യുഎസ് പലിശ അര ശതമാനം കുറച്ചു; വിദേശ വിപണികൾ കയറ്റത്തിൽ; ഇന്നു നേട്ടം പ്രതീക്ഷിച്ചു ബുള്ളുകൾ; ഇന്ത്യയും പലിശ കുറയ്ക്കേണ്ടി വരും

വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സ്വര്‍ണവില താഴ്ന്നു, ക്രിപ്‌റ്റോകള്‍ക്ക് മുന്നേറ്റം

Update:2024-09-19 07:59 IST

നാലു വർഷത്തിനു ശേഷം യുഎസ് ഫെഡറൽ റിസർവ് (ഫെഡ്) പലിശ നിരക്ക് കുറച്ചു. യുഎസ് വിപണികൾ ഉടനേ കുതിച്ചു കയറിയെങ്കിലും ചെറിയ നഷ്ടത്തിലാണ് അവസാനിച്ചത്. എന്നാൽ ഇന്നു ഫ്യൂച്ചേഴ്സ് ഗണ്യമായ കയറ്റത്തിലാണ്. ഏഷ്യൻ വിപണികളും കയറി. ഇന്ത്യൻ വിപണിയും ഇവയെ പിഞ്ചെന്ന് ഉയരും എന്നാണു സൂചന.

അടിസ്ഥാന പലിശ നിരക്ക് 0.50 ശതമാനമാണു കുറച്ചത്. 5.25 -5.50 ശതമാനം എന്നത് 4.75-5.00 ആയി കുറഞ്ഞു. ഈ വർഷം അര ശതമാനം കൂടി കുറയ്ക്കും. 2025 ൽ ഒരു ശതമാനവും 2026 ൽ അര ശതമാനവും കുറവാണു ഫെഡ് ലക്ഷ്യമിടുന്നത്. സാമ്പത്തിക മാന്ദ്യത്തിനു സാധ്യത ഇല്ലെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ ഉറപ്പിച്ചു പറഞ്ഞു. തൊഴിൽ വിപണിക്കു കരുത്തു പകരാനാണ് അര ശതമാനം കുറച്ചത് എന്ന് അദ്ദേഹം വിശദീകരിച്ചു.

യുഎസ് വലിയ കുറയ്ക്കൽ പ്രഖ്യാപിച്ചത് ഇന്ത്യയിലും പലിശ കുറയ്ക്കാൻ സമ്മർദം ഉണ്ടാക്കും. ഒക്ടോബറിൽ തന്നെ റിസർവ് ബാങ്ക് പലിശ കുറയ്ക്കൽ തുടങ്ങേണ്ടി വരാം. അല്ലെങ്കിൽ രൂപ ദുർബലമാകും. ഭക്ഷ്യ വിലക്കയറ്റ ഭീഷണി ചൂണ്ടിക്കാട്ടി പലിശ കുറയ്ക്കലിനെ ഒഴിവാക്കാനാണ് റിസർവ് ബാങ്ക് ഇതു വരെ ശ്രമിച്ചിരുന്നത്.

ഇതേ സമയം പശ്ചിമേഷ്യൻ സംഘർഷ ഭീതി ഡോളർ സൂചിക കുതിച്ചുയരാൻ കാരണമായി. ഇന്നു രൂപ ദുർബലമായേക്കാം. ലാഭമെടുക്കലിനെ തുടർന്നു സ്വർണം അൽപം താഴ്ന്നു.

ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 25,355 ൽ ക്ലാേസ്ചെയ്തു. ഇന്നു രാവിലെ 25,420 ലേക്കു കയറി. ഇന്ത്യൻ വിപണി ഇന്ന് ഉയർന്നു വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.

വിദേശ വിപണി 

യൂറോപ്യൻ വിപണികൾ ബുധനാഴ്ച താഴ്ന്നു ക്ലോസ് ചെയ്തു. യുഎസ് ഫെഡ് തീരുമാനത്തെ കുറിച്ചുള്ള ആശങ്കയാണു മുന്നിൽ നിന്നത്. ബാങ്ക് ഓഫ് ഇം ഗ്ലണ്ട് ഇന്നു പണനയം പ്രഖ്യാപിക്കും.

പലിശ അര ശതമാനം കുറച്ചതിനെ സംബന്ധിച്ച വ്യാഖ്യാനങ്ങൾ ഇന്നലെ ഉച്ചയ്ക്കു ശേഷം യുഎസ് വിപണിയെ കയറ്റിയിറക്കി. ആദ്യം സൂചികകൾ പുതിയ റെക്കോർഡിലേക്കു കുതിച്ചു. ഡൗ ജോൺസ് 41,981.97 ലും എസ് ആൻഡ് പി 5689.75 ലും എത്തി റെക്കോർഡ് തിരുത്തി. പിന്നീടു ലാഭമെടുക്കലിൻ്റെ സമ്മർദത്തിൽ തലേന്നത്തേക്കാൾ അൽപം താഴ്ന്നു ക്ലോസ് ചെയ്തു.

ഡൗ ജോൺസ് സൂചിക 103.08 പോയിൻ്റ് (0.25%) താഴ്ന്ന് 41,503.10 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 16.32 പോയിൻ്റ് (0.29%) നഷ്ടത്തിൽ 5618.26 ൽ അവസാനിച്ചു. നാസ്ഡാക് സൂചിക 54.76 പോയിൻ്റ് (0.31%) താഴ്ന്ന് 17,573.30 ൽ ക്ലോസ് ചെയ്തു.

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു രാവിലെ നല്ല നേട്ടത്തിലാണ്. ഡൗ 0.27 ഉം എസ് ആൻഡ് പി 0.48 ഉം നാസ്ഡാക് 0.74 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.

യുഎസ് 10 വർഷ കടപ്പത്രങ്ങളുടെ വില 3.732 ശതമാനം നിക്ഷേപനേട്ടം കിട്ടുന്ന നിലയിലേക്കു താഴ്ന്നു.

ഏഷ്യൻ വിപണികൾ ഇന്നു രാവിലെ ഉയർന്നു. ജപ്പാനിൽ നിക്കെെ 2.25 ശതമാനം കയറി. ബാങ്ക് ഓഫ് ജപ്പാൻ ഇന്നു പണനയം പ്രഖ്യാപിക്കും. ഡിസംബറിലേ പലിശ കൂട്ടൂ എന്നാണു വിപണിയുടെ നിഗമനം. ചെെനീസ് വിപണികൾ താണു.

ഇന്ത്യൻ വിപണി 

ഇന്ത്യൻ വിപണി ബുധനാഴ്ച വലിയ ചാഞ്ചാട്ടത്തിലായി. താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കയറിയിറങ്ങി. ഇടയ്ക്കു കുതിച്ച സൂചികകൾ റെക്കോർഡ് തിരുത്തി. സെൻസെക്സ് 83,326.38 ഉം നിഫ്റ്റി 25,482.20 ഉം വരെ കയറി. പിന്നീടു ചെറിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

ഐടി മേഖലയിലെ കമ്പനികൾ വലിയ നഷ്ടത്തിലായി. ഐടി സൂചിക 3.05 ശതമാനം വീഴ്ചയിലാണ് അവസാനിച്ചത്. ജൂണിനു ശേഷം 30 ശതമാനം ഉയർന്ന ഐടി സൂചിക ചൊവ്വാഴ്ച റെക്കോർഡ് കുറിച്ചിരുന്നു.

എംഫസിസ് 5.63 ശതമാനം ഇടിഞ്ഞു.

ടിസിഎസ് 3.5 ഉം പെർസിസ്റ്റൻ്റ് 3.38 ഉം എൽ ആൻഡ് ടി ടെക്നിക്കൽ സർവീസസ് 3.25 ഉം ഇൻഫി 3.08 ഉം ശതമാനം താഴ്ന്നു. ഫാർമ, ഹെൽത്ത് കെയർ, ഓയിൽ, മെറ്റൽ മേഖലകളും വലിയ ഇടിവിലായിരുന്നു. ബാങ്കുകളും ധനകാര്യ കമ്പനികളുമാണു നേട്ടം ഉണ്ടാക്കിയത്.

എൻഎസ്ഇയിൽ 958 ഓഹരികൾ ഉയർന്നപ്പോൾ 1839 ഓഹരികൾ താണു. ബിഎസ്ഇയിൽ 1527 എണ്ണം കയറി, 2437 എണ്ണം താഴ്ന്നു.

ബുധനാഴ്ച സെൻസെക്സ് 131.43 പാേയിൻ്റ് (0.16%) താഴ്ന്ന് 82,948.23 ൽ ക്ലാേസ് ചെയ്തു. നിഫ്റ്റി 41 പോയിൻ്റ് (0.16%) നഷ്ടത്തിൽ 25,377.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1.08% (561.75 പോയിൻ്റ്) കയറി 52,750.40 ൽ ക്ലാേസ് ചെയ്തു.

മിഡ് ക്യാപ് സൂചിക 0.71 ശതമാനം താഴ്ന്ന് 59,752.85 ലും സ്മോൾ ക്യാപ് സൂചിക 0.39% താഴ്ന്ന് 19,389.75 ലും വ്യാപാരം അവസാനിപ്പിച്ചു.

വിദേശനിക്ഷേപകർ ബുധനാഴ്ച ക്യാഷ് വിപണിയിൽ 1153.69 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 152.31 കോടി രൂപയുടെ ഓഹരികളും വാങ്ങി.

ലാഭമെടുക്കലിൽ വിപണി താഴ്ന്നെങ്കിലും ബുള്ളിഷ് മനോഭാവം തുടരുകയാണ്. യുഎസ് ഫെഡ് പലിശ അര ശതമാനം കുറച്ചത് റിസർവ് ബാങ്കിനെ അടുത്ത മാസം പലിശ കുറയ്ക്കാൻ നിർബന്ധിക്കും എന്നാണു പലരും കരുതുന്നത്.

നിഫ്റ്റി 25,500 നു മുകളിൽ ക്ലോസ് ചെയ്താൽ 25,800 ലേക്കു കുതിക്കാൻ സാധിക്കും എന്ന വിലയിരുത്തൽ തുടരുന്നു. ഇന്നു നിഫ്റ്റിക്ക് 25,305 ലും 25,260 ലും പിന്തുണ ഉണ്ട്. 25,455 ഉം 25,500 ഉം തടസങ്ങളാകും.

സ്വർണം താഴ്ന്നു

പലിശ കുറയ്ക്കൽ പ്രഖ്യാപിച്ച ഉടനെ കുതിച്ചു കയറിയ സ്വർണം ലാഭമെടുക്കലുകാരുടെ വിൽപനയെ തുടർന്നു താഴ്ന്നു. ഔൺസിന് 2600 ഡോളർ വരെ കയറിയ സ്വർണം 2559.20 ൽ ക്ലോസ് ചെയ്തു. ഇന്നു

രാവിലെ 2554 ഡോളറിലാണ്.

ഡിസംബർ അവധിവില 2577 ഡോളർ ആയി.

കേരളത്തിൽ സ്വർണവില ബുധനാഴ്ചയും പവന് 120 രൂപ കുറഞ്ഞ് 54,800 രൂപയിൽ എത്തി. ഇന്നും കുറയാം.

വെള്ളിവില ഔൺസിന് 30.15 ഡോളറിലേക്ക് താഴ്ന്നു..

ഡോളർ സൂചിക ബുധനാഴ്ച പലിശ കുറയ്ക്കലിനെ തുടർന്ന് 100.60 ലേക്കു താഴ്ന്നു ക്ലാേസ് ചെയ്തു. എന്നാൽ ഇന്നു രാവിലെ സൂചിക 101.45 ലേക്കു കയറി. പലിശ കുറയ്ക്കൽ ഡോളറിൽ നിന്ന് നിക്ഷേപകരെ അകറ്റുകയില്ല എന്നാണു വിലയിരുത്തൽ. പശ്ചിമേഷ്യയിൽ സംഘർഷം വളരുന്നതും ഡോളറിനു ബലമായി.

ഇന്നലെ ഇന്ത്യയിൽ വിദേശനാണ്യ വിപണി അവധിയിലായിരുന്നു. ഇന്നു ഡോളറിൻ്റെ കയറ്റം രൂപയ്ക്കു ക്ഷീണം വരുത്താം.

ക്രൂഡ് ഓയിൽ വില ഇന്നലെ അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ബുധനാഴ്ച 73.42 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ വില 72.99 ഡോളറിലേക്ക് താണു. ഡബ്ല്യുടിഐ ഇനം 70.19 ഉം യുഎഇയുടെ മർബൻ ക്രൂഡ് 73.42 ഉം ഡോളറിലാണ്.

ക്രിപ്റ്റാേ കറൻസികൾ ഉയർന്നു. ബിറ്റ്കോയിൻ 62,200 ഡോളർ വരെ കയറി. ഈഥർ 2400 ഡോളറിൽ എത്തി.

വ്യാവസായിക ലോഹങ്ങൾ ഇന്നലെ അൽപം കയറി. ചെമ്പ് 0.26 ശതമാനം ഉയർന്നു ടണ്ണിന് 9265.89 ഡോളറിൽ എത്തി. അലൂമിനിയം 0.50 ശതമാനം കയറി ടണ്ണിന് 2536.50 ഡോളർ ആയി. നിക്കൽ 0.15 ഉം സിങ്ക് 0.18 ഉം ലെഡ് 0.76 ഉം ശതമാനം ഉയർന്നു. ടിൻ 0.47 ശതമാനം താഴ്ന്നു.

വിപണിസൂചനകൾ

(2024 സെപ്റ്റംബർ 18, ബുധൻ)

സെൻസെക്സ് 30 82,948.23 -0.16%

നിഫ്റ്റി50 25,377.55 -0.16%

ബാങ്ക് നിഫ്റ്റി 52,750.40 +1.08%

മിഡ് ക്യാപ് 100 59,752.85 -0.71%

സ്മോൾ ക്യാപ് 100 19,389.75 -0.39%

ഡൗ ജോൺസ് 30 41,503.10

-0.25%

എസ് ആൻഡ് പി 500 5618.26 -0.29%

നാസ്ഡാക് 17,573.30 -0.31%

ഡോളർ($) ₹83.75 ₹0.00

ഡോളർ സൂചിക 100.60 -0.29

സ്വർണം (ഔൺസ്) $2559.20 -$10.80

സ്വർണം (പവൻ) ₹54,800 -₹120

ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $72.80 -$00.90

Tags:    

Similar News