ചൈനീസ് ഉത്തേജക കരുത്തില്‍ മെറ്റല്‍ ഓഹരികള്‍, കിറ്റെക്‌സിന് കയറ്റം, ഐ.ടി, വാഹന, ഫാര്‍മ ഓഹരികളും ഉയരുന്നു
ലാഭമെടുക്കലുകാരുടെ വില്‍പനയെ തുടര്‍ന്നു ഫെഡറല്‍ ബാങ്ക് ഓഹരി അര ശതമാനത്തിലധികം താഴ്ന്നു
ഓഹരി വിപണി അനിശ്ചിതത്വത്തില്‍ തുടരുന്നു. സൂചികകള്‍ താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം ഉയര്‍ന്നു. വീണ്ടും താഴ്ന്നിട്ട് ഇന്നലത്തെ ക്ലോസിംഗ് നിരക്കിനടുത്ത് ചാഞ്ചാട്ടമായി.
ചൈന ഉത്തേജക പദ്ധതി വിപുലീകരിക്കും എന്ന സൂചന മെറ്റല്‍ ഓഹരികളെ ഉയര്‍ത്തി. ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, സെയില്‍, ഹിന്ദുസ്ഥാന്‍ സിങ്ക് തുടങ്ങിയവ ഗണ്യമായി കയറി. വാഹന, ഫാര്‍മ, ഐടി ഓഹരികളും കയറ്റത്തിലാണ്.
ലാഭമെടുക്കലുകാരുടെ വില്‍പനയെ തുടര്‍ന്നു ഫെഡറല്‍ ബാങ്ക് ഓഹരി അര ശതമാനത്തിലധികം താഴ്ന്നു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരി ഇന്നും കയറി. രാവിലെ തന്നെ 667 രൂപയിലേക്ക് ഓഹരിവില എത്തി.
ബാറ്റാ ഓഹരിയുടെ ലക്ഷ്യവില 1,050 രൂപയിലേക്കു താഴ്ത്തിയ സിറ്റി ഓഹരിക്കു വില്‍പന ശിപാര്‍ശ ചെയ്തു. ലാഭവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തിയ പി.ആന്‍ഡ്.ജി ഹെല്‍ത്ത് ഓഹരി എട്ടു ശതമാനത്തോളം ഉയര്‍ന്നു. വരുമാനം കുറയുകയും ലാഭത്തിനു പകരം നഷ്ടമാവുകയും ചെയ്ത ധാംപുര്‍ ബയോ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
രണ്ടാം പകുതിയില്‍ വിറ്റുവരവ് 10 ശതമാനത്തിലേറെ ഉയരുകയും ലാഭ മാര്‍ജിന്‍ മെച്ചപ്പെടുകയും ചെയ്യും എന്ന വിശ്വാസം പ്രകടമാക്കിയ മദ്യ കമ്പനി തിലക് നഗര്‍ ഇന്‍ഡസ്ട്രീസ് ഓഹരി 10 ശതമാനം ഉയര്‍ന്നു. രണ്ടാം പാദത്തില്‍ കമ്പനിയുടെ റിസല്‍ട്ട് വളരെ മികച്ചതായിരുന്നു.
ലാഭമാര്‍ജിന്‍ കുത്തനേ കുറഞ്ഞ ജെ.കെ പേപ്പര്‍ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു വിലമാറ്റം ഇല്ലാതെ വ്യാപാരം തുടങ്ങി. ഡോളര്‍ 84.12 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 2,732 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 58,840 രൂപയായി.
ക്രൂഡ് ഓയില്‍ വില സാവധാനം കയറുകയാണ്. ബ്രെന്റ് ഇനം 75.24 ഡോളറിലേക്ക് ഉയര്‍ന്നു.