യുഎസ് തെരഞ്ഞെടുപ്പിൽ കണ്ണുനട്ട് വിപണി; ട്രംപിൻ്റെ മുന്നേറ്റ സൂചനയിൽ ഡോളറിനു കുതിപ്പ്; ക്രിപ്റ്റോകളും ഉയരുന്നു

ആഗോള പ്രവണതകൾ വിപണിയെ നിയന്ത്രിക്കും; സ്വർണം കിതയ്ക്കുന്നു

Update:2024-11-06 07:44 IST

യുഎസ് തെരഞ്ഞെടുപ്പുഫലത്തിൻ്റെ ആദ്യ സൂചനകൾ ഡോണൾഡ് ട്രംപിൻ്റെ മുന്നേറ്റം കാണിച്ചതോടെ വിപണികൾ ഉയർന്നു. യുഎസ് ഫ്യൂച്ചേഴ്സ് കുതിച്ചു. ഡോളർ കയറി; ഏഷ്യൻ വിപണികൾ ഉയർന്നു. സ്വർണവും ക്രൂഡ് ഓയിലും താഴ്ന്നു. ക്രിപ്റ്റോ കറൻസികൾ കയറ്റത്തിലായി.

ഇന്ത്യൻ വിപണി ഇന്നു വിദേശ സൂചനകളെ പിഞ്ചെല്ലും എന്നാണു കരുതപ്പെടുന്നത്. എന്നാൽ ട്രംപിൻ്റെ ഭരണത്തിൽ ഇറക്കുമതിച്ചുങ്കം കൂട്ടുന്നത് ഇന്ത്യക്കു തിരിച്ചടിയാകും.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 24,298 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,310 ലേക്കു കയറി. പിന്നീടു താഴ്ന്നു. ഇന്ത്യൻ വിപണി ഇന്നു നഷ്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ ചൊവ്വാഴ്ച ചെറിയ നേട്ടത്തിൽ അവസാനിച്ചു. ചാെവ്വാഴ്ച യുഎസ് വിപണി മികച്ച കുതിപ്പ് നടത്തി. കമല ഹാരിസ് ജയിക്കുമെന്ന നിലയിലാണ് ഓഹരികൾ ഇന്നലെ നീങ്ങിയത് എന്നു ചിലർ വിലയിരുത്തുന്നു. പാർപ്പിട നിർമാണമേഖലയും മദ്യ ഇറക്കുമതി കമ്പനികളും മറ്റും നേട്ടമുണ്ടാക്കിയതാണ് ഈ വ്യാഖ്യാനത്തിനു കാരണം. വിപണി പൊതുവേ ഡോണൾഡ് ട്രംപിൻ്റെ വിജയമാണ് ആഗ്രഹിച്ചിരുന്നത്. ട്രംപ് ജയിക്കും എന്ന സൂചനകളിലാണു വിപണി കയറിയത് എന്നും വ്യാഖ്യാനമുണ്ട്.

ട്രംപ് ജയിക്കുകയും പാർലമെൻ്റിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം നേടുകയും ചെയ്താൽ എസ് ആൻഡ് പി 500 മൂന്നു ശതമാനം കുതിക്കുമെന്നു നിക്ഷേപ ബാങ്ക് ഗോൾഡ്മാൻ സാക്സ് ഇടപാടുകാർക്കു നൽകിയ കുറിപ്പിൽ പറഞ്ഞു. ട്രംപ് ജയിക്കുകയും പാർലമെൻ്റിൽ ഭൂരിപക്ഷം കിട്ടാതിരിക്കുകയും ചെയ്താൽ വിപണി ഒന്നര ശതമാനം കുതിക്കും, കമല ഹാരിസ് ജയിച്ചാൽ വിപണി ഒന്നര ശതമാനം ഇടിയും എന്നും ബാങ്ക് പറഞ്ഞു.

ഇന്നലെ മുഖ്യ സൂചികകൾ ഒരു ശതമാനത്തിലധികം കുതിച്ചു. ഇതോടെ എസ് ആൻഡ് പി 500 ഇക്കൊല്ലം 21 ശതമാനം കയറി.

നിർമിതബുദ്ധി ചിപ്പുകളും ഗ്രാഫിക് പ്രോസസർ യൂണിറ്റുകളും നിർമിക്കുന്ന എൻവിഡിയ വീണ്ടും ഏറ്റവും വിലയേറിയ കമ്പനിയായി. ചൊവ്വാഴ്ച ഓഹരി മൂന്നു ശതമാനം ഉയർന്നപ്പോൾ എൻവിഡിയയുടെ വിപണിമൂല്യം 3.43 ലക്ഷം കോടി (ട്രില്യൻ) ഡോളർ ആയി. ആപ്പിളിൻ്റെ വിപണി മൂല്യം 3.4 ട്രില്യൻ ഡോളർ. മൈക്രോസോഫ്റ്റിൻ്റെ മൂല്യം 3.1 ട്രില്യൻ ഡോളർ. ഇതു മൂന്നാം തവണയാണ് എൻവിഡിയ ആപ്പിളിനെ മറി കടക്കുന്നത്. ഈ വർഷം എൻവിഡിയയുടെ മൂല്യം മൂന്നു മടങ്ങായി. ആപ്പിളിൻ്റെ മൂല്യം 17 ശതമാനമേ കൂടിയുള്ളൂ.

ചാെവ്വാഴ്ച ഡൗ ജോൺസ് സൂചിക 427.28 പോയിൻ്റ് (1.02%) ഉയർന്ന് 42,221.88 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 70.07 പോയിൻ്റ് (1.23%) കുതിച്ച് 5782.16 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 259.19 പോയിൻ്റ് (1.43%) കയറ്റത്തോടെ 18,439.17 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് നല്ല കയറ്റം കാണിക്കുന്നു. ഡൗ 0.65 ഉം എസ് ആൻഡ് പി 0.57 ഉം നാസ്ഡാക് 0.29 ഉം ശതമാനം കയറി നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 4.369 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്ക് താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു കയറ്റത്തിലാണ്. ജപ്പാനിൽ നിക്കെെ സൂചിക രാവിലെ ഒന്നര ശതമാനത്തോളം കയറി.

ഇന്ത്യൻ വിപണി 

തിങ്കളാഴ്ച വലിയ താഴ്ചയിലായ ഇന്ത്യൻ വിപണി ഇന്നലെ തുടക്കത്തിൽ കുത്തനേ ഇടിഞ്ഞിട്ട് ഉച്ചയ്ക്കു ശേഷം ശക്തമായി തിരിച്ചു കയറി. യുഎസ് ഫ്യൂച്ചേഴ്സ് കയറ്റത്തിൻ്റെ സൂചന നൽകിയതാണ് ഇന്ത്യയിൽ സൂചികകളെ ഒരു ശതമാനത്തോളം ഉയർത്തിയത്. 78,296.70 വരെ താഴ്ന്ന സെൻസെക്സ് 1200 പോയിൻ്റും 23,842.75 വരെ താഴ്ന്ന നിഫ്റ്റി 380 പോയിൻ്റും തിരിച്ചു കയറി.

നിഫ്റ്റി 217.95 പോയിൻ്റ് (0.91%) നേട്ടത്തോടെ 24,213.30 ൽ അവസാനിച്ചു. സെൻസെക്സ് 694.32 പോയിൻ്റ് (0.88%) കയറ്റവുമായി 79,476.63 ൽ ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 1.94 ശതമാനം (992 പോയിൻ്റ്) കുതിച്ച് 52,207.25 ൽ അവസാനിച്ചു. മിഡ് ക്യാപ് സൂചിക 0.59 ശതമാനം ഉയർന്ന് 56,115.45ലും സ്മോൾ ക്യാപ് സൂചിക 0.43 ശതമാനം കയറി 18,503.45 ലും ക്ലോസ് ചെയ്തു.

ബാങ്കുകളും ധനകാര്യ കമ്പനികളും മെറ്റൽ കമ്പനികളുമാണ് ഇന്നലെ വിപണിയെ ഉയർത്തിയത്. മെറ്റൽ സൂചിക 2.84 ശതമാനം കയറി. ജെഎസ്ഡബ്ല്യു സ്റ്റീൽ, സെയിൽ, എൻഎംഡിസി, ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ തുടങ്ങിയവ മൂന്നു ശതമാനത്തിലധികം കുതിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തിയ കിറ്റെക്സ് ഗാർമെൻ്റ്സ് ലിമിറ്റഡ് ഇന്നലെ 667.15 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് അഞ്ചു ശതമാനം നഷ്ടത്തോടെ 611.75 രൂപയിൽ ക്ലാേസ് ചെയ്തു. ലാഭമെടുക്കലാണു കാരണം.

ഫെഡറൽ ബാങ്ക് ഓഹരിയും ഇന്നലെ ലാഭമെടുക്കലിനെ തുടർന്നു വലിയ ചാഞ്ചാട്ടത്തിലായി. 0.11 ശതമാനം ഉയർന്ന് 204.51 രൂപയിൽ ക്ലോസ് ചെയ്തു.

ചൊവ്വാഴ്ച വിദേശ നിക്ഷേപകർ ക്യാഷ് വിപണിയിൽ 2569.41 കോടി രൂപയുടെ അറ്റ വിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 3030.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വിപണിയിൽ അനിശ്ചിതത്വം മാറിയിട്ടില്ല. 23,800 നിഫ്റ്റിക്കു പുതിയ പിന്തുണ നിലവാരമാണ്. ഇതു സംരക്ഷിച്ചില്ലെങ്കിൽ 23,500 ലേക്കു പതിക്കാം. യുഎസ് തെരഞ്ഞെടുപ്പു ഫലം വരുന്നതനുസരിച്ചു വിപണിഗതി മാറിമറിയാം. നിഫ്റ്റിക്ക് ഇന്ന് 23,950 ഉം 23,855 ഉം പിന്തുണ നൽകാം. 24,245 ഉം 24,335 ഉം തടസങ്ങളാകും.

സ്വർണം കിതയ്ക്കുന്നു

രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വർണം ഇന്നലെ ചെറിയ നേട്ടം ഉണ്ടാക്കി. ഔൺസിന് 2744.50 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ വില 2747 ഡോളറിലാണ്.

കേരളത്തിൽ സ്വർണവില പവന് 120 രൂപ കുറഞ്ഞ് 58,840 രൂപയായി.

വെള്ളി ഔൺസിന് 32.62 ഡോളറിൽ എത്തി.

ഡോളർ സൂചിക ചാെവ്വാഴ്ചയും താഴ്ന്ന് 103.42 ൽ ക്ലാേസ് ചെയ്തു. എന്നാൽ യുഎസ് തെരഞ്ഞെടുപ്പുഫലം വന്നു തുടങ്ങിയതോടെ ഇന്നു രാവിലെ 104.20 ലേക്കു കയറി.

രൂപ ഇന്നലെ അൽപം ബലപ്പെട്ടു. ഡോളർ ഒരു പൈസ താഴ്ന്ന് 84.11 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നു രൂപ കൂടുതൽ ദുർബലമാകാം.

ക്രൂഡ് ഓയിൽ വില നാമമാത്രമായി കയറി. ഒപെക് പ്ലസ് ഉൽപാദനം സംബന്ധിച്ച തീരുമാനം പ്രഖ്യാപിക്കുന്നതു കാത്തിരിക്കുകയാണു വിപണി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 75.46 ഡോളറിൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 75.16 ഡോളറിലേക്കു താഴ്ന്നു. ഡബ്ല്യുടിഐ ഇനം 71.68 ഉം യുഎഇയുടെ മർബൻ ക്രൂഡ് 74.23 ഉം ഡോളറിൽ നിൽക്കുന്നു.

ട്രംപ് വിജയിക്കും എന്ന പ്രതീക്ഷയിൽ ക്രിപ്റ്റാേ കറൻസികൾ വലിയ കുതിപ്പ് നടത്തി. ബിറ്റ്കോയിൻ 71,130 ഡോളർ വരെ എത്തി. ഈഥർ 2485 ഡോളറിലായി.

ചൈന പുതിയ ഉത്തേജകം പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ മിക്ക വ്യാവസായിക ലോഹങ്ങളും നേട്ടം കുറിച്ചു. ചെമ്പ് 0.98 ശതമാനം ഉയർന്ന് ടണ്ണിന് 9597.85 ഡോളറിൽ എത്തി. അലൂമിനിയം 1.66 ശതമാനം കുതിച്ച് ടണ്ണിന് 2660.00 ഡോളർ ആയി. ടിൻ 0.20 ശതമാനവും ലെഡ് 0.07 ശതമാനവും താഴ്ന്നു. നിക്കൽ 1.64 ഉം സിങ്ക് 0.80 ഉം ശതമാനം കയറി.

വിപണിസൂചനകൾ

(2024 നവംബർ 05, ചാെവ്വ)

സെൻസെക്സ് 30 79,476.63 +0.88%

നിഫ്റ്റി50 24,213.30 +0.91%

ബാങ്ക് നിഫ്റ്റി 52,207.25 +1.94%

മിഡ് ക്യാപ് 100 56,115.45 +0.59%

സ്മോൾ ക്യാപ് 100 18,563.45 +0.43%

ഡൗ ജോൺസ് 42,221.88 +1.02%

എസ് ആൻഡ് പി 5782.76 +1.23%

നാസ്ഡാക് 18,439.17 +1.43%

ഡോളർ($) ₹84.11 -₹0.01

ഡോളർ സൂചിക 103.42 -0.47

സ്വർണം (ഔൺസ്) $2744.50 +$07.40

സ്വർണം (പവൻ) ₹58,840 -₹120

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $75.46 +$00.33

Tags:    

Similar News