ഓഹരി വിപണി: സാങ്കേതിക വിശകലനം

ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയസമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം;

Update:2022-10-17 09:00 IST
ഒക്ടോബർ 14ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

നിഫ്റ്റി സാങ്കേതിക വീക്ഷണം

ഹ്രസ്വകാല പ്രവണത: സമാഹരണം

നിഫ്റ്റി171.35 പോയിന്റ് (1.01%) ഉയർന്ന് 17,185.70-ൽ ക്ലോസ് ചെയ്തു. സൂചിക നല്ല ഉയർച്ചയോടെ 17,322.30-ൽ ഓപ്പൺ ചെയ്തു. 17,348.60 എന്ന ഉയർന്ന നിലവാരത്തിൽ എത്തി. ഉച്ചകഴിഞ്ഞ് സൂചിക ഇടിഞ്ഞ് 17169.80 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി, ഒടുവിൽ 17185.70 ൽ ക്ലോസ് ചെയ്തു.

ധനകാര്യ, ബാങ്കിംഗ്, ഐടി, ഫാർമ മേഖലകൾ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ റിയൽ എസ്റ്റേറ്റ്, മീഡിയ, ഓട്ടോ, മെറ്റൽ മേഖലകൾ കൂടുതൽ നഷ്ടം നേരിട്ടു. വിശാല വിപണി നെഗറ്റീവ് ആയിരുന്നു, 975 ഓഹരികൾ ഉയർന്നു, 1147 ഇടിഞ്ഞു, 183 മാറ്റമില്ലാതെ തുടർന്നു.

മൊമെന്റം സൂചകങ്ങൾ ദുർബല പ്രവണതയെ സൂചിപ്പിക്കുന്നു. എങ്കിലും, സൂചിക അഞ്ച്, പതിനഞ്ച് ദിവസത്തെ മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. ഡെയ്‌ലി ചാർട്ടിൽ മുൻ ക്ലോസിനു മുകളിൽ സൂചിക ക്ലോസ് ചെയ്‌തെങ്കിലും കറുത്ത മെഴുകുതിരി രൂപപ്പെട്ടു. ഈ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള സമാഹരണത്തിന് സാധ്യതയുണ്ട്. ഉയരുമ്പാേൾ സൂചികയ്ക്ക് 17350-ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളിൽ സൂചിക ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറാം. 16950 എന്ന ഏറ്റവും താഴ്ന്ന നില നിഫ്റ്റിക്ക് പിന്തുണയായി പ്രവർത്തിക്കുന്നു. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്യുകയും നിലനിൽക്കുകയും ചെയ്താൽ ഡൗൺട്രെൻഡ് പുനരാരംഭിക്കാം.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

17 ,150-17,080-17,000

റെസിസ്റ്റൻസ് ലെവലുകൾ

17,200-17,275-17,350 (15 മിനിറ്റ് ചാർട്ടുകൾ)



യൂറോപ്യൻ വിപണി നേട്ടത്തോടെ അവസാനിച്ചു. യുഎസ് വിപണിയിൽ ഡൗ ജോൺസ് 403 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികൾ സമ്മിശ്ര പ്രവണതയാണ് കാണിക്കുന്നത്. രാവിലെ വ്യാപാരത്തിൽ എസ്‌ജിഎക്‌സ് നിഫ്റ്റി 17070-ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി ഇന്ന് താഴ്‌ചയോടെ വ്യാപാരം തുടങ്ങാം.

വിദേശ നിക്ഷേപകർ അറ്റ ​​വിൽപ്പനക്കാരായിരുന്നു (-1011.23 കോടി), സ്വദേശി സ്ഥാപനങ്ങൾ 1624.13 കോടിയുടെ ഓഹരികൾ വാങ്ങി.

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത:

സമാഹരണം

കഴിഞ്ഞ ദിവസം ബാങ്ക് നിഫ്റ്റി 681.60 പോയിന്റ് ഉയർന്ന് 39305.60 ലാണ് ക്ലോസ് ചെയ്തത്. പ്രതിദിന ചാർട്ടിൽ, മൊമെന്റം സൂചകങ്ങൾ ദുർബല പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിൽ ക്ലോസ് ചെയ്തു. സൂചിക കറുത്ത മെഴുകുതിരി രൂപപ്പെടുത്തിയെങ്കിലും മുമ്പത്തെ ക്ലോസിംഗിനേക്കാൾ ഗണ്യമായി ഉയർന്നു ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആക്കം കാളകൾക്ക് അനുകൂലമായി മാറുന്നു എന്നാണ്. പോസിറ്റീവ് ട്രെൻഡിന്റെ തുടർച്ചയ്ക്ക്, സൂചിക 39300-ന് മുകളിൽ ട്രേഡ് ചെയ്തു ക്ലോസ് ചെയ്യേണ്ടതുണ്ട്. ഈ ലെവലിന് താഴെ, സമീപകാല സമാഹരണം ട്രേഡിംഗ് ബാൻഡായ 38,430 -39,300-ൽ കുറച്ച് ദിവസത്തേക്ക് കൂടി തുടരാം.

പിന്തുണ - പ്രതിരോധ നിലകൾ



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

39,200-39,000-38,800

റെസിസ്റ്റൻസ് ലെവലുകൾ

39400-39600-39800 (15 മിനിറ്റ് ചാർട്ടുകൾ)

സാങ്കേതിക വിശകലന പദാവലി


മെഴുകുതിരി വിശകലനം 7

(Candlestick Analysis 7)

ഡോജി മെഴുകുതിരി

(Common Doji candlestick Pattern)

ഓഹരി വ്യാപാരം തുടങ്ങുന്നതും ക്ലോസ് ചെയ്യുന്നതും ഒരേ വിലയിലാകുകയും മുകളിലുംതാഴെയും നിഴലുകള്‍ രൂപപ്പെടുകയും ചെയ്യുമ്പോള്‍ ഡോജി മെഴുകുതിരി രൂപപ്പെടുന്നു. മെഴുകുതിരി വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും അനിശ്ചിതാവസ്ഥയെ സൂചിപ്പിക്കുന്നു. ഡോജിയാകട്ടെ ലഭ്യതയും ആവശ്യവും സന്തുലിതാവസ്ഥയിലാണെന്നു കാണിക്കുന്നു. ഡോജിയില്‍ ഓഹരിയുടെ ഓപ്പണിംഗ് വില ക്ലോസിംഗ് വിലയ്ക്ക് തുല്യമാണ്. മാര്‍ക്കറ്റ് വ്യക്തമായ ദിശ കാണിക്കുന്നില്ലെങ്കില്‍ ഡോജിക്ക് പ്രാധാന്യമില്ല. കാരണം അത്തരം വിപണികള്‍ സ്വാഭാവികമായും അനിശ്ചിതത്വത്തിലാണ്.

അപ് ട്രെന്‍ഡിലോ ഡൗണ്‍ ട്രെന്‍ഡിലോ ഡോജി രൂപപ്പെടുന്നതിനു പ്രാധാന്യമുണ്ട്. അപ്ട്രെന്‍ഡില്‍ രൂപപ്പെടുന്നത് വാങ്ങുന്നവര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്നതിന്റെ സൂചനയും ഡൗണ്‍ട്രെന്‍ഡില്‍ വരുന്നത് വില്‍പ്പനക്കാര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു എന്നതിന്റെ സൂചനയുമാണ്. മൂന്ന് തരം ഡോജി മെഴുകുതിരികള്‍ കൂടി ഉണ്ട്. അത് വരും ദിവസങ്ങളില്‍ വിശദീകരിക്കാം.

Tags:    

Similar News