയി. കൊച്ചിന്‍ മിനറല്‍സ്, കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, എഫ്എസിടി, കെഎഎസ്ഇ, പാറ്റ്‌സ്പിന്‍, റബ്ഫില, വണ്ടര്‍ലാ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News