ചോരയൊഴുക്കി ഓഹരി വിപണി; സൂചികകള്‍ രണ്ടു ശതമാനത്തോളം ഇടിവില്‍
നിഫ്റ്റി 24,000നു താഴെ; സെന്‍സെക്‌സ് ഇടിഞ്ഞ് 79,000നു കീഴില്‍
അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ വിപണി ഇടിവു തുടരുകയാണ്. മുഹൂര്‍ത്ത വ്യാപാരത്തിലെ നേട്ടം തുടക്കത്തിലേ നഷ്ടപ്പെടുത്തിയ മുഖ്യ സൂചികകള്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒന്നേകാല്‍ ശതമാനം താഴ്ചയിലായി. സെന്‍സെക്‌സ് 78,800 നും നിഫ്റ്റി 24,000 നും താഴെ ആയി.
മിഡ് ക്യാപ് സൂചിക 1.2 ഉം, സ്‌മോള്‍ ക്യാപ് സൂചിക 1.6 ഉം ശതമാനം ഇടിഞ്ഞു.
റിലയന്‍സ്, ബിപിസിഎല്‍, സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, എംആര്‍പിഎല്‍, ബന്ധന്‍ ബാങ്ക്, ഭെല്‍ തുടങ്ങിയവ രണ്ടര ശതമാനത്തിലധികം തകര്‍ച്ച കാണിച്ചു.
വാഹനകമ്പനികള്‍ ഇന്നു തുടക്കത്തില്‍ കയറ്റം കാണിച്ചു. പിന്നീടു താണു. റോയല്‍ എന്‍ഫീല്‍ഡ് വില്‍പന റെക്കോര്‍ഡ് ആയത് ഐഷര്‍ മോട്ടോഴ്‌സിനെ രണ്ടു ശതമാനം ഉയര്‍ത്തി. പിന്നീട് നേട്ടം താഴ്ന്നു. ബജാജ് ഓട്ടോയുടെ വില്‍പന പ്രതീക്ഷ പോലെ കൂടിയില്ല. ഓഹരി അഞ്ചു ശതമാനം താഴ്ന്നു. 50,000 ലധികം വാഹനങ്ങള്‍ ഒക്ടോബറില്‍ വിറ്റ ഒല ഇലക്ട്രിക് ഓഹരി മൂന്നു ശതമാനത്തോളം ഇടിഞ്ഞു. മാരുതി, ടാറ്റാ മോട്ടോഴ്‌സ്, ടിവിഎസ്, ഹീറോ, അശോക് ലെയ്‌ലന്‍ഡ് തുടങ്ങിയവയും താഴ്ചയിലായി. ഹ്യുണ്ടായ് മോട്ടോഴ്‌സും താഴ്ന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൂന്നു ശതമാനത്തോളം കയറി.
സിപ്ലയുടെയും ഭാരതി എയര്‍ടെലിന്റെയും ലക്ഷ്യവില ഉയര്‍ത്തിയ നൊമുറ ആ ഓഹരികള്‍ വാങ്ങാനും ശിപാര്‍ശ ചെയ്തു. സിപ്ല രണ്ടര ശതമാനം കയറി.
മിത്സുബിഷിയുമായി 700 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ട ആസാദ് എന്‍ജിനിയറിംഗ് ഓഹരി 14 ശതമാനം ഉയര്‍ന്നു. കമ്പനിക്ക് ഇപ്പോള്‍ 4000 കോടിയുടെ കരാറുകള്‍ ഉണ്ട്.
ഐടി കമ്പനികളുടെ വരുമാന വളര്‍ച്ചയെപ്പറ്റി ചില ബ്രോക്കറേജുകള്‍ നെഗറ്റീവ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ഇന്‍ഫോസിസും ടിസിഎസും അടക്കം പ്രമുഖ കമ്പനികള്‍ താഴ്ന്നു.
രൂപ ഇന്ന് ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 84.07 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 84.06 രൂപയായി.
സ്വര്‍ണം ലോകവിപണിയില്‍ 2742 ഡോളറിലേക്കു കയറി. കേരളത്തില്‍ ആഭരണ സ്വര്‍ണം വില മാറ്റമില്ലാതെ പവന് 58,960 രൂപയില്‍ തുടര്‍ന്നു.
ക്രൂഡ് ഓയിലിനു നേരിയ ഉയര്‍ച്ച. ബ്രെന്റ് ഇനം 74.26 ഡോളറിലേക്കു കയറി.