സൂചികകൾ കയറ്റത്തിൽ

സ്മോൾ , മിഡ് കാപ് ഓഹരികളും നേട്ടത്തിൽ

Update: 2021-03-12 06:08 GMT

ഏഷ്യൻ സൂചികകളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികൾ ഇന്നു നല്ല ഉണർവോടെ വ്യാപാരം തുടങ്ങി. ഉയർന്ന നിലവാരത്തിൽ വ്യാപാരം തുടരുകയും ചെയ്യുന്നു.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഇന്നു നല്ല നേട്ടം ഉണ്ടാക്കുന്നുണ്ട്. വെൽസ്പൺഇന്ത്യ, ജൂബിലൻ്റ് ഫാർമ, അപ്പോളോ ടയേഴ്സ്, മഹാനഗർ ഗ്യാസ്, ഒബറോയ് റിയൽറ്റി തുടങ്ങിയവയിൽ വലിയ വാങ്ങൽ താൽപ്പര്യം കണ്ടു. ബാങ്കുകൾ ഇന്നു ചെറിയ ഉയർച്ചയേ കാണിച്ചുള്ളൂ.
കിട്ടാക്കട പ്രശ്നത്തെ തുടർന്നു നാലു വർഷമായി റിസർവ് ബാങ്കിൻ്റെ പ്രോംപ്റ്റ് കറക്റ്റീവ് ആക്‌ഷനിലായിരുന്ന ഐഡിബിഐ ബാങ്കിനെ അതിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് ഓഹരി വില പതിമ്മൂന്നു ശതമാനത്തോളം കയറി. എൽഐസിക്ക് 50 ശതമാനം ഓഹരിയുള്ള ബാങ്കിന് ഇനി ബിസിനസ് വികസിപ്പിക്കാം.
ഡോളർ ഇന്ന് ദുർബലമായി. 24 പൈസ താണ് 72.67 രൂപയിലാണ് വ്യാപാരം തുടങ്ങിയത്.
രാജ്യാന്തര വിപണിയിൽ സ്വർണ വില വീണ്ടും താണിട്ടു കയറി. ഔൺസിന് 1718 ഡോളർ വരെ താണ ശേഷം 1721 ലേക്കു കയറി. കേരളത്തിൽ പവന് 240 രൂപ താണ് 33,480 രൂപ ആയി.
ക്രൂഡ് ഓയിൽ വില ഉയർന്ന നിലവാരത്തിൽ തുടരുന്നു. 69.53 ഡോളറാണ് ബ്രെൻ്റ് ഇനം ക്രൂഡിൻ്റെ വില.
10 വർഷ ഗവണ്മെൻ്റ് കടപ്പത്രങ്ങളുടെ വില താഴ്ന്ന നിലവാരത്തിൽ തുടരുന്നു. 6.247 ശതമാനം നിക്ഷേപനേട്ടം ഉണ്ടാകുന്ന നിലയിലാണു വില.


Tags:    

Similar News