മണപ്പുറം ഫിനാന്‍സിന് കഴിഞ്ഞവര്‍ഷം 1,500 കോടി രൂപ ലാഭം

നാലാംപാദ ലാഭം 59% ഉയര്‍ന്ന് 415 കോടി രൂപ; ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു

Update: 2023-05-13 05:49 GMT

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) മണപ്പുറം ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 12.9 ശതമാനം വളര്‍ച്ചയോടെ 1,500.17 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 2021-22ല്‍ ലാഭം 1,328.70 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്തം വായ്പകൾ  30,261 കോടി രൂപയില്‍ നിന്ന് 17.2 ശതമാനം വര്‍ദ്ധിച്ച് 35,452 കോടി രൂപയായി. 6,684 കോടി രൂപയാണ് പ്രവര്‍ത്തന വരുമാനം. മുന്‍വര്‍ഷത്തെ 6,061 കോടി രൂപയേക്കാള്‍ 10.3 ശതമാനം അധികമാണിത്.

ഉപകമ്പനിയായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ വായ്പകൾ  7,002 കോടി രൂപയില്‍ നിന്ന് 43.4 ശതമാനം ഉയര്‍ന്ന് 10,041 കോടി രൂപയായി. വാഹന ഉപകരണ വായ്പാ വിഭാഗത്തിന്റെ വായ്പകൾ  2,455 കോടി രൂപയാണ്; വളര്‍ച്ച 49.4 ശതമാനം. ഭവന വായ്പാ വിഭാഗമായ മണപ്പുറം ഹോം ഫിനാന്‍സിന്റെ വായ്പകളിൽ 29.7 ശതമാനം വളര്‍ച്ചയുണ്ട്; 1,096 കോടി രൂപയായാണ് വര്‍ദ്ധിച്ചത്.
നാലാംപാദത്തില്‍ 59% ലാഭവളര്‍ച്ച
സ്വര്‍ണപ്പണയം, മൈക്രോഫിനാന്‍സ് വായ്പകളിലെ വളര്‍ച്ചയുടെ കരുത്തില്‍ സാമ്പത്തിക വര്‍ഷത്തെ നാലാംപാദമായ ജനുവരി-മാര്‍ച്ചില്‍ മണപ്പുറം ഫിനാന്‍സ് 59 ശതമാനം വര്‍ദ്ധനയോടെ 415.29 കോടി രൂപ ലാഭം കുറിച്ചു. 2021-22ലെ സമാനപാദത്തില്‍ ലാഭം 260.95 കോടി രൂപയായിരുന്നു. നാലാംപാദത്തിലെ 1,481 കോടി രൂപയില്‍ നിന്ന് 19 ശതമാനം ഉയര്‍ന്ന് 1,771 കോടി രൂപയായി.
അറ്റ പലിശ വരുമാനം (എന്‍.ഐ.ഐ) നാലാംപാദത്തില്‍ 986.5 കോടി രൂപയില്‍ നിന്ന് 1,182.6 കോടി രൂപയിലെത്തി. ഉപകമ്പനികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ആകെ  സ്വര്‍ണ വായ്പകൾ പാദാടിസ്ഥാനത്തില്‍ 6.1 ശതമാനം ഉയര്‍ന്ന് 19,746 കോടി രൂപയായിട്ടുണ്ട്. ഉപകമ്പനികളെ കൂട്ടാതെയുള്ള കമ്പനിയുടെ സംയോജിത കടം 28,483 കോടി രൂപയാണ്. ആകെ 24.1 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. കമ്പനിയുടെ മൊത്തം സജീവ ഉപഭോക്താക്കള്‍ 58.8 ലക്ഷം പേര്‍.
ലാഭവിഹിതം 0.75 രൂപ
രണ്ട് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 0.75 രൂപ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 4.81 ശതമാനം താഴ്ന്ന് 109.95 രൂപയിലാണ് ഇന്നലെ (മെയ് 12) കമ്പനിയുടെ ഓഹരികളുള്ളത്.
Tags:    

Similar News