സ്വര്‍ണ വില കുറഞ്ഞു; പവന്‍ വീണ്ടും ₹44,000ന് താഴെ
ആഗോള വിപണിയിൽ 1926 ഡോളറിൽ
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപ കുറഞ്ഞ് 5,485 രൂപയായി. ഒരു പവന് 160 രൂപ കുറഞ്ഞ് 43,880 രൂപയിലെത്തി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 43,600 രൂപയാണ്. സെപ്റ്റംബര്‍ 13,14 തീയതികളിലായിരുന്നു ഈ വിലയുണ്ടായിരുന്നത്. ഏറ്റവും ഉയര്‍ന്ന വില സെപ്റ്റംബര്‍ അഞ്ചിന് രേഖപ്പെടുത്തിയ 44,240 രൂപയാണ്.
കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 45,760 രൂപ എന്നതായിരുന്നു. 2023 മെയ് അഞ്ചിലെ വിലയാണിത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില 2015 ഓഗസ്റ്റ് ആറിന് രേഖപ്പെടുത്തിയതാണ്. അന്ന് പവന് 18,720 രൂപയാണുണ്ടായിരുന്നത്. ആഗോള വിപണിക്കൊപ്പം ചാഞ്ചാടിയ സ്വര്‍ണ വില പിന്നീട് വലിയ കയറ്റിറക്കങ്ങള്‍ക്ക് വിധേയമായി.
ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയിലും നേരിയ മാറ്റമുണ്ടായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,543 രൂപയായി.
ആഗോള വിപണിയില്‍ ഇന്ന്
ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണവില 1926 ഡോളറിലാണ് നില്‍ക്കുന്നത്. 1924 ഡോളറിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇന്നലെ 1927 ഡോളറായിരുന്നു. ഈ മാസം ആദ്യം ആഗോള തലത്തില്‍ സ്വര്‍ണ വില 1,917 ഡോളര്‍ വരെ ഇടിഞ്ഞിരുന്നു. ഇത് ആഭ്യന്തര വിപണികളിലും പ്രകടമായി.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വില കൂടി. സാധാരണ വെള്ളിക്ക് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 79 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയാണ് വില.