കോവിഡ് നിയന്ത്രണങ്ങളില്‍ ആശങ്ക, ഫാര്‍മ, മെറ്റല്‍ ഓഹരികളുടെ കരുത്തില്‍ നേട്ടമുണ്ടാക്കി സൂചികകള്‍

ഹാരിസണ്‍സ് മലയാളം, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ്, സിഎസ്ബി ബാങ്ക് തുടങ്ങി പത്ത് കേരള ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്

Update: 2021-04-15 11:32 GMT

കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ ജാഗരൂകരായി. ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ ദിവസാവസാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഫാര്‍മ, മെറ്റല്‍, എഫ് എം സി ജി, ഐറ്റി മേഖലകള്‍ നേട്ടമുണ്ടാക്കി.

സെന്‍സെക്‌സ് 259.62 പോയ്ന്റ് ഉയര്‍ന്ന് 48803.68 പോയ്ന്റിലും നിഫ്റ്റി 76.70 പോയ്ന്റ് ഉയര്‍ന്ന് 14581.50 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1226 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1611 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 162 ഓഹരികളുടെ വില മാറ്റമില്ലാതെ തുടര്‍ന്നു.
ടിസിഎസ്, സിപ്ല, ഒഎന്‍ജിസി, വിപ്രോ, അദാനി പോര്‍ട്ട്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, മാരുതി സുസുകി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഓട്ടോ, പിഎസ്‌യു ബാങ്ക് സൂചികകള്‍ ഒരു ശതമാനം വീതം ഇടിഞ്ഞപ്പോള്‍ മെറ്റല്‍, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികള്‍ക്ക് വേണ്ടത്ര മികവ് പുലര്‍ത്താനാവാതെ പോയ ദിനമായിരുന്നു ഇന്ന്. പത്ത് ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. ഹാരിസണ്‍സ് മലയാളം 3.12 ശതമാനം നേട്ടവുമായി ഇന്ന് മുന്നില്‍ നില്‍ക്കുന്നു. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (3.10 ശതമാനം), സിഎസ്ബി ബാങ്ക് (3.09 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.11 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
അതേസമയം കേരള ആയുര്‍വേദ, വണ്ടര്‍ലാ ഹോളിഡേയ്‌സ്, അപ്പോളോ ടയേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ്, മണപ്പുറം ഫിനാന്‍സ്, എവിറ്റി തുടങ്ങി 17 ഓഹരികളുടെ വിലിടിഞ്ഞു. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല.



 



Tags:    

Similar News