പണനയം രസിപ്പിച്ചില്ല. 15,000 കണ്ട് നിഫ്റ്റി മടങ്ങി

വളർച്ച പ്രതീക്ഷ ഉയർത്താത്തത് നിരാശയായി

Update: 2021-02-05 06:23 GMT

റിസർവ് ബാങ്കിൻ്റെ പണനയം വിപണിയെ സന്തോഷിപ്പിച്ചില്ല. ദു:ഖിപ്പിച്ചുമില്ല.എന്നാൽ സർക്കാർ കടപ്പത്രമിറക്കി വാങ്ങുന്ന തുക വിപണി പ്രതീക്ഷിച്ചതിലും കൂടുതലായി. ബാങ്ക് ഓഹരികളും സൂചികകളും ആദ്യത്തെ നിലയിൽ നിന്നു താഴെപ്പോകാൻ അതു കാരണമായി.

നിഫ്റ്റി 15000-നു മുകളിലും സെൻസെക്സ് 51,000-നു മുകളിലും എത്തിയിട്ട് താഴ്ന്ന നിലയിലേക്കു മാറിയ ശേഷമാണു പണ നയപ്രഖ്യാപനമുണ്ടായത്. നിഫ്റ്റി ബാങ്ക് സൂചിക 1200 പോയിൻ്റ് വരെ തുടക്കത്തിൽ കയറിയിരുന്നു.
പണനയപ്രഖ്യാപനത്തിനിടയിൽ സൂചികകൾ 300 പോയിൻ്റിലേറെ ചാഞ്ചാടി. പ്രഖ്യാപനത്തിനു മുമ്പ് എത്തിയ ഉയരങ്ങളിലേക്കു പിന്നെ എത്തിയതുമില്ല.
പലിശ നിരക്കിൽ മാറ്റമില്ല എന്നത് എല്ലാവരും പ്രതീക്ഷിച്ചതു തന്നെ. നിരക്കുകൾ ഇക്കൊല്ലം മുഴുവൻ താഴ്ന്നു നിൽക്കും എന്ന ഗവർണറുടെ പ്രഖ്യാപനവും പ്രതീക്ഷിച്ചതു തന്നെ.
വളർച്ച പ്രതീക്ഷ ഉയർത്തിയില്ല എന്നത് അൽപം നിരാശ നൽകി. ഇക്കൊല്ലത്തെ ജിഡിപി 7.5 ശതമാനം കുറയുമെന്നാണു റിസർവ് ബാങ്ക് നേരത്തേ പറഞ്ഞത്. അതു മാറ്റിയില്ല. എൻഎസ്ഒ 7.7 ശതമാനം താഴ്ച പറഞ്ഞതിനെ ദാസ് പരോക്ഷമായി അംഗീകരിച്ചു.
അടുത്ത വർഷം 11 ശതമാനം വളർച്ച സാമ്പത്തിക സർവേ പ്രതീക്ഷിച്ചെങ്കിലും റിസർവ് ബാങ്ക് 10.5 ശതമാനമേ പ്രതീക്ഷിക്കുന്നുള്ളു. ഇതും നിരാശാജനകമാണ്. അടുത്ത ഏപ്രിൽ-ജൂണിൽ ജിഡിപി 26 ശതമാനം കയറും. രണ്ടാം പാദത്തിൽ 8.3 ശതമാനവും മൂന്നാം പാദത്തിൽ ആറു ശതമാനവുമായി വളർച്ച കുറയും.
ചില്ലറ വിലക്കയറ്റം കുറയും എന്നാണു ബാങ്ക് കരുതുന്നത്. പക്ഷേ അഞ്ചു ശതമാനത്തിൽ കുറവാകുമെന്നു പറയുന്നില്ല.
ബാങ്കുകളുടെ കരുതൽ പണ അനുപാതം (CRR - Cash Reserve Ratio) മൂന്നു ശതമാനമായി കഴിഞ്ഞ വർഷം താഴ്ത്തിയിരുന്നു. വായ്പാലഭ്യത കൂട്ടാനായിരുന്നു അത്. ഈ അനുപാതം രണ്ടു ഘട്ടമായി നാലു ശതമാനത്തിലേക്കു തിരിച്ചു കയറ്റും. വായ്പാ ഡിമാൻഡ് കുറവായതിനാൽ അതു ബാങ്കുകൾക്കു പ്രശ്നമാകില്ല.
സർക്കാർ കടപ്പത്രങ്ങളുടെ വിപണിയിൽ നേരിട്ട് കടക്കാൻ വ്യക്തികൾക്ക് നൽകിയ അനുമതി വിപ്ളവകരമാണ്. ഏഷ്യൻ രാജ്യങ്ങളൊന്നും വ്യക്തികളെ സർക്കാർ കടപ്പത്ര വിപണിയിൽ അനുവദിച്ചിട്ടില്ല. കടപ്പത്ര വിപണി ഇതുവഴി കൂടുതൽ ആഴവും പരപ്പും നേടും.
കേരളത്തിൽ സ്വർണം പവന് 480 രൂപ താണ് 35000 രൂപയായി. ബജറ്റിനു ശേഷം 1800 രൂപ കുറഞ്ഞു


Tags:    

Similar News