ഈ ആഴ്ച നിക്ഷേപത്തിന് പരിഗണിക്കാന്‍ വ്യത്യസ്ത മേഖലകളിലെ 4 ഓഹരികള്‍

അടിസ്ഥാന സൗകര്യ വികസനത്തിനും നിര്‍മാണത്തിനും പ്രാധാന്യം നല്‍കുന്നത് എന്‍ജിനിയറിംഗ് മേഖലയ്ക്ക് നേട്ടമാകും

Update:2024-05-12 10:00 IST

Image by Canva

2024-25ല്‍ കോര്‍പ്പറേറ്റ് വരുമാനം 8 ശതമാനം വര്‍ധിച്ചതായി ക്രിസില്‍ റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു. 2024-25ല്‍ 9-10 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിനും നിര്‍മാണത്തിനും പ്രാധാന്യം നല്‍കുന്നത് എന്‍ജിനിയറിംഗ് മേഖലയ്ക്ക് നേട്ടമാകും. ബിസിനസ്, ഉപഭോക്തൃ വിശ്വാസം വര്‍ധിച്ചതും വ്യാവസായിക വളര്‍ച്ചയെ സഹായിക്കും. കയറ്റുമതിയിലും എന്‍ജിിനിയറിംഗ് രംഗം ശക്തമാകും. ഈ സാഹചര്യത്തില്‍ പരിഗണിക്കാന്‍ 4 ഓഹരികള്‍.

1. സിയന്റ് ലിമിറ്റഡ് (Cyient Ltd): എന്‍ജിനീയറിംഗ് ഗവേഷണ വികസന മേഖലയ്ക്ക് വിവര സാങ്കേതിക സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയാണ് സിയന്റ്. 2023 ഓഗസ്റ്റ് 14ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം
ധനം ഓണ്‍ലൈനില്‍
നല്‍കിയിരുന്നു (Stock Recommendation by Geojit Financial Services). അന്നത്തെ ലക്ഷ്യ വിലയായ 1,813 രൂപ ഭേദിച്ച് ഡിസംബര്‍ 22ന് 52 ആഴ്ച്ചത്തെ ഉയര്‍ന്ന വിലയായ 2,457 വരെ ഉയര്‍ന്നു. തുടര്‍ന്ന് ലാഭമെടുപ്പില്‍ വില ഇടിഞ്ഞു.
2023-24 മാര്‍ച്ച് പാദത്തില്‍ രണ്ട് ആഗോള വിമാന നിര്‍മാതാക്കളായ എയര്‍ബസ്, ഡ്യുഷെ എയര്‍ക്രാഫ്റ്റ് ഗ്രൂപ്പ് എന്നിവരുമായി തന്ത്രപരമായ പങ്കാളിത്ത ധാരണയില്‍ എത്താന്‍ സാധിച്ചു. മൊത്തം 9 വലിയ കരാറുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചു. മാര്‍ച്ച് പാദത്തില്‍ വരുമാന വളര്‍ച്ച മിതപ്പെട്ടു. രൂപകല്‍പ്പന നടത്തി നിര്‍മാണം നടത്തുന്ന (Design-led manufacturing) വിഭാഗത്തിലാണ് കൂടുതല്‍ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചത്. ഡിജിറ്റല്‍ എന്‍ജീനിയറിംഗ് ടെക്നോളജി വിഭാഗത്തില്‍ വളര്‍ച്ച കുറഞ്ഞു. വരുമാനം 6.2 ശതമാനം വര്‍ധിച്ച് 1860.8 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 4.1 ശതമാനം വര്‍ധിച്ച് 335.3 കോടി രൂപയായി. EBITDA മാര്‍ജിന്‍ 0.37 ശതമാനം കുറഞ്ഞു. വില്‍പ്പന, മാര്‍ക്കറ്റിംഗ് ചെലവുകള്‍ വര്‍ധിച്ചതാണ് മാര്‍ജിന്‍ കുറയാന്‍ കാരണം. മറ്റു വരുമാനം കൂടിയത് കൊണ്ട് ലാഭം 15.9 ശതമാനം വര്‍ധിച്ച് 189.2 കോടി രൂപയായി. 2024-25ല്‍ ഡിജിറ്റല്‍ എന്‍ജിനീയറിംഗ് ടെക്നോളജി വിഭാഗത്തില്‍ ഉയര്‍ന്ന ഒറ്റ അക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നു. കണക്ടിവിറ്റി, എയ്‌റോ സ്‌പേസ്, പ്രതിരോധ മേഖലയില്‍ കൂടുതല്‍ കരാറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഗതാഗതം, സുസ്ഥിരത എന്നീ മേഖലകളിലും കൂടുതല്‍ വരുമാന നേട്ടത്തിന് ഭാവിയില്‍ സാധ്യത ഉണ്ട്. 2023-24 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 20 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില -1972 രൂപ
നിലവില്‍ വില- 1721.60 രൂപ
Stock Recommendation by Geojit Financial Services.
2. ഭാരത് ഫോര്‍ജ് (Bharat Forge Ltd): പ്രമുഖ ഫോര്‍ജിംഗ് കമ്പനിയായ ഭാരത് ഫോര്‍ജിന് 2023-24ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചു. അറ്റ വരുമാനം 18.4 ശതമാനം വര്‍ധിച്ച് 8968.6 കോടി രൂപയായി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള വരുമാനം 29.2 ശതമാനം വര്‍ധിച്ച് 2,468.7 കോടി രൂപയായി. യൂറോപ്യന്‍ ബിസിനസ് മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. അലൂമിനിയം ബിസിനസ് ഡിമാന്‍ഡ് വര്‍ധിച്ചത് കൊണ്ട് ഉത്പാദന ശേഷി 75 ശതമാനം വിനിയോഗിക്കാന്‍ സാധിച്ചു. പ്രതിരോധ ബിസിനസില്‍ മുന്നേറ്റം നടത്താന്‍ സാധിച്ചു. വ്യാവസായിക കാസ്റ്റിംഗ് ബിസിനസ് ഏറ്റെടുത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ വളര്‍ച്ച പ്രാപിച്ചു വരുന്നു. പ്രതിരോധ ബിസിനസ് പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപ കമ്പനിയായ കെ.എസ്.എസ്.എല്ലിന് കൈമാറും. 5,200 കോടി രൂപയുടെ ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കാന്‍ ഉള്ളതില്‍ 80 ശതമാനം വിദേശ ഓര്‍ഡറുകളാണ്. 2023-24ല്‍ 800 കോടി രൂപയുടെ മൂലധന ചെലവ് നേരിട്ടു, വിദേശ ഉപകമ്പനികളുടെ മൂലധന ചെലവ് 500 കോടി രൂപയിലധികമായി. 2022ല്‍ ഏറ്റെടുത്ത ജെ.എസ് ഓട്ടോയില്‍ നിന്ന് 570 കോടി രൂപയുടെ വരുമാനം ലഭിച്ചു. എയ്‌റോസ്‌പേസ്, പ്രതിരോധം, വ്യവസായം, വൈദ്യുത വാഹന ബിസിനസില്‍ ഇനിയും മുന്നേറ്റം നടത്താന്‍ കഴിയുമെന്ന് കമ്പനി കരുതുന്നു. 2023-24 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 15 ശതമാനം, EBITDA 29 ശതമാനം, അറ്റാദായത്തില്‍ 63 ശതമാനം എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 1,615 രൂപ
നിലവിൽ വില- 1,396.60 രൂപ 
Stock Recommendation by Prabhudas Liladher.
3. പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് (Pidilite Industries): പശകള്‍ (adhesives & sealants) ഉള്‍പ്പടെ വിവിധ തരം രാസവസ്തുക്കളുടെ നിര്‍മാതാക്കളാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്. ഉത്പാദന ചെലവ് കുറഞ്ഞത് കൊണ്ട് മൊത്തം മാര്‍ജിന്‍ 9.55 ശതമാനം ഉയര്‍ന്ന് 51.6 ശതമാനമായി. EBITDA മാര്‍ജിന്‍ 5.34% വര്‍ധിച്ച് 22.9 ശതമാനമായി. ഉത്പാദന ചെലവ് കുറഞ്ഞത് കൊണ്ട് ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഉത്പന്നങ്ങള്‍ നല്‍കാന്‍ സാധിച്ചു. പരസ്യ, സെയില്‍സ് പ്രൊമോഷന്‍ ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ സാധിച്ചു. 2023-24ല്‍ അറ്റ വിറ്റുവരവ് 5 ശതമാനം ഉയര്‍ന്ന് 12,337 കോടി രൂപയായി. EBITDA 36.4 ശതമാനം വര്‍ധിച്ച് 2,707 കോടി രൂപയായി. വിദേശത്തെ ഉപകമ്പനികളുടെ പ്രവര്‍ത്തനവും വരുമാനവും മെച്ചപ്പെട്ടിട്ടുണ്ട്. ഗ്രാമീണ വിപണി നഗരങ്ങളെക്കാള്‍ ശക്തമായ വളര്‍ച്ച കൈവരിച്ചു. മൊത്തം വിറ്റുവരവിന്റെ 4-5 ശതമാനം പരസ്യ പ്രചാരണത്തിന് ചെലവാക്കുന്നുണ്ട്. പെയിന്റ് ബിസിനസ് 3-4 സംസ്ഥാനങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. വാട്ടര്‍ പ്രൂഫിംഗ് ബിസിനസില്‍ ഇരട്ട അക്ക വളര്‍ച്ച നേടാന്‍ സാധിച്ചു. എന്‍.ബി.എഫ്.സി ബിസിനസ് തുടങ്ങാനുള്ള ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്. മൊത്തം വരുമാനത്തിന്റെ 3.5 ശതമാനം വരെ മൂലധന ചെലവിനായി നീക്കി വെക്കും. തൊഴിലാളികളുടെ കുറവും, പൊതു തിരഞ്ഞെടുപ്പും 2024-25 ഒന്നാം പാദ ഫലത്തെ ബാധിച്ചേക്കാം.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 2,980 രൂപ
നിലവില്‍ വില- 2,919 രൂപ
Stock Recommendation by Prabhudas Lilladher.
4. കിര്‍ലോസ്‌കര്‍ ഓയില്‍ എന്‍ജിന്‍സ് (Kirloskar Oil Engines): എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കിര്‍ലോസ്‌കര്‍ കമ്പനി ജനറേറ്റര്‍ സെറ്റുകള്‍, എന്‍ജിന്‍ നിര്‍മാണം, സ്‌ക്രാപ് വില്‍പ്പന തുടങ്ങിയ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ്. കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സ്റ്റാന്‍ഡേര്‍ഡ് IV മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ജനറേറ്ററുകള്‍ 2023 സെപ്റ്റംബറില്‍ പുറത്തിറക്കി. ഡിസംബര്‍ 2024ല്‍ ഡീസല്‍, പ്രകൃതി വാതകം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട ഇന്ധന ജനറേറ്ററുകള്‍ പുറത്തിറക്കി. 2021-22 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ വരുമാനം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24ല്‍ 18 ശതമാനം വരുമാന വളര്‍ച്ച കൈവരിച്ചു. 4,806 കോടി രൂപ. കയറ്റുമതിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ 2023-24ല്‍ സാധിച്ചു. ഡീസല്‍ ജനറേറ്ററുകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. 2024-25ല്‍ വരുമാനം 6,500 കോടി രൂപയാകുമെന്ന് കരുതുന്നു. നൂതന ഉത്പന്നങ്ങള്‍ പുറത്തിറക്കിയും വിതരണം ശക്തിപെടുത്തിയും കമ്പനി വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില- 1,220 രൂപ
നിലവില്‍ വില- 1,044.40 രൂപ
Stock Recommendation by Motilal Oswal Financial Services.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Tags:    

Similar News