ഓഹരി വിപണി കരകയറുന്നു; കോ-ബ്രാന്‍ഡഡ് കാര്‍ഡില്‍ തട്ടിവീണ് ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും

മിഡ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ക്കു നേട്ടം, തിരിച്ചു കയറി അദാനി ഓഹരികള്‍

Update:2024-03-14 10:34 IST

Image by Canva

രാവിലെ നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയ സൂചികകള്‍ കുറേ സമയത്തിനു ശേഷം നേട്ടത്തിലായി. പിന്നീട് ചാഞ്ചാട്ടത്തിലായി.

ബുധനാഴ്ച വലിയ തകര്‍ച്ചയിലായ മിഡ്, സ്‌മോള്‍, മൈക്രോ ക്യാപ് ഓഹരികള്‍ ഇന്നു കയറ്റത്തിലാണ്. പൊതുമേഖലാ ഓഹരികളും ഉയര്‍ന്നു നീങ്ങി. ബാങ്ക്, ധനകാര്യ, റിയല്‍റ്റി, ഐ.ടി മേഖലകള്‍ ഇന്നും താഴ്ചയിലാണ്.
മഹാനഗര്‍ ഗ്യാസ് എഫ് ആന്‍ഡ് ഒ വിലക്കില്‍ നിന്നു മാറിയതിനെ തുടര്‍ന്ന് അഞ്ചു ശതമാനം കയറി.
റെയില്‍വേയുമായി ബന്ധപ്പെട്ട സ്വകാര്യ- പൊതുമേഖലാ കമ്പനികള്‍ ഇന്ന് ആറു മുതല്‍ പത്തു ശതമാനം വരെ ഉയര്‍ന്നു.
34 അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ക്കു പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കരാര്‍ ലഭിച്ചതിനെ തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ഓഹരി നാലു ശതമാനം ഉയര്‍ന്നു.
കേരള ബാങ്കുകൾക്ക് ക്ഷീണം 
ഫെഡറല്‍ ബാങ്ക് ഓഹരി രാവിലെ അഞ്ചും സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി മൂന്നും ശതമാനം താഴ്ന്നു. ഈ ബാങ്കുകള്‍ കോ ബ്രാന്‍ഡഡ് കാര്‍ഡുകള്‍ ഇറക്കുന്നതിനു റിസര്‍വ് ബാങ്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ധനലക്ഷ്മി ബാങ്ക് ഓഹരി അഞ്ചു ശതമാനം താണു. സി.എസ്.ബി. ബാങ്ക് ഒരു ശതമാനത്തോളം നേട്ടത്തിലാണ്.

ഇന്നലെ വലിയ താഴ്ചയിലായിരുന്ന അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്നു നാലുമുതല്‍ എട്ടുവരെ ശതമാനം നേട്ടത്തിലായി.

രൂപ ഇന്നു രണ്ടു പൈസ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ഡോളര്‍ 82.84 രൂപയില്‍ ഓപ്പണ്‍ ചെയ്ത ശേഷം 82.82 രൂപയായി. പിന്നീട് 82.87 രൂപയിലേക്കു കയറി.
സ്വര്‍ണം ലോകവിപണിയില്‍ 2172 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 200 രൂപ കൂടി 48,480 രൂപയായി.
ക്രൂഡ് ഓയില്‍ വില കൂടുകയാണ്. ബ്രെന്റ് ഇനം 84.23 ഡോളറില്‍ എത്തി.
Tags:    

Similar News