മാറ്റമില്ലാതെ പണനയം; റീപോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും വിപണി ചെറിയ താഴ്ചയില്‍

ജി.ഡി.പി വളര്‍ച്ച 7.2 ശതമാനം , വിലക്കയറ്റം 4.5 ശതമാനത്തില്‍ തുടരും

Update:2024-08-08 10:59 IST

image credit : website.rbi.org. in

നിരക്കുകളിലും സമീപനത്തിലും മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. വളര്‍ച്ച, വിലക്കയറ്റം എന്നിവ സംബന്ധിച്ച അനുമാനങ്ങളിലും മാറ്റമില്ല.
വിപണിയിലും വലിയ ചലനം ഇല്ല. നയ പ്രഖ്യാപനത്തിനിടെ താഴ്ന്ന സൂചികകള്‍ പിന്നീടു മുന്‍നിലയിലേക്കു കയറി. പ്രഖ്യാപനത്തിനു മുന്‍പ് സൂചികകള്‍ അല്‍പം താണിരുന്നു.
രണ്ടിനെതിരേ നാല് വോട്ടിനാണ് റിസര്‍വ് ബാങ്കിന്റെ പണനയ കമ്മിറ്റി തീരുമാനങ്ങള്‍ എടുത്തത്.
റീപോ നിരക്ക് 6.5 ശതമാനത്തില്‍ തുടരും. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന ഏകദിന വായ്പയുടെ പലിശയാണിത്. മറ്റു നിരക്കുകളിലും മാറ്റമില്ല.
ഈ ധനകാര്യ വര്‍ഷം ജി.ഡി.പി വളര്‍ച്ച 7.2 ശതമാനം എന്ന നിഗമനം മാറ്റിയില്ല. ഒന്നാം പാദ വളര്‍ച്ച 7.3 ശതമാനം എന്നത് 7.1% ആക്കി. രണ്ടാം പാദത്തില്‍ 7.2 ശതമാനവും മൂന്നില്‍ 7.3 ശതമാനവും നാലില്‍ 7.2 ശതമാനവും വളര്‍ച്ച എന്നാണു നിഗമനം.
വിലക്കയറ്റം 4.5 ശതമാനത്തില്‍ തുടരും. രണ്ടും മൂന്നും പാദങ്ങളിലെ വിലക്കയറ്റ പ്രതീക്ഷ ഉയര്‍ത്തി. നാലാം പാദത്തിലേതു താഴ്ത്തി.

അനധികൃത വായ്പാ ആപ്പുകള്‍ നിയന്ത്രിക്കാന്‍ പബ്ലിക് റിപ്പോസിറ്ററി ആരംഭിക്കും.

രാവിലെ നിഫ്റ്റി 24,248 ല്‍ വ്യാപാരം ആരംഭിച്ചിട്ട് 24,198.40 വരെ താണു. പിന്നീട് 24,260 വരെ കയറി. 79,420 ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 79,142 വരെ താഴ്ന്നിട്ടു കയറി. ഗവര്‍ണര്‍ പ്രഖ്യാപനം ആരംഭിക്കുമ്പോള്‍ നിഫ്റ്റി 24,200 നും സെന്‍സെക്‌സ് 79,200 നും അടുത്തായിരുന്നു.
മികച്ച റിസല്‍ട്ടിന്റെ ബലത്തില്‍ ഐടിഡി സിമന്റേഷന്‍ എട്ടു ശതമാനത്തോളം നേട്ടത്തിലായി.
ലാഭവും ലാഭ മാര്‍ജിനും ഗണ്യമായി കുറഞ്ഞ ഗോകല്‍ദാസ് എക്‌സ്‌പോര്‍ട്‌സ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ഇന്നലെയും ഇടിവിലായിരുന്നു. വസ്ത്ര കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തുള്ള ഗോകല്‍ദാസിനു ബംഗ്ലാദേശിലും യൂണിറ്റ് ഉണ്ട്.
ബ്രോക്കറേജുകള്‍ റേറ്റിംഗും ലക്ഷ്യവിലയും ഉയര്‍ത്തിയത് ബിഎസ്ഇ ലിമിറ്റഡ് ഓഹരിയെ ഒന്‍പതു ശതമാനം ഉയര്‍ത്തി. 2,800 രൂപയാണു പുതിയ ലക്ഷ്യവില.
സുസ്ലോണ്‍ എനര്‍ജി ഇന്നും അഞ്ചു ശതമാനം കയറി. ഒരു വര്‍ഷം കൊണ്ട് ഓഹരി 292 ശതമാനം ഉയര്‍ന്നു.
രൂപ ഇന്നു തുടക്കത്തില്‍ നേട്ടം ഉണ്ടാക്കി. ഡോളര്‍ രണ്ടു പൈസ താഴ്ന്ന് 83.94 രൂപയില്‍ വ്യാപാരം ആരംഭിച്ചു.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2395 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് വില മാറ്റമില്ലാതെ 50,920 രൂപയില്‍ തുടരുന്നു.
ക്രൂഡ് ഓയില്‍ കയറുകയാണ്. ബ്രെന്റ് ഇനം 78.64 ഡോളറില്‍ എത്തി.
Tags:    

Similar News