₹42,000ത്തിന് അരികെ പവന്‍ വില; സ്വര്‍ണം വാങ്ങാന്‍ മികച്ച സമയം

വെള്ളി വിലയും കുറഞ്ഞു

Update:2023-10-03 15:15 IST

Image Courtesy: istock

സമീപകാലത്തെ ഏറ്റവും വലിയ വിലക്കുറവില്‍ സ്വര്‍ണം. ഗ്രാമിന് ഇന്ന് 60 രൂപ കുറഞ്ഞ് 5,260 രൂപയും പവന് 480 രൂപ കുറഞ്ഞ് 42,080 രൂപയുമായി. ആഗോള വിപണിയുടെ ചുവടു പിടിച്ചാണ് ആഭ്യന്തര വിപണികളിലും തുടര്‍ച്ചയായ വിലക്കുറവുണ്ടായിരിക്കുന്നത്. ആഗോള വിപണിയില്‍ 1,827.06 ഡോളറിലാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില.

ആഭരണം വാങ്ങുന്നവര്‍ക്ക് മികച്ച സമയമാണ് ഇത്. 22 കാരറ്റ് സ്വര്‍ണ വിലയില്‍ കഴിഞ്ഞ ഒരു കഴിഞ്ഞ വര്‍ഷത്തെ നിരക്കുകള്‍ (2022 സെപ്റ്റംബര്‍) പരിശോധിച്ചാല്‍ 10,000 രൂപയോളം വില ഉയര്‍ന്നതായി കാണാം. പിന്നീട് വിലക്കുറവ് രേഖപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 7,500 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണമുള്ളത്.

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 4,348 രൂപയായി. സമീപകാലത്തെ ഏറ്റവും വലിയ ഏകദിന വിലക്കുറവിലാണ് 18 കാരറ്റ് സ്വര്‍ണമുള്ളത്.

ആഭരണം വാങ്ങുമ്പോള്‍

കേരളത്തില്‍ സ്വര്‍ണാഭരണം വാങ്ങുന്ന ഒരാള്‍ക്ക് ഇക്കഴിഞ്ഞ ആറു മാസത്തെ ഏറ്റവും വലിയ വിലക്കുറവില്‍ ഇന്ന് സ്വര്‍ണം വാങ്ങാം. അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, അതിന്റെ ജി.എസ്.ടി, ഏറ്റവും കുറഞ്ഞ 5% പണിക്കൂലി എന്നിവ കൂട്ടിയാല്‍ 45,500-46,000 രൂപയോളം വേണം ഇന്ന് ഒരു പവന്. പണിക്കൂലി കൂടിയ ആഭരണത്തിനെങ്കില്‍ 6,000 രൂപ വരെ അധികം നല്‍കേണ്ടതായും വന്നേക്കാം.

ആഗോള വിപണിയിലെ മാറ്റം

ആഗോള വിപണിയില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 1628 ഡോളര്‍ വരെ സ്വര്‍ണം താഴ്ന്നിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു അത്.

വെള്ളി വില കുറഞ്ഞു

സംസ്ഥാനത്ത് വെള്ളി വിലയിലും കുറവുണ്ടായി. സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 74 രൂപയായി. ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപ.

Tags:    

Similar News