യുഎസ് വടംവലി വിപണികളെ ഉലയ്ക്കുന്നു; അദാനി ഗ്രൂപ്പിൽ നിക്ഷേപമുയർത്തി രാജീവ് ജയിൻ
ഏഷ്യൻ വിപണികൾ താഴ്ചയിൽ; അദാനിയിൽ വീണ്ടും വലിയ നിക്ഷേപം; ഗ്രൂപ്പിന്റെ വിപണിമൂല്യം മൂന്നു ദിവസം കൊണ്ടു വർധിച്ചു.
യുഎസ് സർക്കാരിന്റെ കടമെടുപ്പു പരിധി കൂട്ടുന്നതിനുള്ള ചർച്ചയിൽ പുരോഗതി ഉണ്ടായില്ല. പാശ്ചാത്യ വിപണികൾ ഉലഞ്ഞു. ഇന്നു രാവിലെ ഏഷ്യൻ വിപണികളും താഴ്ചയിലായി. ഇന്ത്യൻ വിപണിയും താഴ്ന്ന തുടക്കമാണു പ്രതീക്ഷിക്കുന്നത്. കറൻസി, കടപ്പത്ര, ഉൽപന്ന വിപണികളിലും യുഎസ് വിഷയത്തിന്റെ ആഘാതമുണ്ട്.
സിംഗപ്പുരിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ എസ്ജിഎക്സ് നിഫ്റ്റി ചൊവ്വ രാത്രി ഒന്നാം സെഷനിൽ 18,361.5ൽ ക്ലോസ് ചെയ്തു. രണ്ടാം സെഷനിൽ 18,280 ലേക്കു വീണു. ഇന്നു രാവിലെ 18,309 വരെ കയറിയിട്ട് 18,290 ലേക്കു താണു. ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങുമെന്നാണു ഡെറിവേറ്റീവ് വിപണി നൽകുന്ന സൂചന.
യൂറോപ്യൻ വിപണികൾ ഇന്നലെ താഴ്ചയിലായി. യുഎസ് കടപരിധി ചർച്ചയിലെ അനിശ്ചിതത്വമാണു കാരണം. ഇതേ കാരണത്താൽ യുഎസിൽ ഡൗ ജോൺസ് ഇന്നലെ 231.07 പോയിന്റ് താഴ്ന്നു. എസ് ആൻഡ് പി 47.05 പോയിന്റും നാസ്ഡാക് 160.53 പോയിന്റും ഇടിഞ്ഞു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു നേരിയ കയറ്റത്തിലാണ്. മുഖ്യ സൂചികകൾ 0.1 മുതൽ 0.2 വരെ ശതമാനം ഉയർന്നു. ഏഷ്യൻ - ഓസ്ട്രേലിയൻ സൂചികകൾ ഇന്നു താഴ്ചയിലാണ്. യുഎസ് കടപരിധി ചർച്ചയിൽ പുരാേഗതി ഇല്ലാത്തതാണു കാരണം.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ഇന്നലെ ചാഞ്ചാട്ടത്തിലായിരുന്നു. ഉണർവോടെ വ്യാപാരം തുടങ്ങി അര ശതമാനം ഉയർന്നു നിന്ന വിപണി അവസാന അരമണിക്കൂറിൽ കുത്തനെ താഴ്ന്നു. നഷ്ടത്തിലേക്കു വീണ ശേഷം ക്ലോസിംഗ് വേളയിൽ പോസിറ്റീവ് ആയി. യുഎസ് ഫ്യൂച്ചേഴ്സും യൂറോപ്യൻ വിപണി ഇടിഞ്ഞതും താഴ്ചയ്ക്കു പ്രേരണയായി.
സെൻസെക്സ് 18.11 പോയിന്റ് (0.03%) കയറി 61,981.79 ലും നിഫ്റ്റി 33.6 പോയിന്റ് (0.18%) ഉയർന്ന് 18,348 ലും ക്ലോസ് ചെയ്തു. മിഡ് ക്യാപ് സൂചിക 0.63 ശതമാനം ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക 0.02 ശതമാനം കയറി. ബാങ്ക് - ധനകാര്യ ഓഹരികൾ ചാഞ്ചാടി. മെറ്റൽ സൂചിക 2.59 ശതമാനം കയറി. ഐടി സൂചിക 0.46 ശതമാനം താഴ്ന്നു.
ഇന്നലെയും നിഫ്റ്റി 18,400 - 18,450 മേഖലയിൽ സമ്മർദത്തിലായി. ഈ സമ്മർദം മറികടന്നാലേ ഹ്രസ്വകാല മുന്നേറ്റം തുടരാനാകൂ എന്നു വിദഗ്ധർ പറയുന്നു. നിഫ്റ്റിക്കു 18,325 ലും 18,265. ലും സപ്പോർട്ട് ഉണ്ട്. 18,400 ലും 18,465 ലും തടസങ്ങൾ നേരിടാം.
വിദേശനിക്ഷേപകർ ഇന്നലെ 182.51 കോടി രൂപയുടെയും സ്വദേശി ഫണ്ടുകൾ 397.29 കോടിയുടെയും ഓഹരികൾ വാങ്ങി. ക്രൂഡ് ഓയിൽ വീണ്ടും കയറ്റത്തിലാണ്. ബ്രെന്റ് ഇനം ക്രൂഡ് ഇന്നലെ 77.80 ഡോളറിൽ ക്ലോസ് ചെയ്തു. ഡബ്ള്യുടിഐ ഇനം 73.88 ഡോളർ ആയി. ഇന്നു രാവിലെ ബ്രെന്റ് 76.15 ലേക്കും ഡബ്ള്യുടിഐ 71.99 ലേക്കും നീങ്ങി.
തിങ്കളാഴ്ച താഴ്ന്ന സ്വർണം ഇന്നലെ ഉയർന്നു. യുഎസ് കടപരിധി ചർച്ചകൾ ധാരണയിലെത്താത്ത സാഹചര്യത്തിലാണിത്. ഇന്നലെ 1954 ഡോളർ വരെ താഴ്ന്ന സ്വർണം തിരിച്ചു കയറി 1976.20 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1974-1976 ഡോളറിലാണു വ്യാപാരം.
കേരളത്തിൽ പവൻവില ഇന്നലെ 240 രൂപ കുറഞ്ഞ് 44,800 രൂപയിലെത്തി. വ്യാവസായിക ലോഹങ്ങൾ തളർച്ച തുടരുകയാണ്. ചെെനീസ് ഡിമാൻഡ് ഉയരുന്നില്ല. ചെെന പുതിയ ഉത്തേജനം പ്രഖ്യാപിക്കുമാേ എന്നാണു വിപണി ഇപ്പോൾ ഉറ്റു നോക്കുന്നത്. അലൂമിനിയം ടണ്ണിന് 1.69 ശതമാനം കുറഞ്ഞ് 2226.85 ഡോളറിലെത്തി. ചെമ്പ് 0.72 ശതമാനം ഇടിഞ്ഞു ടണ്ണിന് 8035.59 ഡോളർ ആയി. ടിൻ 3.38 ശതമാനം ഇടിഞ്ഞപ്പോൾ സിങ്ക് 2.91 ശതമാനവും നിക്കൽ 2.38 ശതമാനവും താഴ്ന്നു.
യുഎസ് കടപരിധി ചർച്ച നീളുന്നതു മൂലം ക്രിപ്റ്റോ കറൻസികൾ ദിശാബോധം ഇല്ലാതെ നിൽക്കുന്നു. ബിറ്റ്കോയിൻ 27,200 ഡോളറിലാണ്. ഡോളർ മൂന്നു പൈസ താഴ്ന്ന് 82.80 രൂപ ആയി. ഡോളർ സൂചിക അൽപം കയറി 103.49 ൽ എത്തി. ഇന്നു രാവിലെ 103.52 ലാണ്.
അദാനി ഓഹരികൾ കയറ്റം തുടരുന്നു
അദാനി ഗ്രൂപ്പ് ഓഹരികൾ കയറ്റം തുടരുകയാണ്. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി ഗ്രൂപ്പിനും സെബിക്കും ക്ലീൻ ചിറ്റ് നൽകിയതു മാത്രമല്ല വിപണിയെ ആവേശം കൊള്ളിച്ചത്. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഗ്രൂപ്പിന്റെ രക്ഷകനായി വന്നു വലിയ നിക്ഷേപം നടത്തിയ രാജീവ് ജയിൻ കൂടുതൽ ഓഹരികൾ വാങ്ങി നിക്ഷേപം വർധിപ്പിച്ചു.
10 ശതമാനം തുക കൂടി നിക്ഷേപിച്ചു എന്നാണു റിപ്പോർട്ട്. തന്റെ ആദ്യ നിക്ഷേപം 50 ശതമാനം വർധിച്ചെന്നു പറഞ്ഞ ജയിൻ അഞ്ചു വർഷത്തേക്ക് അദാനി ഗ്രൂപ്പിൽ തുടർ നിക്ഷേപങ്ങൾ നടത്തുമെന്നും അറിയിച്ചു. അദാനി എന്റർപ്രൈസസ്, ഗ്രീൻ, പോർട്സ്, ട്രാൻസ്മിഷൻ എന്നിവയിലാണ് ആദ്യഘട്ടത്തിൽ ജയിനിന്റെ ജിക്യുജി ഫണ്ട് നിക്ഷേപം നടത്തിയത്. ഇത്തവണ അദാനി വിൽമറിലും പണമിറക്കിയതായാണു സൂചന.
അദാനി എന്റർപ്രൈസസ് ഇന്നലെ 17 ശതമാനത്തോളം ഉയർന്നു. വിൽമർ, ട്രാൻസ്മിഷൻ, പവർ, ഗ്രീൻ എനർജി, ടോട്ടൽ ഗ്യാസ് തുടങ്ങിയവയും എൻഡിടിവിയും കുതിച്ചു.
അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം മൂന്നു ദിവസം കൊണ്ടു 2.6 ലക്ഷത്തിൽപരം കോടി രൂപ കണ്ടു വർധിച്ചു. ഇപ്പോൾ 10.8 ലക്ഷം കോടി രൂപയിലെത്തി വിപണിമൂല്യം. എങ്കിലും ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിനു മുമ്പുള്ളതിലും 8.4 ലക്ഷം കാേടി കുറവാണിത്.
യുഎസ് കടപരിധി: ഇരുപക്ഷവും ബലപരീക്ഷയിൽ
യുഎസ് കടപരിധി ചർച്ചയിൽ ഇന്നലെ കാര്യമായ പുരോഗതി ഉണ്ടായില്ല. ജൂൺ ഒന്നിനകം ധാരണ ഉണ്ടായില്ലെങ്കിൽ യുഎസ് സർക്കാരിനു പണദൗർലഭ്യം നേരിടുമെന്നു ഭരണപക്ഷം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും റിപ്പബ്ലിക്കന്മാർ അതിന് അത്ര പ്രാധാന്യം കൽപിക്കുന്നില്ല.
സർക്കാരിന്റെ പക്കൽ നിന്നു ചെലവു ചുരുക്കൽ വാഗ്ദാനം കിട്ടാതെ വായ്പാപരിധി കൂട്ടാൻ അനുവദിക്കില്ലെന്നാണു റിപ്പബ്ലിക്കൻ പക്ഷത്തെ നയിക്കുന്ന സ്പീക്കർ കെവിൻ മക്കാർത്തി പറയുന്നത്. ചെലവുകൾ 2022 ലെ നിലയിൽ തുടരാൻ സമ്മതമല്ലെന്നു പ്രസിഡന്റ് ജോ ബൈഡനും പറയുന്നു.
അമേരിക്ക കടം തിരിച്ചു നൽകൽ മുടക്കിയാൽ മാന്ദ്യവും ഓഹരി - കടപ്പത്ര വിപണി തകർച്ചയും ആഗാേള ധനകാര്യ കുഴപ്പവും ഉണ്ടാകുമെന്നു പ്രചരിപ്പിച്ച് റിപ്പബ്ലിക്കന്മാരെ സമ്മർദത്തിലാക്കാനാണു ബെെഡനും മറ്റും ശ്രമിക്കുന്നത്. വിപണി തകർച്ച ഒഴിവാക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ മേൽ നിക്ഷേപകരും നിക്ഷേപ ബാങ്കുകളും ശ്രമിക്കുമെന്നു ബെെഡൻ കണക്കുകൂട്ടുന്നു.
വിപണി സൂചനകൾ
(2023 മേയ് 23, ചൊവ്വ)
സെൻസെക്സ് 30 61,981.79 +0.03%
നിഫ്റ്റി 50 18,348.00 +0.18%
ബാങ്ക് നിഫ്റ്റി 43,954.40 +0.16%
മിഡ് ക്യാപ് 100 32,961.90 +0.63%
സ്മോൾക്യാപ് 100 9948.25 +0.02%
ഡൗ ജോൺസ്30 33,055.51 -0.69%
എസ് ആൻഡ് പി500 4145.58 -1.12%
നാസ്ഡാക് 12,560.25 -1.26%
ഡോളർ ($) ₹82.80 -03 പൈസ
ഡോളർ സൂചിക 103.49 +0.29
സ്വർണം(ഔൺസ്) $1976.50 +$05.70
സ്വർണം(പവൻ ) ₹44,800 -₹240.00
ക്രൂഡ് (ബ്രെന്റ്)ഓയിൽ $77.80 +$1.81