ഓഹരി വിപണി: സാങ്കേതിക വിശകലനം
ഷെയർ മാർക്കറ്റിൻ്റെയും ഓഹരികളുടെയും വിശകലനത്തിൽ പരിചയസമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;
സാങ്കേതിക വിശകലനം
ഒക്ടോബർ 10ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി സാങ്കേതിക വീക്ഷണം
ഹ്രസ്വകാല പ്രവണത: സമാഹരണം
അവലോകനം: നിഫ്റ്റി -73.65 പോയിൻറ് (-0.43%) താഴ്ന്ന് 17241.00-ൽ ക്ലോസ് ചെയ്തു. ഐടി ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ചയോടെ ക്ലോസ് ചെയ്തു. എഫ്എംസിജി, മീഡിയ, പിഎസ്‌യു ബാങ്ക്, റിയാലിറ്റി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. നിഫ്റ്റി സൂചികയിലെ ആക്സിസ് ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്സി ലൈഫ്, മാരുതി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടാറ്റാ മോട്ടോഴ്സ്, ടാറ്റാ കൺസ്യൂമർ, ഹീറോ മോട്ടോ കോർപ്, ഏഷ്യൻ പെയിൻ്റ്സ് എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 684 ഓഹരികൾ ഉയർന്നു, 1424 എണ്ണം ഇടിഞ്ഞു, 195 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
സാങ്കേതികനിരീക്ഷണം: സൂചിക വലിയ നഷ്ടത്തോടെ 17094.30 ൽ രാവിലെ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 17064.70 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. തുടർന്ന് സൂചിക പതുക്കെ ഉയർന്ന് 17280.20 എന്ന ഉയർന്ന നിലവാരം പരീക്ഷിക്കുകയും ഒടുവിൽ 17241.00 ൽ ക്ലോസ് ചെയ്യുകയും ചെയ്തു. നിഫ്റ്റി അതിന്റെ അഞ്ച്, പതിനഞ്ച് ദിവസത്തെ സിംപിൾ മൂവിംഗ് ശരാശരികൾക്ക് മുകളിൽ തുടരുന്നു. ആക്ക (മൊമെൻ്റം) സൂചകങ്ങൾ ദുർബലമാണ്. ഡെയ്‌ലി ചാർട്ടിൽ, ഒരു നീണ്ട വെളുത്ത മെഴുകുതിരി രൂപപ്പെടുകയും 17200 ലെവലിന് മുകളിൽ ക്ലോസ് ചെയ്യുകയും ചെയ്‌തു. ഇതെല്ലാം സമാഹരണ സാധ്യതയെ സൂചിപ്പിക്കുന്നു. ഉയരുമ്പോൾ സൂചികയ്ക്ക് 17280-ൽ ഇൻട്രാ ഡേ പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളിൽ സൂചിക ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറിയേക്കാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 17500 ലെവലിലാണ്.
യൂറോപ്യൻ, യുഎസ് വിപണികൾ നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളിലും വ്യാപാരം നഷ്ടത്തിലാണ്.. എസ്‌ജിഎക്‌സ് നിഫ്റ്റി 17181 എന്ന നിലയിലാണ് രാവിലെ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും ഇന്ന് താഴ്ചയോടെ വ്യാപാരം തുടങ്ങിയേക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17200 -17125-17050 റെസിസ്റ്റൻസ് ലെവലുകൾ 17280-17250-17425(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 17200- 16700 റെസിസ്റ്റൻസ് ലെവലുകൾ 17500-18100(ഡെയ്‌ലി ചാർട്ടുകൾ).
ബാങ്ക് നിഫ്റ്റി വിശകലനം
ഹ്രസ്വകാല പ്രവണത: സമാഹരണം
ഇന്നലെ ബാങ്ക് നിഫ്റ്റി 84.95 പോയിന്റ് നഷ്ടത്തിൽ 39093.10 ൽ ക്ലോസ് ചെയ്തു. ആക്കസൂചകങ്ങൾ ദൗർബല്യം സൂചിപ്പിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ, സൂചിക ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുത്തുകയും 39,000-ലെ പിന്തുണയ്‌ക്ക് മുകളിൽ ക്ലോസ് ചെയ്യുകയും ചെയ്തു. ഉയരുമ്പോൾ സൂചികയ്ക്ക് ചെറിയ പ്രതിരോധം 39600 ആണ്. ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക 39,000 പിന്തുണയ്‌ക്ക് മുകളിൽ സമാഹരണം തുടരാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,000-38,800-38,600 റെസിസ്റ്റൻസ് ലെവലുകൾ 39,300-39,600-39,800(15 മിനിറ്റ് ചാർട്ടുകൾ)
പൊസിഷണൽ ഹ്രസ്വകാല സപ്പോർട്ട് ലെവലുകൾ 39,000 - 38,000 റെസിസ്റ്റൻസ് ലെവലുകൾ 40,000-41,600 (പ്രതിദിന ചാർട്ടുകൾ).
സാങ്കേതിക വിശകലന പദാവലി
മെഴുകുതിരി വിശകലനം 3
(Candlestick Analysis 3)
ഇന്ന് ഇവിടെ ചർച്ച ചെയ്യുന്നത് വ്യത്യസ്ത തരം കറുത്ത മെഴുകുതിരികളെ (Black candles) കുറിച്ചാണ്. എല്ലാത്തരം കറുത്ത മെഴുകുതിരികളിലും, ക്ലോസിംഗ് വില ഓപ്പണിംഗ് വിലയേക്കാൾ കുറവാണ്, കൂടാതെ താഴോട്ടുള്ള ദിശയും സൂചിപ്പിക്കുന്നു. എന്നാൽ ഇത് പലപ്പോഴും വ്യത്യസ്ത വലുപ്പങ്ങളിൽ രൂപം കൊള്ളുന്നു.
പ്രധാനമായും മൂന്ന് തരം കറുത്ത മെഴുകുതിരികൾ ഉണ്ട്. 1. വലിയ ശരീരമുള്ള കറുത്ത മെഴുകുതിരികൾ. 2. നീണ്ട നിഴലുകൾ ഉള്ള കറുത്ത മെഴുകുതിരികൾ, 3. ചെറിയ ശരീരങ്ങളും നിഴലുകളും ഉള്ള കറുത്ത മെഴുകുതിരികൾ. ഇവ ഓരോന്നും വ്യത്യസ്ത സൂചനകൾ നൽകുന്നു.
വലിയ ശരീരത്തിലെ കറുത്ത മെഴുകുതിരി ഓപ്പണിംഗിൽ നിന്ന് ക്ലോസിംഗിലേക്കുള്ള വലിയ വിലയിടിവിനെ സൂചിപ്പിക്കുന്നു. കറുത്ത നീളമുള്ള മെഴുകുതിരികൾ ശക്തമായ വിൽപ്പന സമ്മർദ്ദം കാണിക്കുന്നു. ഒരു നിശ്ചിത സമയത്ത് ഒരു സ്റ്റോക്കിന്റെയോ സൂചികയുടെയോ ഉയർന്ന ചാഞ്ചാട്ടത്തെ കാണിക്കുന്ന നീണ്ട നിഴലുകളുള്ള കറുത്ത മെഴുകുതിരികൾ, ഉടൻ തന്നെ ട്രെൻഡ് തിരിച്ചാകുമെന്ന് സൂചിപ്പിക്കുന്നു.
ചെറിയ ശരീരമുള്ള ഷോർട്ട്-ബോഡി മെഴുകുതിരികൾ ഒരു സ്റ്റോക്കിലെ സമാഹരണഘട്ടത്തെ സൂചിപ്പിക്കാം. രണ്ടോ അതിലധികമോ സംയോജിത മെഴുകുതിരി പാറ്റേൺ വിശകലനം ചെയ്യുമ്പോൾ മുകളിൽ സൂചിപ്പിച്ച ഒറ്റ കറുത്ത മെഴുകുതിരികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. അത് പിന്നീട് വിശദീകരിക്കാം. അടുത്ത ദിവസം ചർച്ച ചുറ്റിക മെഴുകുതിരികളെ (Hammer candlesticks) അടിസ്ഥാനമാക്കിയാണ്.