നിറം മങ്ങി ഓട്ടോ, ഐറ്റി, മെറ്റല്‍, ഫാര്‍മ ഓഹരികള്‍ ഓഹരി സൂചികയില്‍ ഇടിവ്
വണ്ടര്‍ലാ ഹോളിഡേയ്‌സ്, ധനലക്ഷ്മി ബാങ്ക് തുടങ്ങി 10 കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്
റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷം നേരിയ ഇടിവുമായി ഓഹരി സൂചികകള്‍. ഓട്ടോ, ഐറ്റി, മെറ്റല്‍, ഫാര്‍മ ഓഹരികളുടെ നിറം മങ്ങിയ പ്രകടനമാണ് വിപണിക്ക് തിരിച്ചടിയായത്. സെന്‍സെക്‌സ് 18.82 പോയ്ന്റ് ഇടിഞ്ഞ് 52861.18 പോയ്ന്റിലും നിഫ്റ്റി 16.10 പോയ്ന്റ് ഉയര്‍ന്ന് 15818.30 പോയ്ന്റിലും ക്ലോസ് ചെയ്തു. 1557 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1624 ഓഹരികളുടെ വിലയിടിഞ്ഞു. 121 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അള്‍ട്രാടെക് സിമന്റ്, ശ്രീ സിമന്റ്‌സ്, എച്ച് ഡി എഫ് സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, ഗ്ലാന്‍ഡ് ഫാര്‍മ, ടെക് മഹീന്ദ്ര, ടിസിഎസ്, കോള്‍ ഇന്ത്യ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
നിഫ്റ്റി ബാങ്ക് സൂചികയില്‍ ഒരു ശതമാനം നേട്ടം രേഖപ്പെടുത്തി. മറ്റു മേഖലാ സൂചികകള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ബിഎസ്ഇ മിഡ്കാപ് സൂചിക നേരിയ നേട്ടം കൈവരിച്ചപ്പോള്‍ സ്‌മോള്‍കാപ് സൂചിക 0.26 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ പത്തെണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 12.24 ശതമാനം നേട്ടവുമായി വണ്ടര്‍ലാ ഹോളിഡേയ്‌സ് തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയപ്പോള്‍ ധനലക്ഷ്മി ബാങ്ക് 7.21 ശതമാനം നേട്ടം കൈവരിച്ചു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.62 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.28 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.96 ശതമാനം), ഹാരിസണ്‍സ് മലയാളം (2.11 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.
അതേസമയം, കിറ്റെക്‌സ്, നിറ്റ ജലാറ്റിന്‍, കെഎസ്ഇ, മുത്തൂറ്റ് ഫിനാന്‍സ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് , എവിറ്റി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങി 19 കേരള ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.