ആശീര്‍വാദ് ഐ.പി.ഒയ്ക്ക് അനുമതി നല്‍കുന്നത് സെബി നീട്ടിവച്ചത് എന്തിന്? ഇതാണ് കാരണങ്ങള്‍
₹1,500 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐ.പി.ഒ അപേക്ഷ സമര്‍പ്പിച്ചത് കഴിഞ്ഞ ഒക്ടോബറില്‍
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും (NBFC) സ്വര്‍ണപ്പണയ സ്ഥാപനവുമായ മണപ്പുറം ഫിനാന്‍സിന്റെ ഉപസ്ഥാപനമായ ആശീര്‍വാദ് മൈക്രോഫിനാന്‍സിന്റെ (Asirvad Microfinance) ഐ.പി.ഒ അപേക്ഷയ്ക്ക് സെബിയുടെ 'ആശീര്‍വാദമില്ല'.
എന്തുകൊണ്ട് സെബിയുടെ ഈ നടപടി?
ഐ.പി.ഒയ്ക്ക് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ അനുമതി നല്‍കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട കമ്പനിയോട് സെബി നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇത്തരത്തില്‍ ആശീര്‍വാദിനോട് മൂന്ന് ചോദ്യങ്ങളുന്നയിച്ചു. ആശീര്‍വാദില്‍ നിന്ന് സമയബന്ധിതമായി മറുപടിയും ലഭിച്ചു.
ഇതുപ്രകാരം ആദ്യ രണ്ട് ചോദ്യങ്ങള്‍ക്ക് ആധാരമായ കാര്യങ്ങള്‍ സെബി പരിഷ്‌കരിച്ചു. മൂന്നാമത്തെ ചോദ്യത്തിന് ചില നിയമോപദേശങ്ങള്‍ ആവശ്യമാണെന്ന് സെബി കരുതുന്നതായി സി.എന്‍.ബി.സി ടിവി18ന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് പരിഹരിക്കാന്‍ 15-30 ദിവസമെടുക്കും.
സാധാരണഗതിയില്‍ സെബി മൂന്നുമാസത്തിനകം ഐ.പി.ഒ അപേക്ഷയിന്മേല്‍ തീരുമാനം എടുക്കാറുണ്ട്. നിയമോപദേശങ്ങള്‍ തേടുന്ന സാഹചര്യങ്ങളില്‍ 30 ദിവസം വരെ അധികമായി എടുക്കും. ഇതിനായാണ് ഇപ്പോള്‍ ആശീര്‍വാദ് ഐ.പി.ഒയ്ക്കുള്ള അനുമതി നല്‍കുന്നത് തത്കാലം വേണ്ടെന്നുവച്ചത്. ഒരുമാസത്തിനകം തീരുമാനമുണ്ടായേക്കും.