മസാല ബോണ്ട് വഴി കിഫ്ബിക്ക് 2150 കോടി

Update:2019-03-30 11:00 IST

സംസ്ഥാന സര്‍ക്കാരിന്റെ വികസന സംരംഭമായ കിഫ്ബിയിലേക്ക് മസാല ബോണ്ട് വഴി 2150 കോടി രൂപ ലഭിച്ചു. ഇതാദ്യമായാണ് ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക ഫണ്ട് സമാഹരിക്കുന്നത്.
രാജ്യാന്തര കടപ്പത്ര വിപണിയില്‍ നിന്നാണ് 9.75 ശതമാനം പലിശ നിരക്കില്‍ 25 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയോടെ തുക സമാഹരിച്ചത്.

കോര്‍പ്പറേറ്റുകളും പൊതുമേഖലാ സ്ഥാപനങ്ങളും മാത്രമാണ് മസാല ബോണ്ടുകള്‍ വഴി പൊതുവേ ഫണ്ട് സമാഹരണം നടത്തുക.
റിസര്‍വ് ബാങ്കിന്റെ അനുമതി അടക്കമുള്ള ഏറെ നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് കേരളം വിജയകരമായി മസാല ബോണ്ടിറക്കിയത്. തുടര്‍ന്ന് ആവശ്യമുള്ളപ്പോള്‍ അതിവേഗം ബോണ്ടുകള്‍ ഇനിയും ഇറക്കാന്‍ സാധിക്കും.
നിലവില്‍ 42,363 കോടി രൂപയുടെ 533 അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്.
മസാല ബോണ്ട്, പ്രവാസി ചിട്ടി, ഇന്ധന സെസ്, മോട്ടോര്‍ വാഹന സെസ്, നബാര്‍ഡ് വായ്പ എന്നിവ വഴി 9927 കോടി രൂപ ഇതുവരെ കിഫ്ബിക്ക് ലഭിച്ചു.

എന്താണ് മസാല ബോണ്ട്?

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക.

Similar News