സാങ്കേതിക വിശകലനം: നിഫ്റ്റി പോസിറ്റീവ് ചായ്‌വിൽ
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;
ഓഹരി വിപണി: സാങ്കേതിക വിശകലനം
ഒക്ടോബർ 25-ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി സാങ്കേതിക വീക്ഷണം
നിഫ്റ്റി പോസിറ്റീവ് ചായ്‌വിൽ
നിഫ്റ്റിയുടെ ഹ്രസ്വകാല പ്രവണത പോസിറ്റീവ് ചായ് വിൽ ആണ്. ബുള്ളിഷ് ട്രെൻഡിന്റെ തുടർച്ചയ്ക്ക് നിഫ്റ്റി 17,810ന് മുകളിൽ വ്യാപാരം നടത്തി ക്ലോസ് ചെയ്യണം.
നിഫ്റ്റി 74.40 പോയിന്റ് (-0.42%) താഴ്ന്ന് 17,656.35-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി വ്യാപാരം തുടങ്ങിയത് 17,808.30-ൽ നേട്ടത്തോ ടെയാണ്. രാവിലെ തന്നെ 17,811.50-ൽ ദിവസത്തെ ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് താഴ്ന്ന് 17,637 എന്ന ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി.
17656.35 ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ, ഐടി, ലോഹങ്ങൾ എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എഫ്എംസിജി, സ്വകാര്യ ബാങ്കുകൾ, ധനകാര്യ സേവന കമ്പനികൾ, റിയൽറ്റി എന്നിവ നഷ്ടത്തിലായി. വിപണിഗതി നെഗറ്റീവ് ആയിരുന്നു. 780 ഓഹരികൾ ഉയർന്നു, 1358 ഓഹരികൾ ഇടിഞ്ഞു, 166 എണ്ണം മാറ്റമില്ലാതെ തുടർന്നു.
ആക്കസൂചകങ്ങളും മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. പക്ഷേ, സൂചിക ദൈനംദിന ചാർട്ടിൽ കറുത്ത മെഴുകുതിരി രൂപപ്പെടുത്തുകയും അത് മുൻ സെഷനിൽ രൂപപ്പെട്ട വിടവ് ഭാഗം നികത്തുകയും ചെയ്യുന്നു. സൂചികയ്ക്ക് 17,637 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു ക്ലോസ് ചെയ്താൽ, താഴോട്ടുള്ള പ്രവണത ഇന്നും തുടരാം. അല്ലെങ്കിൽ, 17,637-ൽ നിന്ന് ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം. ഉയർന്ന ഭാഗത്ത്, 17,811 ലെവലിൽ ഇൻട്രാഡേ പ്രതിരോധം. ഈ നിലയ്ക്ക് മുകളിൽ, ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കാം.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,635-17,585-17,520 റെസിസ്റ്റൻസ് ലെവലുകൾ 17,715-17,810-17,900 (15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികളിൽ സമ്മിശ്രമാണു വ്യാപാരം. എസ്‌ജിഎക്‌സ് നിഫ്റ്റി രാവിലെ പോസിറ്റീവ് ചായ് വിൽ 17,936 ലാണ്. വ്യാപാരം ചെയ്യുന്നത്. ഇന്ന് നിഫ്റ്റി നേട്ടത്തോടെ വ്യാപാരം തുടങ്ങാം.
വിദേശ നിക്ഷേപകർ 247.01 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശി ഫണ്ടുകൾ 872.88 കോടിയുടെ ഓഹരികൾ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത: പോസിറ്റീവ് ചായ് വ്
ബാങ്ക് നിഫ്റ്റി 182.15 പോയിന്റ് താഴ്ന്ന് 41,122.75ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക കറുത്ത മെഴുകുതിരി രൂപപ്പെടുത്തിയിട്ടു കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 41,100 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. ഈ നിലവാരത്തിന് താഴെയാണ് വ്യാപാരമെങ്കിൽ ഇടിവ് ഇന്നും തുടരാം. അല്ലെങ്കിൽ, സമീപകാല ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കാം. സൂചികയ്ക്ക് 42,000-ൽ പ്രതിരോധ മുണ്ട്.
പിന്തുണ–പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ
41000-40800-40600
റെസിസ്റ്റൻസ് ലെവലുകൾ
41200-41400-41600 (15-മിനിറ്റ് ചാർട്ടുകൾ)
സാങ്കേതിക വിശകലന പദാവലി
മെഴുകുതിരി വിശകലനം 13
(Candlestick Analysis 13)
വിഴുങ്ങുന്ന കാള (The Bullish Engulfing Pattern)
വിഴുങ്ങുന്ന കാള (ബുള്ളിഷ് എൻഗൾഫിംഗ്) പാറ്റേണുകൾ രണ്ട് ദിവസത്തെ മെഴുകുതിരി പാറ്റേണുകൾ ചേർന്നതാണ്. ആദ്യം ഒരു ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുന്നു, പിന്നീട് വലിയ വെളുത്ത മെഴുകുതിരി രൂപപ്പെട്ട് രണ്ടാം ദിവസത്തെ ശരീരം തലേദിവസത്തെ മെഴുകുതിരിയെ വിഴുങ്ങുകയോ ഓവർലാപ്പ് ചെയ്യുകയോ ചെയ്യുന്നു. ഈ പാറ്റേൺ ഒരു ഡൗൺട്രെൻഡിന്റെ അവസാനത്തിൽ രൂപപ്പെട്ടാൽ ട്രെൻഡ് റിവേഴ്സൽ ആയി കണക്കാക്കാം.
വെളുത്ത മെഴുകുതിരികൾ കറുത്ത മെഴുകുതിരികളേക്കാൾ താഴെ തുടങ്ങുകയും കഴിഞ്ഞ ദിവസം രൂപപ്പെട്ട കറുത്ത മെഴുകുതിരികളേക്കാൾ ഉയരത്തിൽ ക്ലോസ് ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസത്തെ പൂർണമായി ആവരണം ചെയ്യുന്നതു വിൽപന സമ്മർദ്ദം കുറയുന്നതായി സൂചിപ്പിക്കുന്നു.
ഈ പാറ്റേൺ സൂചിപ്പിക്കുന്നത് കരടികളിൽ നിന്ന് കാളകൾ വിപണിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു എന്നാണ്. കൂടുതൽ സ്ഥിരീകരണത്തിനായി അടുത്ത മെഴുകുതിരി ബുള്ളിഷ് എൻൾഫിംഗ് പാറ്റേണിനേക്കാൾ ഉയരത്തിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്. അപ്പോൾ അപ്‌ട്രെൻഡിന്റെ അടുത്ത ഘട്ടം സ്ഥിരീകരിക്കാൻ സാധിക്കും.
(നിരാകരണം: ഈ റിപ്പോർട്ട് പഠന ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. ഏതെങ്കിലും നിക്ഷേപം അല്ലെങ്കിൽ വ്യാപാര തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ്, വായനക്കാർ ഡാറ്റയും കമ്പനികളും വ്യക്തിപരമായി പരിശോധിക്കുകയോ അവരുടെ സാമ്പത്തിക ഉപദേഷ്ടാവിൽ നിന്ന് ഉപദേശം തേടുകയാേ ചെയ്യണം.)